കുടിവെള്ളത്തിന്റെ പണമടക്കാനാകുന്നില്ല; ഉപഭോക്താക്കള്‍ വലയുന്നു
text_fieldsകുളത്തൂപ്പുഴ: ജല അതോറിറ്റി കുടിവെള്ളത്തിന്റെ ബിൽ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ഉള്‍പ്പെടുത്താന്‍ വൈകുന്നതിനാൽ സമയത്തിന് പണമടക്കാനാകാതെ ഉപഭോക്താക്കൾ.
പിഴ കൂടാതെ അടക്കേണ്ട ദിവസത്തിനുമുമ്പ് തുക അടക്കാനായി അക്ഷയ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പല തവണ കയറിയിറങ്ങേണ്ട അവസ്ഥയിലാണ് ജനം. ഗുണഭോക്താക്കള്‍ക്ക് ബിൽ ലഭിച്ച് ഒരാഴ്ചയിലധികം കഴിഞ്ഞാലും വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ഉള്‍പ്പെടുത്താന്‍ ബന്ധപ്പെട്ട സെക്ഷന്‍ അധികാരികള്‍ തയാറാകാത്തതിനാലാണ് ബില്‍തുക അടക്കാനാവാത്തത്. മുന്‍ കാലങ്ങളില്‍ ബിൽ വിവരം ലഭിച്ചാല്‍ ഏഴുദിവസത്തിനുശേഷം ഓണ്‍ലൈനായി അടക്കാന്‍ കഴിയുമായിരുന്നു. രണ്ടുമാസമായി 20 ദിവസങ്ങള്‍ വരെ കഴിഞ്ഞാല്‍ മാത്രമേ ബില്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ കിട്ടുന്നുള്ളൂ.
ഇത് പലപ്പോഴും ഗുണഭോക്താക്കള്‍ പിഴയോട്കൂടി ബില്‍തുക അടക്കേണ്ട സ്ഥിതിയിലെത്തിക്കുന്നുമുണ്ട്. അതിനാല്‍ തന്നെ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഒരു ബില്ലടക്കാന്‍ പല തവണ അക്ഷയ കേന്ദ്രത്തില്‍ എത്തേണ്ട അവസ്ഥയാണ്.
പഞ്ചായത്ത് പരിധിയിലൊന്നാകെ ജല്‍ജീവന്‍ പദ്ധതി പ്രകാരം ഭൂരിഭാഗം കുടുംബങ്ങള്‍ക്കും കുടിവെള്ള കണക്ഷന് ഗ്രാമപഞ്ചായത്ത് സൗജന്യമായി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഉയര്‍ന്ന പ്രദേശങ്ങളില്‍ പലയിടത്തും കുടിവെള്ളം ലഭിക്കുന്നില്ല. താഴ്ന്ന പ്രദേശത്താകട്ടെ തുടര്‍ച്ചയായി എല്ലാ ദിവസവും പൈപ്പില്‍ കുടിവെള്ളം എത്താറില്ലെന്നും മിക്കപ്പോഴും വെള്ളം കിട്ടാറില്ലെന്നും വീട്ടമ്മമാര്‍ പരാതിപ്പെടുന്നുമുണ്ട്. പൈപ്പ് പൊട്ടലും വെള്ളം ഒഴുകി പാഴാകുന്നതും പ്രദേശത്തെ നിത്യ കാഴ്ചയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.