ഓട്ടോറിക്ഷക്ക് പിന്നാലെ കാട്ടാന ഓടിയെത്തി
text_fieldsകുളത്തൂപ്പുഴ: കഴിഞ്ഞദിവസം പുലര്‍ച്ചെയും ഉച്ചക്കും ഓട്ടോറിക്ഷകള്‍ക്ക് പിന്നാലെ കാട്ടാന ചിന്നംവിളിച്ച് ഓടിയെത്തി; യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്, ഭീതിമാറാതെ പ്രദേശവാസികള്‍. കഴിഞ്ഞദിവസം സവാരി പോവുകയായിരുന്ന നിഷാദ്, സുരേഷ് എന്നിവരുടെ ഓട്ടോറിക്ഷക്ക് പിന്നാലെയാണ് കാട്ടാന ശബ്ദമുണ്ടാക്കി ഓടിയെത്തിയത്.
ദിവസങ്ങളായി കുളത്തൂപ്പുഴ അമ്പതേക്കര്‍ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. ഏതാനും ദിവസം മുമ്പ് ആമക്കുളത്തും രണ്ടാം മൈലിലും ഇരുചക്രവാഹനവും ഓട്ടോറിക്ഷയും തട്ടിയെറിഞ്ഞ ആനക്കൂട്ടത്തിലെ ഒരാനയാണ് അമ്പതേക്കര്‍ പാതയിലും വാഹനങ്ങള്‍ക്ക് പിന്നാലെ ഓടിയെത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ടാംമൈല്‍ വനമേഖലയില്‍ നിന്നെത്തിയ കാട്ടാനക്കൂട്ടം സെന്‍ട്രല്‍ നഴ്സറി പ്ലാന്റേഷനിലൂടെ അമ്പതേക്കര്‍ പാത മറികടന്ന് വില്ലുമല ഭാഗത്തേക്ക് തോട്ടത്തിലേക്ക് കടന്നെങ്കിലും വനത്തിലേക്ക് കയറിപ്പോകാതെ പാതയോരത്ത് കുട്ടി വനത്തില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ ഏതു സമയത്തും അമ്പതേക്കര്‍ പാതയിലേക്ക് ആനകള്‍ കടന്നെത്തുന്നതിനുള്ള സാധ്യത ഏറെയാണെന്നതാണ് നാട്ടുകാരുടെ ഭീതി വർധിപ്പിക്കുന്നത്.
നാളുകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വനാവരണം പദ്ധതിയുടെ ഭാഗമായുള്ള തൂങ്ങിക്കിടക്കുന്ന വൈദ്യുതി വേലിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കാട്ടാനകള്‍ പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്. അടിയന്തരമായി വൈദ്യുതി വേലിയുടെ നിര്‍മാണം പൂര്‍ത്തിയാക്കി യാത്രാസുരക്ഷ ഉറപ്പാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.