ചെമ്പനഴികം മേഖലയില്‍ കാട്ടാനക്കൂട്ടം; ഭീതിയോടെ നാട്ടുകാര്‍
text_fieldsകുളത്തൂപ്പുഴ: കാട്ടുമൃഗങ്ങള്‍ ജനവാസമേഖലയിലേക്കെത്തുന്നത് പതിവാകുന്നു. കുളത്തൂപ്പുഴ ചെമ്പനഴികം ജനവാസമേഖലയോട് ചേര്‍ന്നുള്ള പഴയ തമ്പക പ്ലാന്റേഷനിലൂടെയുള്ള വനപാതയിലാണ് ഞായറാഴ്ച പുലര്‍ച്ചെ ആറരയോടെയാണ് കാട്ടാനക്കൂട്ടത്തെ കണ്ടത്. പ്ലാന്റേഷന്റെ അതിര്‍ത്തിയിലൂടെ വനം വകുപ്പ് മുമ്പ് സ്ഥാപിച്ചിരുന്ന സൗരോര്‍ജവേലി മറികടന്നാണ് ഇവ എത്തിയത്. പ്രദേശവാസികൾ ശബ്ദമുണ്ടാക്കി തുരത്താന്‍ ശ്രമിച്ചതിനെതുടർന്ന് ഏറെക്കഴിഞ്ഞാണ് പ്രദേശത്തുനിന്ന് മടങ്ങിയത്. നേരം പുലര്‍ന്നശേഷം പാതയോരത്ത് ആനകളെ കണ്ടതിനാൽ മറ്റ് സ്ഥലങ്ങളിലേക്ക് ജോലിക്ക് പോവുകയായിരുന്ന പലരും മുന്നില്‍ പെടാതെ രക്ഷപ്പെട്ടു.
കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ്, മയിൽ തുടങ്ങിയവ നിരന്തരം ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും കടന്നെത്തുന്നതിനാല്‍ കോളനിപ്രദേശങ്ങളിലുള്ളവര് ഏറെ ഭയപ്പാടിലാണ്. കടുത്ത വേനലില്‍ അരുവികളും നീര്‍ച്ചാലുകളും വറ്റിവരണ്ടതോടെയാണ് കുടിവെള്ളവും തീറ്റയും തേടി ഇവ ജനവാസമേഖലയിലെത്തുന്നത്. മുന്‍കാലങ്ങളില്‍ വനംവകുപ്പ് നേതൃത്വത്തില്‍ ആനത്താരകളിലും മറ്റ് മൃഗങ്ങളെത്താന് സാധ്യതയുള്ള പ്രദേശങ്ങളിലും കുളങ്ങളുടെയും മറ്റും ആഴം കൂട്ടിയും ഉപ്പും ചാരവും വിതറിയും മൃഗങ്ങള്‍ക്ക് കുടിവെള്ളത്തിന് ക്രമീകരണങ്ങളേര്പ്പെടുത്തിയിരുന്നു.
എന്നാല്‍ പിന്നീട് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വനംവകുപ്പ് പിന്നാക്കം പോവുകയായിരുന്നു. നാട്ടുകാരില്‍നിന്ന് വ്യാപക പ്രതിഷേധം ഉയർന്നതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശവാസികളുമായി ചര്‍ച്ച നടത്തി. ശാശ്വത പരിഹാരമെന്ന നിലയില്‍ ജനവാസമേഖലക്ക് ചുറ്റും കിടങ്ങ് നിര്‍മാണത്തിന് പദ്ധതി തയാറാക്കി വനംവകുപ്പിന്റെ അനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കുന്ന മുറക്ക് പ്രവൃത്തികള്‍ ആരംഭിക്കുമെന്നും കുളത്തൂപ്പുഴ റേഞ്ച് ഓഫിസര്‍ ആര്.സി. അരുണ്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.