വനത്തിനുള്ളില്‍ തടികള്‍ വീണുനശിക്കുന്നു; ഖജനാവിന് നഷ്ടം കോടികള്‍
text_fieldsകുളത്തൂപ്പുഴ: കിഴക്കന്‍ വനമേഖലയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികൾ വീണ് നശിക്കുമ്പോൾ നഷ്ടം കോടികൾ. കുളത്തൂപ്പുഴ, അഞ്ചല്‍, തെന്മല വനം റേഞ്ചുകളിലെ ഉള്‍വനങ്ങളിലും ശെന്തുരുണി വനമേഖലയിലും വനത്തിലൂടെ ഒഴുകുന്ന പുഴകളിലുമാണ് മരങ്ങള്‍ വീണുകിടന്ന് നശിക്കുന്നത്.
കാറ്റിലും മഴയിലും കടപുഴകുന്നവയും കാലപ്പഴക്കത്താല്‍ ഉണങ്ങി നിലം പൊത്തുന്നവയുമാണ് ഇവയിലേറെയും. കൂട്ടിക്കട, നാങ്കച്ചി, ശംഖിലി, കല്ലാര്‍, റോക്ക് വുഡ്, ആമക്കുളം തുടങ്ങിയ മേഖലകളില്‍ ലോഡ് കണക്കിന് തടിയാണ് ഇത്തരത്തില്‍ കാലങ്ങളായി ശേഖരിക്കാതെ കിടന്നുനശിക്കുന്നത്.
തേക്ക്, തേമ്പാവ്, കമ്പകം, ഈട്ടി, മരുതി, ഊറാവ്, മഹാഗണി, വെന്തേക്ക്, പേഴ്, നെല്ലി, മുള തുടങ്ങി നിരവധി ഇനങ്ങളിലായി വന്‍വില വരുന്ന മരങ്ങളാണ് ഇങ്ങനെ നശിച്ച് മണ്ണായിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ പേപ്പര്‍ മില്ലുകള്‍ പള്‍പ്പും അസംസ്കൃതവസ്തുക്കളും വിദേശരാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്തുതുടങ്ങിയതോടെ വനം വകുപ്പ് നേതൃത്വത്തിലുണ്ടായിരുന്ന ഈറ്റ, മുള, അക്കേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയ പ്ലാന്റേഷനുകളുടെ പ്രവര്‍ത്തനം നിലച്ചതുമൂലം പരമ്പരാഗതമായി വനമേഖലയിലെ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളും ആദിവാസികളും തൊഴില്‍ നഷ്ടപ്പെട്ട് നരകയാതനയിലാണ്.
ഒപ്പം പ്രദേശത്തെ വനമേഖലയില്‍ തടിക്കൂപ്പുകള് നിലച്ചതോടെ പ്രവര്‍ത്തനം ഇല്ലാതായ തടിഡിപ്പോകളിലെ തൊഴിലാളികളും വരുമാന മാര്‍ഗമില്ലാതായതോടെ മറ്റ് തൊഴിലിനായി പരക്കം പായുകയാണ്.
ഇത്തവണ കുളത്തൂപ്പുഴ തടിഡിപ്പോയില്‍ ഒരുകൂപ്പില് നിന്ന് ഏതാനും ലോഡ് തേക്കുതടികളെത്തിയതൊഴിച്ചാല് മാസങ്ങളായി തൊഴിലില്ലാത്ത നിലയിലാണ്. ഈ സാഹചര്യത്തിലാണ് വനത്തിനുള്ളില്‍ വീണു കിടക്കുന്ന തടികള്‍ ശേഖരിക്കുന്നതിൽ വനംവകുപ്പിന്റെ നിസ്സംഗത. ത്രിതല പഞ്ചായത്തുകളിലെ വിവിധ പദ്ധതി ആനുകൂല്യങ്ങള്‍ ലഭിച്ച് ഭവനനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വന്‍ വില നല്കി തടി വാങ്ങേണ്ട അവസ്ഥയാണ്.
വനത്തിനുള്ളില്‍ വീണുകിടക്കുന്ന തടികള്‍ ശേഖരിച്ച് ന്യായവിലക്ക് ഇത്തരക്കാര്‍ക്ക് വില്ക്കാന് സര്‍ക്കാര്‍ തയാറാക്കിയ പദ്ധതി ഉദ്യോഗസ്ഥ നിസ്സംഗതയെ തുടര്‍ന്ന് പ്രാവര്‍ത്തികമായില്ല. വനംവകുപ്പിന്റെ അലംഭാവം സമൂഹമധ്യത്തില്‍ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.