നാടന്‍ തോക്കുമായി മൃഗവേട്ടക്കെത്തിയ രണ്ടുപേർ പിടിയിൽ
text_fieldsകുളത്തൂപ്പുഴ: വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള വനമേഖലയില്‍ നാടൻ തോക്കുമായി മൃഗവേട്ടക്കെത്തിയ രണ്ടുപേരെ വനപാലകർ പിടികൂടി. പാങ്ങോട് ഭരതന്നൂര്‍ കൊച്ചാലുംമൂട് പി.വി ഹൗസില്‍ യൂസഫ് (51), ഷെഫീക്ക് മന്‍സിലില്‍ ഹസന്‍അലി (56) എന്നിവരാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഡാലി വനഭാഗത്ത് വെച്ച് കുളത്തൂപ്പുഴ വനം റെയിഞ്ച് മൈലമൂട് സെക്ഷന്‍ വനപാലകരുടെ പിടിയിലായത്.
വ്യാഴാഴ്ച രാത്രി ഇരുചക്രവാഹനത്തില്‍ പ്രദേശത്തെ വനത്തില്‍ മൃഗവേട്ടക്കെത്തിയ സംഘം കൂരനെ വെടിവച്ചെങ്കിലും ഉന്നംതെറ്റിയതിനാല് വെടിയേറ്റില്ല. ഇതിനിടെ രാത്രികാല പരിശോധനക്കെത്തിയ വനപാലക സംഘം വനത്തിനുള്ളില്‍നിന്ന് വെടിശബ്ദം കേട്ടാണ് ഈ ഭാഗത്തേക്ക് നീങ്ങിയത്.
പാതയോരത്ത് വനത്തില്‍ ആളില്ലാതെവെച്ചിരിക്കുന്ന ഇരുചക്രവാഹനം കണ്ടെത്തിയ വനപാലകര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തി. തുടർന്നാണ് തോക്ക് ഉപേക്ഷിച്ച് കടക്കാന്‍ ശ്രമിച്ച പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് നാടന്‍തോക്കും തോക്കിലുപയോഗിക്കുന്ന ലോഹ വെടിയുണ്ടകളും വെടിമരുന്നും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇരുചക്രവാഹനവും പിടിച്ചെടുത്തു.
വനം-വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത വനപാലകര്‍ പിടിച്ചെടുത്ത തോക്കും വെടിക്കോപ്പുകളും സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനായി കുളത്തൂപ്പുഴ പൊലീസിന് കൈമാറിയിട്ടുണ്ട്. റെയിഞ്ച് ഓഫിസര്‍ ഫസലുദീന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി റെയിഞ്ച് ഓഫിസര്‍ സന്തോഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റര്‍ വേണുഗോപാല്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ മുഹമ്മദ്ഷാന്‍, രാകേഷ്, ഹരിഹരന്, അശ്വതി, ആതിര എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി. വൈകീട്ടോടെ പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.