തിങ്കള്‍ക്കരിക്കം സ്മാര്‍ട്ട് വില്ലേജ് ഓഫിസ്: ഉടമസ്ഥാവകാശം ഇനിയും തീര്‍പ്പായില്ല
text_fieldsകുളത്തൂപ്പുഴ: സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം ഇനിയും പരിഹാരമായില്ല. തിങ്കള്‍ക്കരിക്കം സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിട നിര്‍മാണം വാനം തോണ്ടലില്‍ അവസാനിച്ചിട്ട് രണ്ടു വര്‍ഷം പിന്നിടുന്നു.
നിർമാണത്തിനായി റവന്യൂ വകുപ്പ് അധികൃതര്‍ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുമെന്ന് ഉറപ്പുനല്കിയവരെല്ലാം വാഗ്ദാനം പോലും മറന്നനിലയിലാണ്. സ്വകാര്യ കെട്ടിടത്തിലെ കുടുസ്സുമുറിയില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫിസില്‍ നിന്നുതിരിയാനിടമില്ലാതെ വീര്‍പ്പുമുട്ടുകയാണ് പൊതുജനം. 2021 മേയില്‍ താൽകാലികമായി സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റിയ വില്ലേജ് ഓഫിസ് സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുകയുമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിങ്കള്‍ക്കരിക്കം ജങ്ഷനു സമീപം വനംവകുപ്പിന്റെ ഭൂമി ഗ്രാമപഞ്ചായത്തിനു വിട്ടുനല്‍കാന്‍ വകുപ്പ് സന്നദ്ധത പ്രകടിപ്പിച്ചിരുന്ന. വനഭൂമി ഏറ്റെടുക്കുന്നതിലെ നൂലാമാലകള്‍ കാരണം നടപടിക്ക് മുതിരാതെ റവന്യൂ ഉദ്യോഗസ്ഥര്‍ ഉപേക്ഷിച്ചു. കാലങ്ങള്‍ കഴിഞ്ഞതോടെ ജനവാസ മേഖലയോട് ചേര്‍ന്നുള്ള ഭൂമി പ്രദേശവാസികളിലൊരാള്‍ കൈയേറാന്‍ ശ്രമം നടത്തുകയും റവന്യൂ,വനം വകുപ്പുകള്‍ ഇടപെട്ട് ഒഴിപ്പിക്കുകയും ചെയ്തിരുന്നു. 2021ല്‍ റവന്യൂ വകുപ്പ് തിങ്കള്‍ക്കരിക്കം വില്ലേജ് ഓഫിസിന് പുതിയ കെട്ടിടത്തിനായി ഈ സ്ഥലം കണ്ടെത്തുകയും അടിത്തറക്കായി വാനംതോണ്ടുകയും വൈദ്യുതി കണക്ഷന് അടക്കം എത്തിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തടസ്സവാദവുമായി വനംവകുപ്പ് രംഗത്തെത്തിയതിനാൽ നിര്‍മാണം നിലക്കുകയുമായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം ഇപ്പോഴും വനംവകുപ്പിനാണെന്നും റവന്യൂ വകുപ്പ് അനധികൃതമായി ഭൂമി കൈയേറുകയായിരുന്നുവെന്നാണ് വനംവകുപ്പിന്റെ വാദം.
നിര്‍മാണം അനന്തമായി നീണ്ടതോടെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പരാതികളുടെ അടിസ്ഥാനത്തിൽ പി.എസ്. സുപാല്‍ എം.എല്‍.എ സംഭവത്തില്‍ ഇടപെട്ടു. ഇരു വകുപ്പുകളുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങളാരംഭിക്കുകയും ചെയ്തിരുന്നു. വകുപ്പുകൾ തമ്മില്‍ സമവായത്തിലെത്താന്‍ കഴിയാതെ വില്ലേജ് ഓഫിസ് നിര്‍മാണം അനന്തമായി നീളുകയാണ്. അതിനാൽ നിലവിലെ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫിസിലേക്ക് വിവിധ ആവശ്യങ്ങള്ക്കായെത്തുന്നവരാണ് വലയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.