വനം മ്യൂസിയം കെട്ടിടത്തിൽ ഒതുങ്ങി
text_fieldsകുളത്തൂപ്പുഴ: 2018 ഒക്ടോബറിലായിരുന്നു തറക്കല്ലിട്ട ആധുനിക വനം മ്യൂസിയം കെട്ടിടങ്ങളില്‍ ഒതുങ്ങി. നിർമാണം അവസാനഘട്ടത്തിലാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലാവധി അവസാനിക്കുന്ന സമയം ഉദ്ഘാടനം ചെയ്തെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങളില്ല. പണിത കെട്ടിടങ്ങള്‍ തെരുവുനായ്ക്കളുടെ സങ്കേതമായി മാറി.
കുളത്തൂപ്പുഴ വനം റേഞ്ച് ഓഫിസിനോട് ചേര്‍ന്ന് അന്തര്‍സംസ്ഥാന പാതയരികിലെ കല്ലടയാറിന്‍റെ തീരത്തുള്ള 3.30 ഏക്കര്‍ സ്ഥലത്ത് അന്തര്‍ദേശീയ നിലവാരത്തിലുള്ള വനം മ്യൂസിയമായിരുന്നു ലക്ഷ്യം. 9.85 കോടി രൂപയായിരുന്നു ചെലവ്. ഭൂപ്രകൃതിക്ക് കോട്ടം വരുത്താതെ മരങ്ങളും ചോലകളും സംരക്ഷിച്ച് പ്രകൃതി സൗഹൃദമായിട്ടായിരുന്നു നിർമാണം.
മൂന്നു വര്‍ഷത്തിനിടെ അഞ്ച് കെട്ടിടങ്ങൾ നിർമിക്കുകയും മറ്റു കെട്ടിടങ്ങളുടെ നിർമാണ പ്രവൃത്തികള്‍ പാതിവഴിയിലുമാണ്. തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്തിയെങ്കിലും പ്രവേശന കവാടവും കാവല്‍ പുരക്കുമപ്പുറം കെട്ടിടങ്ങളുടെ പൂര്‍ത്തീകരണ പ്രവൃത്തികളോ മറ്റു സംവിധാനങ്ങളോ തയാറായിട്ടില്ല.
ഉദ്ഘാടന ദിവസം കെട്ടിടങ്ങള്‍ക്കുള്ളിലും പുറത്തുമായി നിരവധി ചിത്രങ്ങളും ശിൽപങ്ങളും സ്ഥാപിച്ച് പ്രദര്‍ശനമൊരുക്കിയ വനംവകുപ്പ് തൊട്ടടുത്ത ദിവസംതന്നെ ഇവയെല്ലാം മാറ്റുകയും കെട്ടിടം അടച്ചിടുകയും ചെയ്തു.
മാസങ്ങള്‍ വര്‍ഷങ്ങളായി പരിണമിച്ചിട്ടും കെട്ടിടങ്ങള്‍ തുറന്നു നല്‍കുകയോ അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയോ ചെയ്തിട്ടില്ല. നിർമിച്ച കെട്ടിടങ്ങൾക്കു മരച്ചില്ലകള്‍ വീണും തകരാര്‍ സംഭവിച്ചതായി ജീവനക്കാര്‍തന്നെ പറയുന്നു.
രാജ്യാന്തര തലത്തില്‍ നാച്വറൽ ഹിസ്റ്ററി മ്യൂസിയങ്ങളുമായി ബന്ധിപ്പിക്കുക, വനം വകുപ്പിന്‍റെ നേതൃത്വത്തിലുള്ള മറ്റു മ്യൂസിയങ്ങളുടെ ശൃംഖല ഒരുക്കുക, സെമിനാറുകളും സിംപോസിയങ്ങളും നടത്തുന്നതിന് ഹാളുകള്‍, പക്ഷി മൃഗാദികളുടെ സ്റ്റഫ് ചെയ്ത രൂപങ്ങളും മോഡലുകളും, അസ്ഥികൂടങ്ങളും പുരാവസ്തുക്കളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള സൗകര്യം.
ആദിവാസികളുടെ ജീവിതം, ആവാസ വ്യവസ്ഥ, നദികള്‍, വനജീവിതം തുടങ്ങിയവ വ്യക്തമാക്കുന്ന മിനിയേചര്‍ പാര്‍ക്ക്, ഓഡിയോ വിഷ്വൽ റൂം, ഇക്കോഷോപ്പും അനുബന്ധ സൗകര്യങ്ങളും, ഗെസ്റ്റ്ഹൗസ് സൗകര്യം, നദിക്കരയിൽ സ്നാനഘട്ടവും പൂന്തോട്ടങ്ങളും, തുടങ്ങി വനവുമായി ബന്ധപ്പെട്ട എല്ലാ അറിവുകളും നേടാനാവുന്ന കേന്ദ്രം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ഒരുക്കിയിരുന്നത്. പെയിന്‍റിങ്ങുകൾ, വനവുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ ഫോട്ടോ ശേഖരങ്ങൾ തുടങ്ങി കൗതുകമുണർത്തുന്ന ആശയങ്ങളും പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.