കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി; വീടുകള്‍ക്ക് നാശം
text_fieldsകുളത്തൂപ്പുഴ: കഴിഞ്ഞ ദിവസം ഉച്ചയോടെ കുളത്തൂപ്പുഴ പ്രദേശത്ത് വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപുഴകിയും ശിഖരങ്ങള്‍ ഒടിഞ്ഞുവീണും വ്യാപക നാശം. നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. കുളത്തൂപ്പുഴ വൈദ്യുതി സെക്ഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട കൂവക്കാട്, നെടുവന്നൂര്‍ക്കടവ്, ഓന്തുപച്ച, അമ്പതേക്കര്‍, അമ്പലക്കടവ് എന്നിവിടങ്ങളിൽ മരങ്ങള്‍ കടപുഴകി വൈദ്യുതി കമ്പികളും, പോസ്റ്റുകളും തകര്‍ന്നു.
കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫിസിനു സമീപം മലയോര ഹൈവേയുടെ ഓരത്ത് പൊതുമരാമത്ത് വക പുരയിടത്തില്‍ നിന്നിരുന്ന പുളി മരത്തിന്റെ കൊമ്പുകള്‍ അടര്‍ന്നു പാതയോരത്തെ കടകള്‍ക്ക് മുകളിലേക്ക് വീണു. മരം ഒടിയുന്ന ശബ്ദംകേട്ട് കടയിലുണ്ടായിരുന്നുവര് ഓടിമാറി.
വില്ലുമല കുന്നുംപുറത്ത് വീട്ടില്‍ അനിരുദ്ധന്റെ വീടിനു മുകളിലേക്ക് സമീപത്തെ അതിരില്‍ നിന്നിരുന്ന മാവ് കടപുഴകി വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തകര്‍ന്നു. വയലിറക്കത്ത് വീട്ടില്‍ ശശിയുടെ വീടിനു സമീപത്തുണ്ടായിരുന്ന മരം കടപുഴകി വൈദ്യുതി ലൈനും തകര്‍ത്തുകൊണ്ട് വീടിനു മുകളിലേക്ക് വീണു.
അമ്പലക്കടവില്‍ അഞ്ചല്‍ വനം സെക്ഷന്‍ ഓഫിസിനോട് ചേര്‍ന്നു നിന്ന വന്മരം കടപുഴകി സമീപത്തെ പുരയിടത്തിലും വീടിനു മുകളിലേക്കും പതിച്ചു. ഏഴംകുളത്ത് പാതയോരത്തു കൂടി കടന്നു പോകുന്ന 11 കെ. വി. ലൈനിനു മുകളിലേക്ക് സമീപ പുരയിടത്തില്‍ നിന്നിരുന്ന കൂറ്റന്‍ ഉണങ്ങിയ മരം കടപുഴകി വീണത് ഏറെ നേരം വൈദ്യുതി തടസ്സം സൃഷ്ടിച്ചു. കൂവക്കാട് റേഷന്‍കടക്ക് സമീപം മരം വീണ് രണ്ടു വൈദ്യുതി തൂണുകള്‍ ചരിയുകയും ചെയ്തു.
കുളത്തൂപ്പുഴ പ്രദേശത്താകെ ഒമ്പതോളം വൈദ്യുതി തൂണുകള്‍ ഒടിയുകയോ ചരിയുകയോ ചെയ്തുവെന്നും ഉച്ചക്ക് രണ്ട് മുതല്‍ നഷ്ടമായ വൈദ്യുതി ബന്ധം അടിയന്തിരമായി പുനസ്ഥാപിക്കുന്നതിനുള്ള കഠിന ശ്രമത്തിലാണ് സെക്ഷന്‍ ഓഫിസ് ജീവനക്കാരെന്നും അധികൃതർ പറഞ്ഞു. കുളത്തൂപ്പുഴ, തിങ്കൾക്കരിക്കം വില്ലേജ് അധികൃതര്‍ മഴക്കെടുതിയില്‍ തകര്‍ന്ന ഭവനങ്ങളുടെ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയും മേലുദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു.
സ്കൂളിന് മുകളിൽ മരം വീണു
പുനലൂർ: ശക്തമായ കാറ്റിൽ കിഴക്കൻ മലയോര മേഖലയിൽ വ്യാപക നാശം. സ്കൂളിന്റെ മുകളിലേക്ക് മരം ഒടിഞ്ഞുവീണെങ്കിലും അപകടം ഒഴിവായി. തിങ്കളാഴ്ച ഉച്ചക്ക് 3.45ഓടെയാണ് മഴക്കൊപ്പം ശക്തമായ കാറ്റടിച്ചത്. ഒറ്റക്കൽ ഗവ. എച്ച്.എസിലെ പുതിയ രണ്ടുനില കെട്ടിടത്തിന്റെ മുകളിലേക്കാണ് സമീപത്ത് ഉണങ്ങിനിന്ന തൊണ്ടി മരം ചുവട്ടിൽ നിന്നും ഒടിഞ്ഞു വീണത്. മൂന്നരക്ക് കുട്ടികളെ വിട്ടതിന് ശേഷമാണ് മരം വീണതിനാൽ മറ്റു അപകടങ്ങൾ ഒഴിവായി.
