അമ്പതേക്കര്‍ പാതയില്‍ പകലും കാട്ടാനക്കൂട്ടം; ഭീതിയോടെ പ്രദേശവാസികള്‍
text_fieldsകുളത്തൂപ്പുഴ: പകലും അമ്പതേക്കര്‍ പാതയില്‍ കാട്ടാനക്കൂട്ടത്തെ കണ്ടതോടെ പ്രദേശവാസികള്‍ ഭീതിയില്‍. കഴിഞ്ഞദിവസം രാവിലെ ഏഴോടെയാണ് അമ്പതേക്കര്‍ പാലത്തിന് സമീപം തേക്ക് പ്ലാന്റേഷനില്‍നിന്ന് കാട്ടാനക്കൂട്ടം കുളത്തൂപ്പുഴ-വില്ലുമല പാതയിലേക്കിറങ്ങിയത്. കുളത്തൂപ്പുഴയിലേക്ക് സവാരി പോകാനെത്തിയ ഓട്ടോറിക്ഷ യാത്രക്കാരും രാവിലെ കുഞ്ഞുമാന്തോട്ടിൽ കുളിക്കാനെത്തിയ പ്രദേശവാസികളുമാണ് ആദ്യം കാട്ടാനക്കൂട്ടത്തെ കണ്ടത്.
തുടര്‍ന്ന് ആളുകള്‍ കൂടി ബഹളം വെച്ചതോടെ കാട്ടാനകള്‍ സെന്‍ട്രല്‍ നഴ്സറി വക ഇരുമ്പുവേലി തകര്‍ത്ത് അക്കേഷ്യ തോട്ടത്തിലേക്ക് കടന്നു. പുലര്‍ച്ച തോടിന് സമീപം നാട്ടുകാരില്‍ പലരും ആനകളുടെ ചിന്നംവിളി കേട്ടിരുന്നു. രാവിലെ അഞ്ചുമുതല്‍ ഓട്ടോറിക്ഷകളിലും ഇരുചക്രവാഹനങ്ങളിലും കാല്‍നടയായും വിദ്യാര്‍ഥികളും പ്രദേശവാസികളും നിരന്തരം കടന്നുപോകുന്ന പാതയില്‍ കാട്ടാനക്കൂട്ടത്തെ കണ്ടതോടെ നാട്ടുകാര്‍ ഭീതിയിലാണ്.
ഏതാനും ദിവസം മുമ്പ് സന്ധ്യക്ക് ഓട്ടോറിക്ഷക്ക് പിന്നാലെ കാട്ടാന ഓടിയെത്തിയിരുന്നു. പെരുവഴിക്കാലയില്നിന്നെത്തിയ ഓട്ടോറിക്ഷ കാട്ടാന കുത്തി മറിച്ച സംഭവവുമുണ്ടായി. ജനവാസ മേഖലക്കുചുറ്റും അമ്പതേക്കര്‍ പാതയുടെ ഇരുവശത്തുമായി മാസങ്ങള്‍ക്കുമുമ്പ് വനം വകുപ്പ് സ്ഥാപിച്ച സൗരോര്‍ജ വേലി തകര്‍ന്ന നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.