കുളത്തൂപ്പുഴയിൽ പിന്മാറാതെ കാട്ടാനക്കൂട്ടം
text_fieldsകുളത്തൂപ്പുഴ: ഒരാഴ്ചയിലധികമായി കുളത്തൂപ്പുഴ ടൗണിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടമെത്തുന്നത് പതിവായതോടെ ഉറക്കം നഷ്ടപ്പെട്ട് പ്രദേശവാസികള്‍. കുളത്തൂപ്പുഴ സെന്‍ട്രല്‍ ജങ്ഷനില്‍നിന്നും ഏതാനും മീറ്റര്‍ അകലെയുള്ള പതിനാറേക്കര്‍ പ്രദേശത്താണ് കഴിഞ്ഞ ദിവസങ്ങളില്‍ ആനക്കൂട്ടം വ്യാപക കൃഷിനാശം വരുത്തിയത്.
കഴിഞ്ഞ രാത്രിയില്‍ നടുക്കുന്ന് മേലതില്‍ നവാസിന്റെ വീടിന് പിന്നിലെത്തിയ കാട്ടാനക്കൂട്ടം കൃഷിയിടത്തിലുണ്ടായിരുന്ന പ്ലാവുകളിലെ ചക്കകൾ മുഴുവന്‍ ഭക്ഷിച്ചു. വാഴകളും റബര്‍മരങ്ങള്‍ക്കും നാശം വരുത്തി.
കാട്ടാനക്കൂട്ടമെത്തിയ വിവരമറിഞ്ഞ് സമീപ വീടുകളിലുള്ളവര്‍ ഭയപ്പാടോടെയാണ് രാത്രി കഴിച്ചുകൂട്ടിയത്. മണിക്കൂറുകളോളം പുരയിടത്തില്‍ നിലയുറപ്പിച്ച ആനക്കൂട്ടം പുലർച്ചയാണ് സമീപത്തെ വനമേഖലയിലേക്ക് മടങ്ങിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാട്ടാനകളെ പ്രദേശത്തുനിന്ന് തുരത്തുന്നതിന് വനം വകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.