ഒടിഞ്ഞു വീണ മരം സ്കൂൾ കെട്ടിടത്തോട് ചേർന്ന് ഉണങ്ങി നിൽക്കുന്ന മറ്റൊരു മരത്തിൽ തട്ടിയാണ് ക്ലാസ്മുറികളും ലാബ് പ്രവർത്തിക്കുന്ന കെട്ടിട ഭാഗത്തേക്ക് വീണത്. കെട്ടിടത്തിൻറ മുകളിലെ സംരക്ഷണ ഭിത്തി തകർന്നു. കൂടാതെ കെട്ടിടത്തിന് ബലക്ഷയവും നേരിട്ടു.
തെന്മല ഡാം റോഡിൽ ഒന്നാം വളവ്, പത്തേക്കർ ഭാഗം, പതിമൂന്ന് കണ്ണറ തുടങ്ങിയ മരം പാതയിലേക്ക് ഒടിഞ്ഞും പിഴുതു വീണു. കുറെ നേരം ഈ ഭാഗങ്ങളിൽ ഗതാഗത തടസവും ഉണ്ടായി. പുനലൂർ ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ച് മാറ്റി.ഒറ്റക്കൽ സ്കൂൾ വളപ്പിൽ ദേശീയ പാതയയോട് വേറെയും മരങ്ങൾ ഉണങ്ങി അപകട ഭീഷണിയിലുണ്ട്. സ്കൂൾ തുറക്കുന്നതിന് അപകടകരമായ മുറിച്ചുമാറ്റാൻ അധികൃതർ തയ്യാറാകാത്തതാണ് ഇന്നലത്തെ അപകടത്തിന് ഇടയാക്കിയത്.
മരം വൈദ്യുതി പോസ്റ്റ് തകർത്ത് റോഡിനു കുറകെ വീണു
കൊട്ടാരക്കര : മഴയിലും ശക്തമായ കാറ്റിലും മരം വൈദ്യുത പോസ്റ്റിലിടിച്ച് റോഡിനു കുറുകെ വീണു. കഴിഞ്ഞ ദിവസം വൈകീട്ട് 3.30ഓടെ മുസ്ലിം സ്ട്രീറ്റ്-പള്ളിക്കൽ-മണ്ണടി റോഡിലാണ് മരം കടപുഴകിയത്. മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ലൈൻ റോഡിൽ കിടന്നതിനാൽ കടപുഴകി വീണ മരത്തിന്റെ ഭാഗത്തേക്ക് ആരും എത്തിയില്ല.
ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തും മുമ്പേ കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി പ്രവാഹം നിർത്തിവച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മരവും വൈദ്യുതി പോസ്റ്റും നീക്കി. മരവും വൈദ്യുതി പോസ്റ്റും റോഡിലേക്ക് പതിച്ച സമയത്ത് വാഹനങ്ങളോ കാൽനടക്കാരോ റോഡിൽ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
വീടിന് മുകളിൽ മരം വീണ് സഹോദരിമാർക്ക് പരിക്ക്
കൊട്ടാരക്കര: വീടിന് മുകളിൽ മരംവീണ് സഹോദരിമാർക്ക് പരിക്കേറ്റു. തൃക്കണ്ണമംഗൽ കോളറ കോണംഭാഗത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന ഓടനാവട്ടം വാപ്പാല സ്വദേശികളായ ശോശാമ്മ (50), അമ്മിണി (53)എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ താമസിച്ച ഓടിട്ട വീടിന് സമീപത്തെ മരമാണ് വീടിന് മുകളിലേക്ക് പതിച്ചത്. സമീപത്തെ വൈദ്യുതി പോസ്റ്റും തകർന്നതിനാൽ ഇവരെ നാട്ടുകാർക്ക് രക്ഷിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടായി.
കെ.എസ്.ഇ.ബി അധികൃതർ എത്തിയാണ് വൈദ്യുതി പ്രവാഹം നിർത്തിവച്ച് ഇവരെ രക്ഷപ്പെടുത്തിയത്. മേൽക്കൂരയും ഓടും തളർന്ന് കിടന്ന ശോശാമ്മയുടെയും അമ്മിണിയുടെയും ദേഹത്ത് വീഴുകയായിരുന്നു. പരിക്കേറ്റ ഇവരെ ബന്ധുക്കൾ എത്തിയാണ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മഴയിൽ മരം കടപുഴകി
കടയ്ക്കൽ: കനത്ത മഴയിലും കാറ്റിലും കടയ്ക്കൽ-മടത്തറ റോഡിൽ ആയിരക്കുഴിയിൽ മരം കടപുഴകി. അയിരക്കുഴി ജങ്ഷനിൽ സ്വകാര്യപുരയിടത്തിൽ നിന്ന പ്ലാവ് കടപുഴകി റോഡിലേക്ക് വീഴുകയായിരുന്നു.
വൈകീട്ട് 3.30നായിരുന്നു സംഭവം. നാട്ടുകാരും അഗ്നിരക്ഷ സേനയും ചേർന്ന് മരം മുറിച്ചു മാറ്റി. കടയ്ക്കൽ പള്ളിമുക്കിൽ വൈദ്യുത തൂണിന് മുകളിലേക്ക് മരം കടപുഴകി. മേഖലയിൽ വൈദ്യുതി വിതരണം ഏറെ നേരം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.