വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിസ്മൃതിയിൽ; ദര്‍ഭക്കുളം നിവാസികളിപ്പോഴും ഭൂരഹിതർതന്നെ
text_fieldsകുളത്തൂപ്പുഴ (കൊല്ലം): ദര്ഭക്കുളത്തെ ഭൂരഹിതരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുമെന്നുള്ള അധികൃതരുടെ പ്രഖ്യാപനം ജലരേഖയായി. കഴിഞ്ഞ നിയമസഭ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി സര്‍ക്കാര്‍ പ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ വാഗ്ദാനങ്ങളെല്ലാം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിസ്മൃതിയിലായി. കഴിഞ്ഞ 45 വര്‍ഷമായി ഭൂരഹിതരായി ഉഴലുന്ന ദര്‍ഭക്കുളം നിവാസികളുടെ പ്രതിനിധികളെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വിളിച്ചുചേര്‍ത്ത് നടത്തിയ ചര്‍ച്ചകളില്‍ ഉടന്‍ ഭൂമി കണ്ടെത്തി വിതരണം ചെയ്യുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു.
ഇതിനുശേഷമാണ് സമീപ പ്രദേശങ്ങളായ റോസ്മല, സാംനഗര്‍ എന്നിവിടങ്ങളില്‍ കൈവശഭൂമിക്ക് പട്ടയം നല്കി പരിഹരിച്ചത്. എന്നാല്‍, ദര്‍ഭക്കുളം ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനായി ഭൂമി കണ്ടെത്തി നല്‍കുന്നതിന് വിവിധ വകുപ്പുകളോട് മന്ത്രിമാര്‍ ആവശ്യപ്പെട്ടെങ്കിലും തുടര്‍ നടപടികളില്ലാതെ ഫയലുകള്‍ ഉറങ്ങുകയാണ്. ഇതോടെയാണ് തെരഞ്ഞെടുപ്പിന് മുമ്പായി സര്‍ക്കാറിന്റെയും വകുപ്പു മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടത്തിയ യോഗം ചേരലും ചര്‍ച്ചകളും തെരഞ്ഞെടുപ്പ് പ്രഹസനം മാത്രമായിരുന്നുവെന്ന ആക്ഷേപമുയരുന്നത്.
രേഖകളിൽ ഒരേക്കർ ഉടമകൾ, സ്വപ്നമായി സ്വന്തം കിടപ്പാടം
വര്‍ഷങ്ങള്‍ക്ക് മുമ്പ് കിഴക്കന്‍ മലയോരത്തെ കല്ലാര്‍ വനമേഖലയില്‍ സ്വകാര്യവ്യക്തി സര്‍ക്കാറില്‍നിന്ന് പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവന്ന ഭൂമി പാട്ടക്കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത് മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും തുടര്‍ന്ന് പ്രദേശത്തെ ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്യാന്‍ 1975 ല്‍ വിജ്ഞാപനം ചെയ്യുകയുമായിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവില റവന്യൂ വകുപ്പിലേക്ക് അടച്ച 154 കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതം ഭൂമി അനുവദിച്ച് അസൈന്മെന്റ് വിതരണം ചെയ്യുകയും ചെയ്തു.
എന്നാല്‍, അസൈന്മെന്റ് ലഭിച്ചവര്‍ തങ്ങള്‍ക്ക് അനുവദിച്ചു കിട്ടിയ സ്ഥലം റവന്യൂ ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം കണ്ടെത്തി അതിര് തിരിച്ച് വേലി കെട്ടുന്നതിന് ശ്രമിച്ചപ്പോഴാണ് തടസ്സവാദവുമായി വനം വകുപ്പ് എത്തുന്നത്. പ്രദേശം നിക്ഷിപ്ത വനമേഖലയിലാണെന്നും അതിനാല്‍ സ്ഥലം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ വനം വകുപ്പ് നാട്ടുകാരെ ഒഴിപ്പിച്ച് പ്രദേശം കൈയേറിയതോടെയാണ് രേഖകള്‍ പ്രകാരം ഒരേക്കര്‍ വീതം വസ്തു ഉള്ള ഇവര്‍ വീണ്ടും ഭൂരഹിതരായത്.
ഇക്കാലമത്രയും അധികാരത്തിലെത്തിയ സര്‍ക്കാറുകള്‍ക്ക് മുന്നില്‍ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ട് മന്ത്രി മന്ദിരങ്ങളും സെക്രട്ടേറിയറ്റിലും കയറിയിറങ്ങിയെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയിരുന്നില്ല. അസൈന്മെന്റ് ലഭിച്ചവരില്‍ നല്ലൊരു പങ്കും മരിച്ചു. ജീവിച്ചിരിക്കുന്ന എഴുപതും എണ്‍പതും വയസ്സ് പിന്നിട്ടവരിൽ പലരും സ്വന്തം കിടപ്പാടമില്ലാതെ മറ്റുപലരുടെയും വീടുകളിലാണ് അന്തിയുറങ്ങുന്നതു പോലും.
എങ്ങുമെത്താതെ നടപടികൾ
മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഇടമുളക്കല്‍ പഞ്ചായത്തില്‍ ദര്‍ഭക്കുളം ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനായി ഭൂമി കണ്ടെത്തിയെങ്കിലും അവസാനം മുഖ്യമന്ത്രിയുടെ ഭവന പദ്ധതിക്കായി വിട്ടുനല്‍കി. ശേഷം അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ റവന്യൂ-വനം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട വകുപ്പ് ഉന്നതരും ചേര്‍ന്ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ റവന്യൂ വകുപ്പിന്റെ കൈവശമുള്ള ഭൂമി പകരമായി വനം വകുപ്പിന് വിട്ടുനല്‍കിയാല്‍ ദര്‍ഭക്കുളം ഭൂരഹിതര്‍ക്ക് ഭൂമി വിട്ടുനല്‍കുന്നതിന് തയാറാണെന്ന് ഉദ്യോഗസ്ഥ സംഘം അറിയിച്ചിരുന്നു.
ഇതിന് പ്രകാരം കുളത്തൂപ്പൂഴ മരുതിമൂടിന് സമീപത്തെ പ്ലാന്റേഷന് പ്രദേശം വനം വകുപ്പിലെയും റവന്യൂ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍, വകുപ്പുകളുടെ നടപടിക്രമങ്ങളില്‍ കുരുങ്ങി ഈ നീക്കവും തുടങ്ങിയിടത്തുതന്നെ അവസാനിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് സെക്രട്ടേറിയറ്റില്‍ നടന്ന ഉന്നതയോഗത്തില്‍ മറ്റു ജില്ലകളിലടക്കം റവന്യൂ വകുപ്പിന്റെ കൈവശമുള്ള ഭൂമി കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ല.
തുടര്‍ന്ന് തെരഞ്ഞെടുപ്പും ആരവങ്ങളും അവസാനിച്ചു കഴിഞ്ഞപ്പോഴേക്കും ദര്‍ഭക്കുളം ഭൂരഹിതരെയും എല്ലാവരും മറന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ദര്‍ഭക്കുളം ഭൂരഹിതര്‍ക്ക് വേണ്ടി വാദിക്കാനും ഓഫിസുകള്‍ കയറിയിറങ്ങാനും മറ്റും നേതാക്കള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഉത്സാഹമില്ലാത്തതിനാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും താൽപര്യമില്ലെന്നതാണ് വസ്തുത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.