കുണ്ടറ വിളംബരം; ബ്രീട്ടീഷ് ആധിപത്യത്തിനെതിരെ ആയുധമേന്താനുള്ള ആഹ്വാനം
text_fieldsകുണ്ടറ വിളംബര സ്മാരകം
കുണ്ടറ: ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നാട്ടുകൂട്ടങ്ങളോട് ആയുധമെടുത്ത് അടരാടൻ ആഹ്വാനം ചെയ്ത, സ്വാതന്ത്ര്യസമരത്തിന്‍റെ തിളക്കമാർന്ന ഏടാണ് കുണ്ടറ വിളംബരം.
ബ്രിട്ടീഷുകാർ തിരുവിതാംകൂറിൽ വിവിധ തരത്തിലുള്ള നിരോധനങ്ങൾ ഏർപ്പെടുത്തിയിരുന്ന സമയത്താണ് ജീവൻപോലും അവഗണിച്ച്, വേലുത്തമ്പി ദളവ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ആയുധമെടുക്കാൻ കുണ്ടറയിലെത്തി ആഹ്വാനം ചെയ്തത്. 1857 ലെ ശിപായി ലഹളയെന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന് അരനൂറ്റാണ്ട് മുമ്പ്, 1809 ജനുവരി 11നായിരുന്നു വേലുത്തമ്പിയുടെ ഇംഗ്ലീഷ് വിരുദ്ധപോരാട്ടം എന്നതും ശ്രദ്ധേയമാണ്.
ബ്രിട്ടീഷുകാരെ എതിർത്ത കൊച്ചിയിലെ പാലിയത്തച്ചനും തിരുവിതാംകൂറിലെ വേലുത്തമ്പി ദളവയുമായി രഹസ്യസഖ്യമുണ്ടാക്കുകയും തിരുവിതാംകൂറിൽ നിന്നും കൊച്ചിയിൽ നിന്നും ബ്രിട്ടീഷുകാരെ നാടുകടത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയും ചെയ്തു. പാലിയത്തച്ചൻ 1808ൽ ബോൾഗാട്ടിയിലെ ബ്രിട്ടീഷ് െറസിഡൻസിയെ ആക്രമിച്ചു. തുടർന്നാണ് 1809 ജനുവരി 11ന് വേലുത്തമ്പി ദളവ കുണ്ടറയിലെത്തി വിളംബരം നടത്തിയത്.
തിരുവിതാംകൂറിനെ സംരക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന ബ്രിട്ടീഷ് കമ്പനി സൈന്യം നാടിനെ കൊള്ളയടിക്കുകയാണെന്നും അവരെ ഇവിടെനിന്ന് കെട്ടുകെട്ടിക്കണമെന്നും ഇവർ തുടർന്നാൽ നാട് നശിക്കുമെന്നും ഇവർക്കെതിരെ രാജഭക്തരും ദേശസ്നേഹികളും 'ആയുധം എടുക്കൂ, പോരാട്ടത്തിന് തയാറാവുക' എന്ന ആഹ്വാനമായിരുന്നു കുണ്ടറ വിളംബരത്തിന്‍റെ കാതൽ.
984ാമാണ്ട് മകരമാസം ഒന്നാം തീയതിയാണ് വിളംബരം. സ്വതന്ത്ര്യസമര ചരിത്രത്തിലെ ആദ്യ ചെറുത്തുനിൽപ്പുകളിൽ അടയാളപ്പെടുത്തേണ്ട കുണ്ടറ വിളംബരം പലപല തർക്കങ്ങളാൽ അർഹിക്കുന്ന പ്രാധാന്യം കിട്ടാതെ അവഗണിക്കപ്പെടുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.