ആറുമാസംമുമ്പ് മോഷണം പോയ ബൈക്ക് പാതയോരത്തെ ഇഞ്ചക്കാട്ടില്‍
text_fieldsകുളത്തൂപ്പുഴ: മലയോര ഹൈവേയില്‍ മടത്തറ-കുളത്തൂപ്പുഴ പാതയോരത്ത് കൊച്ചുകലുങ്കിനു സമീപത്തെ താഴ്ചയിലുള്ള ഇഞ്ചക്കാട്ടില്നിന്ന് കണ്ടെടുത്ത ബൈക്ക് ആറുമാസം മുമ്പ് പാലോട് നിന്ന് മോഷ്ടാക്കള്‍ കടത്തികൊണ്ടു വന്നതാണെന്ന് തിരിച്ചറിഞ്ഞു.
പാതയോരത്ത് കുടിവെള്ള കച്ചവടം നടത്തുന്നയാള്‍ തന്റെ പൂച്ചയെ തേടുന്നതിനിടെയാണ് ഇരുപതടിയോളം താഴ്ചയില്‍ വള്ളിപ്പടര്പ്പിനിടയിലായി ഇരുചക്രവാഹനമെന്നു തോന്നിക്കുന്ന വസ്തു കണ്ടത്. തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ബൈക്കാണെന്നു ബോധ്യപ്പെട്ടതോടെ പൊലീസിനെ വിവരമറിയിച്ചു. എസ്.ഐ ജോയിയുടെ നേതൃത്വത്തില്‍ പാലോട് പൊലീസെത്തി ബൈക്ക് പുറത്തെത്തിക്കുകയായിരുന്നു. ആറു മാസം മുമ്പ് പാലോട് ഇടിഞ്ഞാര്‍ ഷമീം മന്‍സിലില്‍ ഷമീറിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് പാലോട് ടൗണില്‍നിന്നും പകല്‍സമയം മോഷണം പോയിരുന്നു. ഇതു സംബന്ധിച്ച് പൊലീസ് കേസെടുത്തിരുന്നു.
അതേ ദിവസം പ്രദേശത്തുനിന്ന് മോഷ്ടാക്കള്‍ കടത്തിയ നാലു ഇരുചക്രവാഹനങ്ങളില്‍ രണ്ടെണ്ണം പലയിടത്തായി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മറ്റുള്ളവയെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വഴിയോരക്കച്ചവടക്കാരനില്‍നിന്ന് ലഭിച്ച വിവരത്തില്‍ വാഹനം കണ്ടെത്താനായത്.
ജനവാസമുള്ള സ്ഥലത്ത് പാതയോരത്തെ ഇഞ്ചക്കാട്ടില്‍ ഇരുപതടിയോളം താഴ്ചയില്‍ വാഹനമെത്തിയത് സംബന്ധിച്ച് നാട്ടുകാര്‍ക്കിടയില്‍ സംശയം പടരുന്നുണ്ട്. പാലോടുനിന്ന് കടത്തിക്കൊണ്ടുവന്ന വാഹനം നിയന്ത്രണംവിട്ട് അപകടത്തില്‍ പെട്ടതാണെങ്കില്‍ പരിക്കേറ്റ ആളുണ്ടാവണമെന്നിരിക്കെ പ്രദേശത്ത് അത്തരം അപകടത്തില്‍പെട്ട ആരെയും കണ്ടതായി നാട്ടുകാര്‍ക്ക് ഓര്‍മയില്ല. ആരും ശ്രദ്ധിക്കാത്തിടത്ത് ഉപേക്ഷിച്ചു പോയതാണെങ്കില്‍ പാതയോരത്തെവിടെയും കളയാമെന്നിരിക്കെ ഇത്രയും താഴ്ചയിലേക്ക് വാഹനമെങ്ങനെയെത്തിയെന്നതും അധികം കേടുപാടുകളുണ്ടായിട്ടില്ലെന്നതും സംശയം വര്‍ധിപ്പിക്കുന്നു.
പൊലീസ് കൂടുതല്‍ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.