വനം വകുപ്പും കൈയൊഴിയുന്നു; സഞ്ജീവനി വനം ഔഷധത്തോട്ടം നാമാവശേഷം
text_fieldsകുളത്തൂപ്പുഴ: വര്‍ഷങ്ങളായി തുടർ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാതെ വനംവകുപ്പ് കൈയൊഴിഞ്ഞതോടെ ഏറെ കൊട്ടിഘോഷിച്ച കുളത്തൂപ്പുഴയിലെ സഞ്ജീവനി വനം ഔഷധത്തോട്ടം ഓർമയാവുന്നു.
സാമൂഹിക വനവത്കരണ വിഭാഗം കൊല്ലം ഡിവിഷന് പുനലൂര്‍ റെയിഞ്ചിനു കീഴിലായി കുളത്തൂപ്പുഴ ഇ.എസ്.എം കോളനിയില്‍ മരുതിമൂട് ഭാഗത്തെ വനത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സഞ്ജീവനി വനോദ്യാനമാണ് അധികൃതരുടെ നിസംഗതയെ തുര്‍ന്ന് നാമാവശേഷമാകുന്നത്. മൂന്നൂറിലധികം ഇനങ്ങളിലുള്ള ഔഷധ സസ്യങ്ങൾ പരിപാലിച്ചിരുന്ന കേന്ദ്രത്തില്‍ ഇപ്പോള്‍ മരുന്നിനു പോലുമൊന്നുമില്ലാത്ത അവസ്ഥയാണ്.
അപൂർവയിനം ഔഷധ സസ്യങ്ങളുടെ ഇടമായിരുന്ന ഇവിടുത്തെ സസ്യലതാതികളെ കുറിച്ച് പഠിക്കുന്നതിനും വിവര ശേഖരണത്തിനും ഒട്ടേറെ സ്വദേശികളും വിദേശികളുമായ വിദ്യാർഥികളും സഞ്ചാരികളും എത്തിയിരുന്നു. എട്ടര എക്കറോളം വരുന്ന സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന സ്ഥാപനത്തില്‍ ഔഷധ സസ്യങ്ങൾക്ക് മുമ്പ് ആവശ്യക്കാരേറെയായിരുന്നു. ആയിരകണക്കിന് തൈകളാണ് ഇവിടെ നിന്ന് വിപണനം നടത്തിയിരുന്നത്.
ഓരോ വര്‍ഷവും പരിസ്ഥിതി ദിനത്തില്‍ വിവിധ പഞ്ചായത്തുകളിലേക്ക് ആവശ്യമായ വൃക്ഷത്തൈകള്‍ ഇവിടെ ഉൽപാദിപ്പിച്ച് വിതരണം ചെയ്തിരുന്നു. ആയൂര്‍വേദ വിദ്യാര്‍ഥികളും മറ്റ് സഞ്ചാരികളും ഇവിടെ താമസിച്ച് പഠനം നടത്തുകയും വനം വകുപ്പിന്റെയും ആയൂര്‍വേദ വിദഗ്ധരുടെയും മറ്റും ശില്പശാലകളും തുടങ്ങി വിവിധ പരിപാടികളാല്‍ ഒരു കാലത്ത് വളരെ സജീവമായിരുന്നു.
സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് വനം വകുപ്പ് അനുവദിക്കാതെ വന്നതോടെയാണ് സഞ്ജീവനി കേന്ദ്രത്തിന്റെ നാശം തുടങ്ങിയത്. റെയിഞ്ച് ഓഫിസറും ഫോറസ്റ്റർ അടക്കം അഞ്ച് വനപാലകര്‍ ഉണ്ടായിരുന്ന സ്ഥാപനത്തില്‍ ഒരു താൽകാലിക വാച്ചർ മാത്രമാണ് ഇപ്പോള്‍ സ്ഥിരമായി ജോലിക്കെത്തുന്നത്.
പ്രവര്‍ത്തന ഫണ്ട് ഇല്ലാതായതോടെ ഔഷധ സസ്യങ്ങള്‍ നനക്കുന്നതിനും മറ്റുമായി നിർമിച്ച ജലസേചന കുളങ്ങളെല്ലാം നശിച്ചു. ജലവിതരണം മുടങ്ങിയതോടെ ജീവനക്കാര്‍ക്കുള്ള കുടിവെളളവും നിലച്ചു. കെട്ടിടങ്ങളിലും തോട്ടത്തിലും വൈദ്യുതി ഉണ്ടെങ്കിലും ലൈറ്റുകളുടെയും ഉപകരണങ്ങളുടെയും വയറിങ്ങിന്റെയും തകരാറുകള്‍ പരിഹരിക്കാന്‍ പണമില്ലാത്തതിനാല്‍ സന്ധ്യ മയങ്ങിയാല്‍ തോട്ടമൊന്നാകെ കൂരിരുട്ടിലാകും.
അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ കെട്ടിടങ്ങളും ക്വാര്‍ട്ടേഴ്സുകളും, സഞ്ചാരികള്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കുമായി ഒരുക്കിയ വിശ്രമകേന്ദ്രങ്ങളുമെല്ലാം തകര്‍ച്ചയിലായി. അപൂര്‍വ ഔഷധ സസ്യങ്ങളുടെ വിത്തുകള്‍ പാകി മുളപ്പിച്ച് സംരക്ഷിച്ചു വന്നിരുന്ന ഗ്രീന്പോളീ ഹൗസുകള്‍ തകര്‍ന്നടിഞ്ഞു.
സഞ്ചാരികളാരെങ്കിലും എത്തിയാല്‍ തന്നെ കാടു വളര്‍ന്ന് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായ സസ്യതോട്ടത്തിനുള്ളിലേക്ക് കടക്കാന്‍ പോലുമാവില്ല. കാടിറങ്ങിയെത്തുന്ന ആനകളും കാട്ടുപോത്തുകളും കാട്ടുപന്നിയും വാനരകൂട്ടവുമെല്ലാം കൂടി ഭൂരിഭാഗം ഔഷധ തൈകളും തിന്നു നശിപ്പിച്ചു. ഇപ്പോള്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കാടു തെളിക്കുന്ന ജോലി മാത്രമാണ് ആകെയുള്ള പ്രവര്‍ത്തനം.
ഔഷധ തോട്ടം നാമാവശേഷമാക്കിയതിനു പിന്നില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തനങ്ങളാണെന്നും സര്‍ക്കാര്‍ ഇടപെട്ട് വനോദ്യാനം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികളുണ്ടാവണമെന്ന ആവശ്യം ഉന്നയിച്ച് നാട്ടുകാരും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.