വീണ്ടും കാട്ടാന ആക്രമണം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsകുളത്തൂപ്പുഴ: ഒരാഴ്ചക്കിടെ മൂന്നാം തവണയും വനപാതയില്‍ കാട്ടാനയുടെ ആക്രമണം. ആനയുടെ മുന്നില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണു പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുളത്തൂപ്പുഴ പെരുവഴിക്കാല ആദിവാസി കോളനി അവനിക ഭവനില്‍ ശ്യാംകുമാറിനാണ് (33) കാലിനും ഇടുപ്പെല്ലിനും പരിക്കേറ്റത്. കുളത്തൂപ്പുഴയിലെ ഇന്ധന വിതരണ കേന്ദ്രത്തില്‍ പമ്പ് ഓപറേറ്ററായി ജോലി നോക്കുന്ന ശ്യാംകുമാര്‍ കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെ ജോലിയില്‍ പ്രവേശിക്കുന്നതിനായി വീട്ടില്‍നിന്ന് നടന്ന് വരുകയായിരുന്നു. ആനക്കുഴി മുക്കിലെത്തിയപ്പോള്‍ വനത്തിറമ്പില്‍ നിശ്ശബ്ദമായി നിന്നിരുന്ന ആന പെട്ടെന്നു മുന്നിലേക്ക് കടന്നെത്തുകയും ശ്യാംകുമാറിനു പിന്നാലെ ഓടുകയുമായിരുന്നു.
ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീണ് താഴേക്ക് ഉരുണ്ട് നീങ്ങിയ ശ്യാം കുമാറിനു പിന്നാലെ ആനയെത്തി. ഈ സമയം ഓട്ടോറിക്ഷയുമായി അവിടെയെത്തിയ സമീപവാസിയായ ഡ്രൈവര്‍ രാജു മനഃസ്ഥൈര്യം വിടാതെ ഓട്ടോറിക്ഷ ഇരപ്പിക്കുകയും ഹോണ്‍മുഴക്കി ശബ്ദമുണ്ടാക്കുകയും ചെയ്തതോടെ ആന സമീപത്തെ കാട്ടിലേക്ക് ഇറങ്ങി പോവുകയായിരുന്നു.
വീഴ്ചയില്‍ കാലിനും ഇടുപ്പെല്ലിനും പരിക്കേറ്റ് അബോധാവസ്ഥയിലായ ശ്യാംകുമാറിനെ രാജു ഉടന്‍തന്നെ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലേക്കെത്തിക്കുകയും പ്രാഥമിക ശുശ്രൂഷ നല്കി വിദഗ്ധ ചികിത്സക്കായി കടയ്ക്കല്‍ താലൂക്കാശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.
രണ്ടു ദിവസം മുമ്പ് ഇതേ വനപാതയില്‍ ഇരുചക്രവാഹനത്തിലെത്തിയ രണ്ടാം മൈല്‍ സ്വദേശി സനല്‍, ജീപ്പില്‍ വീട്ടിലേക്ക് പോവുകയായിരുന്ന വനം വകുപ്പ് താൽക്കാലിക വാച്ചര്‍ അനില്‍കുമാര്‍ എന്നിവരെ ആക്രമിച്ച അതേ പിടിയാനയാണ് കഴിഞ്ഞ ദിവസം ശ്യാംകുമാറിനു നേരെയും പാഞ്ഞടുത്തത്.
കഴിഞ്ഞ ദിവസം ആര്.ആര്.ടി സംഘമെത്തി ഉള്‍വനത്തിലേക്ക് പായിച്ചതായി പറയുന്ന ആനയാണ് പ്രദേശവാസികള്‍ക്ക് ഭീഷണിയായി വീണ്ടുമെത്തിയിരിക്കുന്നത്. പകല്‍സമയത്ത് കാല്‍നടയാത്ര പോലും കാട്ടുമൃഗങ്ങളുടെ ഭീഷണിയിലായതോടെ പ്രദേശവാസികള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനാവാത്ത അവസ്ഥയാണെന്നും വിദ്യാര്‍ഥികളെ സ്കൂളിലയക്കാന് പോലും ഭയമാണെന്നും നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് ദ്രുതകര്‍മ സേനയുടെ സാന്നിധ്യമുണ്ടാകുമെന്ന വാഗ്ദാനം പ്രഖ്യാപനം മാത്രമായി മാറുകയും ചെയ്തതോടെ പ്രദേശവാസികളുടെ പ്രതിഷേധം കനക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.