വികസനമെത്താതെ വനപാത
text_fieldsകുളത്തൂപ്പുഴ: ടിംബര്‍ ഡിപ്പോക്ക് പിന്നിലായുള്ള പ്രദേശത്ത് സാം ഉമ്മന്‍ മെമ്മോറിയല്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ച് വര്‍ഷങ്ങള്‍ പലതുകഴിഞ്ഞെങ്കിലും വനംവകുപ്പിന്‍റെ അധീനതയിലുള്ള തേക്ക് പ്ലാന്‍റേഷനിലൂടെയുള്ള യാത്ര ദുഷ്ക്കരം. ചളിയും മഴവെള്ളവും ഒലിച്ചിറങ്ങിയ ചാലുകളാൽ നിറഞ്ഞ ചെമ്മണ്‍ പാതയിലൂടെയാണ് ഇപ്പോഴും സ്കൂളിലേക്ക് വിദ്യാര്‍ഥികള്‍ നടന്നെത്തുന്നത്.
വിവിധ വകുപ്പുകള്‍ ലക്ഷങ്ങള്‍ മുടക്കി കൂറ്റന്‍ കെട്ടിടങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ച് പോളിടെക്നിക്ക് നിലവാരത്തിലേക്ക് സ്കൂളിനെ ഉയര്‍ത്തിയിരുന്നു. ഓരോ തവണയും ഉയര്‍ന്ന വിജയശതമാനം ആഘോഷിക്കാനെത്തുന്ന ജനപ്രതിനിധികളും അധികൃതരും വാഗ്ദാനങ്ങള്‍ നല്‍കി പോകുന്നതല്ലാതെ ഇവിടേക്കുള്ള പാത സഞ്ചാരയോഗ്യമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയാറായില്ല.
വനംവകുപ്പിന്‍റെ അധീനതയിലുള്ള തേക്ക് പ്ലാന്‍റേഷന്‍ പ്രദേശത്തുകൂടി കടന്നുപോകുന്ന സ്കൂളിലേക്കുള്ള പാത നവീകരിച്ച് ടാറിടുന്നതിനുള്ള അനുമതി വനംവകുപ്പില്‍നിന്ന് ലഭിച്ചെങ്കില്‍മാത്രമേ ത്രിതല പഞ്ചായത്തുകള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടൽ നടത്താന്‍ കഴിയൂവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
അടുത്തയാഴ്ച ടെക്നിക്കല്‍ സ്കൂളുകളുടെ സംസ്ഥാനതല ശാസ്ത്രോത്സവം കുളത്തൂപ്പുഴ സ്കൂളില്‍ അരങ്ങേറാനിരിക്കെ പാത സഞ്ചാരയോഗ്യമാക്കാനുള്ള അടിയന്തര ശ്രമമുണ്ടാകണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.