ജനവാസ മേഖലയില്‍ കാട്ടുപോത്ത്; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsകുളത്തൂപ്പുഴ: കാട്ടുപോത്തിനു മുന്നില്‍പെട്ട യുവാവ് തലനാരിഴക്ക് രക്ഷപെട്ടു. ചോഴിയക്കോട് മില്‍പ്പാലം സ്വദേശിയും പത്രം ഏജന്റ് കൂടിയായ ബിജുഭവനില്‍ സിബീഷ് പി.രാജാണ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട്ടില്‍ നിന്ന് ചോഴിയക്കോട് ടൗണിലേക്ക് പത്രമെടുക്കാനായി പോകവെ അപ്രതീക്ഷിതമായി കാട്ടുപോത്തിനെ തൊട്ട് മുന്നിൽ കാണുകയായിരുന്നു. നിയന്ത്രണം വിട്ട ഇരുചക്രവാഹനം ഉപേക്ഷിച്ച് സമീപത്തെ ബന്ധുവിന്റെ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയപ്പോള്‍ വീടിനു മുന്നില്‍ നിന്നിരുന്ന മറ്റൊരു കാട്ടുപോത്ത് സിബീഷിനു സമീപത്തുകൂടി ഓടിപ്പോയി. പോത്ത് മുക്രയിടുന്ന ശബ്ദം കേട്ട് പെട്ടെന്ന് വഴിമാറിയതിനാല്‍ അപകടത്തില്‍ പെടാതെ രക്ഷപെടുകയായിരുന്നു. ചോഴിയക്കോട് മില്‍പ്പാലം പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കല്ലടയാറ് കടന്നെത്തുന്ന കാട്ടുമൃഗങ്ങളുടെ ശല്യം ഏറിയിരിക്കുകയാണ്.
വനം വകുപ്പ് സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ്ജ വേലികൾ പ്രവര്‍ത്തന രഹിതമായി മാറിയിട്ട് കാലങ്ങളേറെയായി. ഇതോടെ കാട്ടാനകളും കാട്ടുപോത്തുകളും കാട്ടുപന്നികളുമെല്ലാം രാത്രിയെന്നോ പകലെന്നോ വിത്യാസമില്ലാതെ ജനവാസ മേഖലയിലേക്ക് കടന്നെത്തുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇവയെ ഭയന്ന് കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ പോലുമാകാത്ത അവസ്ഥയാണെന്നും പുരയിടത്തിലൊന്നും യാതൊരു വിധത്തിലുമുള്ള കൃഷിയും ചെയ്യാനാവാത്ത വിധം കാട്ടുമൃഗ ശല്യം നിത്യ സംഭവമായി മാറിയിരിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. കാട്ടുമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണാന്‍ വനം വകുപ്പ് അധികൃതര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിനൊരുങ്ങി നാട്ടുകാര്‍ രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ സെക്ഷന്‍ വനപാലകര്‍ എത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം റീനഷാജഹാന്, കാസ്ക് പ്രസിഡന്റ് ഷിജു നായര്‍, സി. പി. എം നേതാവ് രാജേന്ദ്ര ബാബു, അശോകന് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.