അധികൃതര്‍ ഉപേക്ഷിച്ച നെയ്ത്തുശാല കാടുകയറി നശിക്കുന്നു
text_fieldsകുളത്തൂപ്പുഴ: തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് മാർഗം കണ്ടെത്താതെ അധികൃതര്‍ കൈയൊഴിഞ്ഞ കുളത്തൂപ്പുഴയിലെ നെയ്ത്തുശാല കാടുമൂടി നാശത്തിലേക്ക്. സ്ത്രീ തൊഴിലാളികള്‍ക്ക് പ്രാഥമികാവശ്യം നിറവേറ്റാൻ സൗകര്യങ്ങളില്ലാത്തതും കുടിവെള്ള ലഭ്യതയില്ലാത്തതും ഇവിടേക്ക് പരിശീലനത്തിനായി എത്തിയിരുന്നവര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
പ്രവര്‍ത്തന സജ്ജമായിരുന്ന തറികളുടെ അറ്റകുറ്റപ്പണിക്കും അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിനും ആവശ്യമായ തുക അനുവദിക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ തയാറാകാതെ വന്നതോടെയാണ് നെയ്ത്തുശാലയുടെ പ്രവര്‍ത്തനം പൂർണമായി നിലച്ചത്.
ആദിവാസി യുവജനങ്ങളുടെ ക്ഷേമത്തിനായി 1984ലാണ് വില്ലുമല ആദിവാസി കോളനി കേന്ദ്രീകരിച്ച് നെയ്ത്തുശാല ആരംഭിച്ചത്. ഓരോ വര്‍ഷവും പരിശീലനം നേടുന്നവരുടെ എണ്ണവും തൊഴിലെടുക്കുന്നതും വർധിച്ചതിനെ തുടര്‍ന്ന് 1989ലാണ് പട്ടികവർഗ വികസന വകുപ്പ് കുളത്തൂപ്പുഴ പതിനാറേക്കർ കേന്ദ്രമാക്കി സ്ഥലം വാങ്ങി കെട്ടിടവും നിർമിച്ച് നൽകിയത്.
ഇവിടെ 30 തറികളും അതിനാവശ്യമായ അനുബന്ധന സൗകര്യങ്ങളുമടക്കം പ്രവർത്തനം വിപുലമാക്കി. ആദിവാസികളായ സ്ത്രീകൾക്ക് തുണി നെയ്യാൻ പരിശീലനം നൽകിയശേഷം ഇവിടെത്തന്നെ സ്ഥിരംതൊഴില്‍ ലഭ്യമാക്കി വരുമാനം ഉറപ്പുവരുത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
പരിശീലനകാലത്ത് 5000 രൂപ വരെ ഇവർക്ക് സ്റ്റൈപൻഡ് നൽകിയിരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയശേഷം നെയ്ത്തുജോലിയിലേര്‍പ്പെട്ടവര്‍ക്ക് അവര്‍ ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ വേതനവും നല്‍കിയിരുന്നു.
തുടക്കത്തില്‍ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന സംഘത്തിന് കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച് സര്‍ക്കാറില്‍നിന്ന് ധനസഹായമോ മേൽനോട്ടമോ ലഭിച്ചില്ല. നെയ്യുന്ന തുണിത്തരങ്ങൾ വാങ്ങാൻ ആളില്ലാതെ വരുകയും ജോലിയെടുത്തവര്‍ക്ക് വേതനം നല്‍കാനാവാത്ത അവസ്ഥയുണ്ടാവുകയും ചെയ്തതോടെ നെയ്ത്തുശാലയുടെ നാശത്തിനു തുടക്കമായി.
തുച്ഛ വേതനത്തിന് പണിയെടുക്കാൻ ആളില്ലാതെവന്നതും തുടര്‍പ്രവർത്തനത്തെ ബാധിച്ചു. നൂലിന് നിറം പിടിപ്പിക്കാൻ നെയ്ത്തു കേന്ദ്രത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന വലുപ്പമേറിയ ചെമ്പുപാത്രവും അനുബന്ധ ഉപകരണങ്ങളും മോഷ്ടാക്കൾ കടത്തി.
ഇതിനിടെ തൊഴിലാളികളുടെ നേതൃത്വത്തില്‍ 10 തറികള്‍ അറ്റകുറ്റപ്പണി നടത്തി പുറത്തുനിന്നുള്ള തൊഴിലാളികളെ ഏർപ്പെടുത്തിയാണ് കഴിഞ്ഞതവണ വിദ്യാലയങ്ങളിലേക്കുള്ള യൂനിഫോമിനാവശ്യമായ തുണി നെയ്തത്.
ശേഷം പുതുതായി നൂല്‍ വാങ്ങുന്നതിനോ തറികളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനോ ബന്ധപ്പെട്ട വകുപ്പുകള്‍ പണം അനുവദിക്കാത്തതിനാൽ മാസങ്ങളായി പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ചുറ്റുമതിൽ ഇല്ലാത്തതിനാൽ സാമൂഹികവിരുദ്ധരുടെ താവളമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.