കാട്ടാനശല്യം രൂക്ഷം; തെരുവുവിളക്ക് സ്ഥാപിക്കണമെന്ന ആവശ്യത്തിന് അവഗണന
text_fieldsകുളത്തൂപ്പുഴ: കാടിറങ്ങി നിരന്തരം കാട്ടാനക്കൂട്ടമെത്തുന്ന പട്ടികവര്‍ഗകോളനി പ്രദേശത്ത് തെരുവുവിളക്ക് സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാതെ അധികൃതര്‍. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില്‍ അമ്പതേക്കറില്നിന്ന് വില്ലുമല പടിഞ്ഞാറേ ട്രൈബല്‍ കോളനിയിലേക്ക് പോകുന്ന പാതയിലാണ് തെരുവുവിളക്കുകള്‍ സ്ഥാപിക്കാത്തത്. ഇതുവഴി കോളനി പ്രദേശത്തേക്ക് വൈദ്യുതി എത്തിയിട്ടുണ്ടെങ്കിലും പാതയിലെങ്ങുംതന്നെ തെരുവുവിളക്ക് സ്ഥാപിച്ചിട്ടില്ല.
മിക്ക ദിവസങ്ങളിലും സന്ധ്യ മയങ്ങിയാല്‍ സമീപത്തെ കുട്ടിവനത്തില്നിന്ന് കാട്ടാനക്കൂട്ടങ്ങളും കാടിറങ്ങിയെത്തുന്ന കാട്ടുപോത്തുകളും കാട്ടുപന്നികളും നിരന്തരമായി പ്രദേശത്തെത്തുന്നു. അതിനാൽ ഇതുവഴി കടന്നുപോകാന്‍ കോളനിവാസികള്‍ക്ക് ഭയമാണ്. സന്ധ്യയായതിനുശേഷം കോളനിപ്രദേശത്തുള്ള ആര്‍ക്കെങ്കിലും അസുഖമോ മറ്റോ വന്നാല്‍ കാട്ടുമൃഗശല്യമുള്ള ഈ പാതയിലൂടെ വേണം കുളത്തൂപ്പുഴ ടൗണിലെത്താന്‍.
അതുപോലെ തന്നെ അകലങ്ങളില്‍ ജോലിക്ക് പോയി മടങ്ങുന്നവർ വീടെത്തുന്നതുവരെ കുടുംബാംഗങ്ങൾ ഭീതിയോടെയാണ് കഴിച്ചുകൂട്ടുന്നത്. കാട്ടാന ശല്യമുള്ള പ്രദേശങ്ങളിൽ തെരുവുവിളക്കുകള്‍ സ്ഥാപിക്കുകയും തൂവെളിച്ചം പദ്ധതി പ്രകാരം ടൗണ്‍ പ്രദേശങ്ങളിലാകമാനം വൈദ്യുതി തൂണുകളിലോരോന്നിലും വിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഏറെ അപകടസാധ്യത നിലനില്‍ക്കുന്ന ഇവിടെ തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ഒഴികഴിവുകള്‍ പറഞ്ഞ് മടക്കുകയാണെന്ന് ആദിവാസിനേതാവും ഊരുമൂപ്പനുമായ പി. തങ്കപ്പന് കാണി പറഞ്ഞു.
ദുരന്തമുണ്ടാകുമ്പോള്‍ മാത്രം സഹായവുമായി എത്താന്‍ കാത്തുനില്ക്കുന്ന അധികൃതരുടെ അനാസ്ഥക്കെതിരെ വൈദ്യുതിവകുപ്പ്, പട്ടികവര്‍ഗ കമീഷന്, മനുഷ്യാവകാശ കമീഷന് എന്നിവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.