കുളത്തൂപ്പുഴക്കാര്ക്കിപ്പോഴും ആശ്രയം സ്വകാര്യ ആംബുലന്‍സുകള്‍ തന്നെ
text_fieldsകുളത്തൂപ്പുഴ: അടിയന്തര ഘട്ടങ്ങളില്‍ രോഗികളെയും മറ്റും ആശുപത്രികളിലെത്തിക്കാനായി വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രാമപഞ്ചായത്തിന് അനുവദിച്ചുകിട്ടിയ ആംബുലൻസ് അധികൃതരുടെ അനാസ്ഥയില്‍ ഉപയോഗശൂന്യമായി മാറിയതോടെ കുളത്തൂപ്പുഴ നിവാസികള്‍ക്ക് ഇപ്പോഴും സ്വകാര്യ ആംബുലസുകള് തന്നെയാണ് ആശ്രയം.
കോവിഡ് മഹാമാരിക്കാലത്ത് കുളത്തൂപ്പുഴക്കാര്ക്കായി 108 ആംബുലന്‍സ് സൗകര്യമൊരുക്കിയെങ്കിലും ഇപ്പോള്‍ മൂന്ന് പഞ്ചായത്തുകളിലെ കോവിഡ് രോഗികള്‍ക്കായി ഇത് ഉപയോഗിക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് കിലോമീറ്ററുകള്‍ അകലെ നിന്നുമെത്തുന്ന സ്വകാര്യ ആംബുലന്‍സുകള്‍ തന്നെയാണ് ശരണം.
ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആദിവാസി കോളനികളും തോട്ടം തൊഴിലാളി കുടുംബങ്ങളും പാര്‍ക്കുന്ന മലയോര മേഖലയായ കുളത്തൂപ്പുഴയിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന തരത്തിലുള്ള ആതുരാലയങ്ങള്‍ യാതൊന്നും തന്നെയില്ല. അതിനാല്‍ തന്നെ രോഗികളെയും അത്യാഹിതങ്ങളിൽ പെട്ടവരെയും വിദഗ്ധ ചികിത്സക്കായി കിലോമീറ്ററുകള്‍ അകലെയുള്ള ആശുപത്രികളിലെത്തിക്കേണ്ടതുണ്ട്. സാധാരണക്കാരുടെ അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി വര്‍ഷങ്ങള്‍ക്കുമുമ്പ് എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച വാഹനം കാലാകാലങ്ങളിൽ ആവശ്യമായ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറാകാതെ വന്നതോടെയാണ് ഉപയോഗ ശൂന്യമായി മാറിയത്.
തുടർന്ന്, ജനങ്ങളുടെ പ്രതിഷേധം ശക്തമാകുകയും ചെയ്തു. അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കാൻ കഴിയാത്ത വിധം വാഹനം നാമാവശേഷമായതിനാൽ ഉപേക്ഷിക്കുകയായിരുന്നു. നിലവില്‍ പൊതുജനങ്ങളുടെ കണ്ണില്പെടാത്ത വിധം ഗെസ്റ്റ് ഹൗസ് കെട്ടിടത്തിനു വശത്ത് ഐ.സി.ഡി.എസ് ഓഫിസിനോട് ചേർന്ന് ഒതുക്കിയിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.