വില്ലുമല ട്രൈബല്‍ എല്‍.പി സ്കൂൾ; അവഗണനക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി രക്ഷിതാക്കള്‍
text_fieldsകുളത്തൂപ്പുഴ: വില്ലുമല ട്രൈബല്‍ എല്‍.പി സ്കൂളിനോടുള്ള അവഗണനക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്ത്. പ്രദേശത്ത് ആദിവാസി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളില്‍ അധ്യയനവര്‍ഷം ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും സ്ഥിരമായി പ്രഥമാധ്യാപകനെ നിയമിച്ചിട്ടില്ല. കഴിഞ്ഞ അധ്യയനവര്‍ഷം ജോലി നോക്കിയിരുന്ന പ്രഥമാധ്യാപകന് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് സൗകര്യപ്രദമായ സ്കൂളിലേക്ക് മാറ്റം ലഭിച്ചു. പകരമെത്തിയ പ്രഥമാധ്യാപിക ദിവസങ്ങള്‍ക്കുള്ളില്‍ വീടിനു സമീപത്തേക്ക് സ്ഥലം മാറ്റം വാങ്ങി പോയി. ശേഷം സ്ഥിരനിയമനമുണ്ടായില്ല.
ഒരു അധ്യാപകന് താൽക്കാലിക ചുമതല നൽകുകയായിരുന്നു. ഇതോടെ അധ്യാപകന് കൈകാര്യം ചെയ്തിരുന്ന ക്ലാസിന്റെ പ്രവർത്തനത്തെ ഉൾപ്പെടെ ബാധിച്ചു. വിദ്യാലയത്തിലെ ദൈനംദിന പഠന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഓഫിസ് സംബന്ധമായ നിരവധി ആവശ്യങ്ങള്‍ക്കായി കിലോമീറ്ററുകള്‍ അകലെയുള്ള എ.ഇ ഓഫിസ്, ബി.ആര്.സി, ട്രഷറി, ട്രൈബല്‍ ഓഫിസ് എന്നിവിടങ്ങളിലേക്ക് നിരന്തരം പോകേണ്ടത് ഈ അധ്യാപകനാണ്.
പാഠ്യപദ്ധതി പരിഷ്കരണവും പുതിയ പാഠപുസ്തകവും എത്തിയെങ്കിലും ഇവ ക്ലാസ് റൂമുകളില്‍ പ്രാവര്‍ത്തികമാക്കേണ്ട അധ്യാപകരാണ് ഇത്തരം ആവശ്യങ്ങളുമായി നിരന്തരം ഇടപെടേണ്ടി വരുന്നത്. ഇത് അക്കാദമിക പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുന്നുമുണ്ട്.
മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇക്കുറി വിദ്യാലയത്തിലെ പഠന, പഠനേതര പ്രവര്‍ത്തനങ്ങളില്‍ ഇത് പ്രതിഫലിക്കുന്നതായും രക്ഷിതാക്കള്‍ ആരോപിക്കുന്നു. അടിയന്തരമായി പ്രഥമാധ്യാപകന്റെ ഒഴിവ് നികത്തുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ല, സബ് ജില്ല വിദ്യാഭ്യാസ അധികൃതര്‍ക്ക് രക്ഷിതാക്കള്‍ നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ല. തങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഡി.ഡി ഓഫിസിനു മുന്നില്‍ വിദ്യാര്ഥികളുമായെത്തി പ്രതിഷേധിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.