വന്യമൃഗശല്യം: പദ്ധതികള്‍ നോക്കുകുത്തി; കുളത്തൂപ്പുഴയിൽ വന്യമൃഗങ്ങൾ നാടുവാഴുന്നു
text_fieldsകുളത്തൂപ്പുഴ: കാട്ടുമൃഗങ്ങള്‍ ജനവാസമേഖലയിലെത്തുന്നത് തടയാൻ പദ്ധതികള്‍ നിരവധിയുണ്ടെങ്കിലും ഭീഷണി മാറാതെ കുളത്തൂപ്പുഴ ഗ്രാമം. വന്യമൃഗ ആക്രമണം തടയാൻ വനംവകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷത്തിനിടയില്‍ കിലോമീറ്ററുകളോളം സൗരോര്‍ജവേലി സ്ഥാപിക്കുകയും പണം ചെലവഴിക്കുകയും ചെയ്തു.
ജനവാസമേഖലക്ക് ചുറ്റുമുള്ള കിടങ്ങ് നിര്‍മാണം വന്യമൃഗങ്ങള്‍ക്ക് പ്രതിബന്ധമേയല്ലാത്ത അവസ്ഥയാണ്. ഏറെ പ്രതീക്ഷ നല്കി വനം മന്ത്രി മാസങ്ങള്‍ക്കുമുമ്പ് പ്രഖ്യാപിച്ച വനാവരണം പദ്ധതി ഇനിയും ആരംഭിച്ചിട്ടുമില്ല.
ഒരാഴ്ചക്കിടെ നാലുപേര്‍ക്ക് പരിക്ക്
കഴിഞ്ഞ ഒരാഴ്ചക്കിടെ കുളത്തൂപ്പുഴയില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ മൂന്ന് സംഭവങ്ങളിലായി നാലുപേര്‍ക്കാണ് പരിക്കേറ്റത്.
കുളത്തൂപ്പുഴ സെന്‍ട്രല്‍ ജങ്ഷനു ഏതാനും മീറ്ററുകള്‍ മാത്രമകലെ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിനുസമീപത്തെ കളിക്കളത്തിലേക്ക് കടന്നെത്തിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ എൻജിനീയറിങ് വിദ്യാര്‍ഥി പതിനാറേക്കര്‍ നിധിന് ഭവനില്‍ നിധിന് (22), നെല്ലിമൂട് ഷാജി മന്‍സിലില്‍ ആദില്‍ (22) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.
നിധിന് നട്ടെല്ലിനേറ്റ ക്ഷതത്തെതുടര്ന്ന് സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ തുടരുകയാണ്. രണ്ടാംമൈല്‍ ആദിവാസി കോളനിയിലേക്കുള്ള യാത്രാമധ്യേ രാത്രിയില്‍ കാട്ടാനകള്‍ ആക്രമിച്ച വനംവകുപ്പ് താൽക്കാലിക വാച്ചറായ സുധിവിലാസം വീട്ടില്‍ അനില്‍കുമാറിന്(48) വാരിയെല്ലുകള്‍ക്ക് പൊട്ടലും കാലിന് പരിക്കുമേറ്റിരുന്നു. ഇരുചക്രവാഹനത്തില്‍ പുലര്‍ച്ച ജോലി തേടി പോകവെ ആമക്കുളത്തിനുസമീപം ആദിവാസിയുവാവ് സനലിൽ (25) കാലില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്.
സൗരോര്‍ജവേലികൾ നോക്കുകുത്തി
ലക്ഷങ്ങള്‍ മുടക്കിയ സൗരോര്‍ജ വേലികൾ നോക്കുകുത്തിയാകവെയാണ് കാട്ടുമൃഗങ്ങള്‍ നിരന്തരം കൃഷിയിടങ്ങളിലും ജനവാസമേഖലയിലുമെത്തുന്നത്.
തുടര്പരിപാലനമില്ലാത്തതാണ് ഇവ മാസങ്ങള്‍ക്കുള്ളില്‍ പ്രവര്ത്തനരഹിതമാകുന്നതിനുകാരണം.
കുളത്തൂപ്പുഴമേഖലയിലെ സൗരോര്‍ജ വേലികളൊന്നുംതന്നെ ആറുമാസത്തില്‍ കൂടുതല്‍ പ്രവര്‍ത്തിച്ചിട്ടില്ല. നിലവില്‍ ഒരുപ്രദേശത്തും ഇവ പ്രവര്‍ത്തനക്ഷമമല്ല. യഥാസമയം അറ്റകുറ്റപ്പണിയില്ലാതെ പാനലുകളും ബാറ്ററികളും നശിച്ച് വെറും കമ്പിവേലി മാത്രമായി മാറുകയായിരുന്നു. ജനവാസമേഖലക്ക് ചുറ്റും നിർമിച്ച കിടങ്ങുകള്‍ പൂര്‍ണമല്ലാത്തതിനാല്‍ അവ കൊണ്ടും പ്രയോജനമില്ല.
വനാവരണം പദ്ധതിയും പ്രഖ്യാപനത്തിലൊതുങ്ങി
കാട്ടുമൃഗങ്ങളുടെ ശല്യം നിരന്തരമായതോടെ കോളനി പ്രദേശങ്ങളിലേക്കുള്ള യാത്രപോലും അപകടകരമാണ്. ജനരോഷം ഉയർന്നതോടെ വനംമന്ത്രി എ.കെ. ശശീന്ദ്രന് കുളത്തൂപ്പുഴയിലെത്തി വന്യമൃഗശല്യമുള്ള പ്രദേശങ്ങളില്‍ 'ഹാങ്ങിങ് ഫെന്‍സിങ്' സ്ഥാപിക്കുന്ന വനാവരണം പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു.
പ്രാരംഭമായി 55 ലക്ഷം രൂപചെലവിൽ അമ്പതേക്കര്‍ പാതയില്‍ ഒന്നര കിലോമീറ്റര്‍ നീളത്തില്‍ വേലി സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി എത്തിച്ച ഇരുമ്പ് കാലുകള്‍ തുരുമ്പെടുത്ത് നശിച്ചുതുടങ്ങിയിട്ടും പദ്ധതി ആരംഭിച്ചിട്ടില്ല.
വേണ്ടത് ഉപകാരപ്രദമായ പദ്ധതികൾ
ജനവാസമേഖലയിലും ആദിവാസികോളനികളിലേക്കുള്ള വനപാതയിലും കാട്ടുമൃഗങ്ങൾ നിത്യസാന്നിധ്യമായിക്കഴിഞ്ഞു.
നിലവിലെ ഭീതിതമായ അവസ്ഥയിൽ ഉദ്യോഗസ്ഥര്‍ പ്രഖ്യാപിക്കുന്ന പ്രയോജനമില്ലാത്ത പദ്ധതികളല്ല കാട്ടുമൃഗങ്ങള്‍ ജനവാസമേഖലയിലെത്താതെ തടയുന്ന സ്ഥായിയായ സംവിധാനമാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രദേശവാസികളും നാട്ടുകാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.