സുഹൃത്തിന്റെ പ്രസവ ചെലവിനുവേണ്ടി ഹോട്ടലുടമയുടെ മാല കവർന്നവർ പിടിയിൽ
text_fieldsകുളത്തൂപ്പുഴ: ഭക്ഷണം കഴിക്കാനെന്ന വ്യാജേനെ ഹോട്ടലുടമയുടെ മൂന്ന് പവന്റെ സ്വര്‍ണമാല കവർന്ന സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കുളത്തൂപ്പുഴ അമ്പതേക്കർ തടത്തരികത്ത് വീട്ടിൽ പ്രവീൺ രാജ് (23), ഏരൂർ അയിലറ പന്തടിമുകൾ അനി മന്ദിരത്തിൽ അനന്തു (23), അഞ്ചൽ അലയമൺ ഏത്തക്കാട്ട് ഹൗസിൽ ജോയൽ ജോജി (22) എന്നിവരാണ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: തൃശൂർ റൗണ്ടിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന അനന്തുവിനൊപ്പമുള്ള പെൺ സുഹൃത്തിന്റെ പ്രസവ ചെലവിന് പണം കണ്ടെത്താനാണ് മോഷണം ആസൂത്രണം ചെയ്തത്.
പാലക്കാട് ക്വാറിയിൽ ജോലി ചെയ്യുന്ന പ്രവീൺ രാജ് കുളത്തൂപ്പുഴയിലെ ഹോട്ടലുടമയെയും സ്വർണമാലയെയും കുറിച്ച് വിശദീകരിക്കുകയും മോഷണം ആസൂത്രണം ചെയ്യുകയുമായിരുന്നു. ഒക്ടോബര്‍ 30ന് രാത്രി ഒരു മണിയോടെ സംഘം പ്രവീൺ രാജിന്റെ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റിയ ബൈക്കിൽ കുളത്തൂപ്പുഴ മുസ്ലിം പള്ളിക്ക് മുന്നിലെ ഹോട്ടലിനടുത്തെത്തി. പ്രവീൺ രാജ് സിഗരറ്റ് ആവശ്യപ്പെടുകയും തക്കം പാര്‍ത്ത് ഉടമയായ ഷാഹിദയുടെ മാല പൊട്ടിച്ച് രക്ഷപ്പെടുകയുമായിരുന്നു.
കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് ഇരുന്നൂറോളം നിരീക്ഷണ കാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ച് മൂവാറ്റുപുഴയിലെത്തുകയും അവിടെ ജോയല്ജോജി ദന്ത സംരക്ഷണാനുബന്ധ കോഴ്സ് പരിശീലിപ്പിക്കുന്ന സ്ഥാപനത്തിലേക്ക് വാഹനം കയറ്റുന്നതായ ദൃശ്യം കണ്ടെത്തുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ജോജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍നിന്ന് സംഘാംഗങ്ങളെക്കുറിച്ചുള്ള വിവരം ലഭിക്കുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു.
മോഷ്ടിച്ച മാല തൃശൂരിലെ ജ്വല്ലറിയില്‍ എഴുപതിനായിരം രൂപക്ക് വിറ്റതായും ഇവര്‍ സമ്മതിച്ചു. മോഷണം കഴിഞ്ഞ് പാലക്കാട് ജോലി സ്ഥലത്തേക്ക് പോയ പ്രവീണ്‍രാജ് അടുത്ത ദിവസം മടങ്ങിവരുന്നതിനിടെ ആലപ്പുഴ മണ്ണഞ്ചേരിയില്‍ കാല്‍നട യാത്രികനെ ഇടിച്ചുവീഴ്ത്തിയതിനെതുടര്ന്ന് ഇയാള്‍ മരണപ്പെട്ടു. രണ്ടുദിവസം അവിടെ പൊലീസ് കസ്റ്റഡിയിലായിരുന്നെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയപ്പോഴാണ് മണ്ണഞ്ചേരിയിലെ മരണം സംബന്ധിച്ച് കുളത്തൂപ്പുഴ പൊലീസ് അറിയുന്നത്. പുനലൂര്‍ ഡിവൈ.എസ്.പി ബി. വിനോദ്കുമാറിന്റെ നിര്‍ദേശാനുസരണം കുളത്തൂപ്പുഴ എസ്.എച്ച്. ഒ ബി. അനീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ ബാലസുബ്രമണ്യന്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്യാംലാല്‍, വിമല്‍, അനീഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പിന്തുടര്ന്ന് മോഷണസംഘത്തെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.