കുണ്ടറയിൽ സസ്പെൻസ്, ഒടുവിൽ പൊടിപൂരം
text_fieldsകൊല്ലം: സി.പി.എമ്മിനും കോൺഗ്രസിനും അഭിമാനപോരാട്ടവേദിയാണ് കുണ്ടറ. കഴിഞ്ഞ മൂന്നു നിയമസഭ തെരഞ്ഞെടുപ്പുകളിലായി കുണ്ടറയുമായി അടിയുറച്ച 'അന്തർധാര'യിൽ പിടിച്ചുകയറാമെന്ന് ഇടതുപക്ഷം കണക്കുകൂട്ടുന്നു. രണ്ടു പതിറ്റാണ്ട് മുമ്പ് വരെ തങ്ങളെ ഇടക്കും മുറക്കും അനുകൂലിച്ചിരുന്ന പഴയ കുണ്ടറയെ വിളിച്ചുണർത്താനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ക്യാമ്പ്.
കുണ്ടറയുടെ സ്വന്തം എന്ന ലേബൽ അവകാശപ്പെടാവുന്ന ജെ. മേഴ്സിക്കുട്ടിയമ്മ ആറാം അങ്കത്തിന് ഇടതുചേരിയിൽ കച്ച മുറുക്കുേമ്പാൾ അവസാന നിമിഷം വെര നീണ്ട സസ്പെൻസിനൊടുവിൽ കളത്തിലിറക്കിയ പി.സി. വിഷ്ണുനാഥാണ് കോൺഗ്രസ് പോരാളി. എൻ.ഡി.എയിൽനിന്ന് ബി.ഡി.ജെ.എസിെൻറ വനജ വിദ്യാധരനും പോരിനുണ്ട്.
നേരത്തേ പ്രചാരണം തുടങ്ങിയതിെൻറ ആത്മവിശ്വാസം മേഴ്സിക്കുട്ടിയമ്മക്കുണ്ട്. മണ്ഡല ചരിത്രത്തിൽ ആദ്യമായി ഒരു മുന്നണിക്ക് ഹാട്രിക് ജയം സമ്മാനിച്ച് കഴിഞ്ഞതവണ തന്നെയും എൽ.ഡി.എഫിനെയും തോളിലേറ്റിയ കുണ്ടറയിൽ അവർക്ക് വിശ്വാസമേറെ. കോൺഗ്രസ് ഏറ്റവും ഒടുവിലായി സ്ഥാനാർഥിയെ പ്രഖ്യാപിച്ച മണ്ഡലങ്ങളിലൊന്നാണ് കുണ്ടറ. 1991, 2001 വർഷങ്ങളിൽ മേഴ്സിക്കുട്ടിയമ്മയെ വീഴ്ത്തിയ നേട്ടം ഇക്കുറിയും ആവർത്തിക്കാനാവുമെന്ന് ഉറച്ചിരിക്കുകയാണ് വിഷ്ണുനാഥ്.
കശുവണ്ടിമേഖല ജീവശ്വാസമായ കുണ്ടറയുടെ വ്യവസായ മണ്ണിൽ സർക്കാറിെൻറ വികസനനേട്ടങ്ങളാണ് മേഴ്സിക്കുട്ടിയമ്മ ഉയർത്തുന്നത്. ആഴക്കടൽ കരാർ വിവാദം പോലുള്ളവയുമായി ആക്രമിക്കാൻ യു.ഡി.എഫ് ശ്രമമുണ്ടെങ്കിലും മത്സ്യമേഖലക്ക് സ്വാധീനമില്ലാത്ത കുണ്ടറയിൽ അത് വ്യത്യാസമുണ്ടാക്കില്ല എന്നാണ് വിലയിരുത്തൽ. എന്നാൽ, മന്ത്രിക്കും സർക്കാറിനുമെതിരെ ഇടയലേഖനം വായിച്ച ലത്തീൻ കത്തോലിക്ക സഭ നിലപാട് വെല്ലുവിളിയാണ്.
എൻ.ഡി.എ സ്ഥാനാർഥി ബി.ഡി.ജെ.എസ് പ്രതിനിധിയാണെന്നതും പ്രതികൂല ഘടകമാണെന്ന് എൽ.ഡി.എഫ് വിലയിരുത്തുന്നു. സീറ്റ് ബി.ഡി.ജെ.എസിന് ആണെന്ന് അറിഞ്ഞത് മുതൽ എൻ.ഡി.എയിൽ അസ്വാരസ്യങ്ങൾ ഉയർന്നിരുന്നു.
പ്രതിഷേധമുള്ള ബി.ജെ.പി പ്രവർത്തകർ പ്രചാരണപ്രവർത്തനങ്ങളിൽ കാര്യമായി ഇടപെടുന്നില്ല. എൻ.എസ്.എസ് പിന്തുണയാണ് വിഷ്ണുനാഥിന് ആത്മവിശ്വാസം നൽകുന്ന ഘടകം. വോട്ട് മറിച്ചിൽ ഉണ്ടായാലും കുറഞ്ഞ ഭൂരിപക്ഷത്തിലെങ്കിലും ജയിക്കും എന്ന ഉറപ്പിലാണ് എൽ.ഡി.എഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.