കൂട്ടംതെറ്റിയെത്തിയ കാട്ടുപന്നി പട്ടാപ്പകല്‍ വീടിന്റെ ഗേറ്റ് തകര്‍ത്തു
text_fieldsകുളത്തൂപ്പുഴ: കാടിറങ്ങി ജനവാസമേഖലയിലെത്തിയ കാട്ടുപന്നികളിലൊന്ന് വീടിന് മുന്നിലെ കവാടം ഇടിച്ചു തകര്‍ത്തു. കുളത്തൂപ്പുഴ ആറ്റിനുകിഴക്കേക്കര ഇരട്ടവള്ള കടവിനു സമീപം ചെമ്പനഴികത്ത് വീട്ടില്‍ അബ്ദുല്‍ ഷുക്കൂറിന്റെ വീട്ടിനു മുന്നിലെ ഗേറ്റാണ് കാട്ടുപന്നി ഇടിച്ചുതകര്‍ത്തത്.
കഴിഞ്ഞദിവസം രാവിലെ 10 ഓടെ വീട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം. കൂട്ടം തെറ്റി പുരയിടത്തിലെത്തിയ കാട്ടുപന്നികള്‍ പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ വേലിക്കെട്ടിനൊപ്പം സ്ഥാപിച്ചിട്ടുള്ള കവാടത്തില്‍ ഇടിച്ച് കുടുങ്ങുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കുമ്പോഴാണ് കാട്ടുപന്നി കുടുങ്ങിയ വിവരം അറിയുന്നത്.
ഈ സമയം വീട്ടിലെ കൊച്ചു കുഞ്ഞുങ്ങള്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടു നില്ക്കുന്നുണ്ടായിരുന്നു. ശബ്ദം കേട്ടെത്തിയ വീട്ടമ്മ കാട്ടുപന്നികളെ കണ്ട് ഉടന്‍തന്നെ കുഞ്ഞുങ്ങളെയും വാരിയെടുത്ത് വീട്ടിനുള്ളിലേക്ക് ഓടിക്കയറി. ഇതിനിടെ സിമന്റ് തൂണില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗേറ്റില്‍ കുടുങ്ങിയ കാട്ടുപന്നി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ തൂണുകളും കവാടവും തകര്‍ന്നു വീണു. ഈ സമയം മറ്റുള്ളവ ഇതുവഴി പുറത്തേക്ക് ഓടിപ്പോയി.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഗേറ്റില്‍നിന്ന് തല ഊരിയെടുത്ത കാട്ടുപന്നിയും ആ ദിശയിലേക്കുതന്നെ ഓടിപ്പോയി. രാത്രിയില്‍ തീറ്റതേടി ജനവാസ മേഖലയിലെ കൃഷിയിടത്തില്‍ എത്തിയ കാട്ടുപന്നിക്കൂട്ടം തിരികെ കാട്ടിലേക്ക് കടക്കാനുള്ള തത്രപ്പാടില്‍ ദിക്കുതെറ്റി അടച്ചിട്ട കവാടത്തില്‍ കുടുങ്ങിയാതാകാമെന്ന് വീട്ടുകാര്‍ പറയുന്നു.
തകരഷീറ്റുകൊണ്ട് പുരയിടത്തിനു ചുറ്റാകെ സംരക്ഷണ വേലി സ്ഥാപിച്ച കൃഷിയാണ് കഴിഞ്ഞ രാത്രിയില്‍ കാട്ടുപന്നികള്‍ തകര്‍ത്തത്. പകല്‍സമയത്ത് കുഞ്ഞുങ്ങള്‍ പുറത്തു നില്‍ക്കെ വീട്ടുമുറ്റത്ത് കാട്ടുപന്നിക്കൂട്ടത്തെ കണ്ടതിന്റെ ഭീതിയിലാണ് വീട്ടുകാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.