എസ്.ഐയെ വധിക്കാൻ ശ്രമം: കാപ്പ കേസ് പ്രതി അറസ്റ്റിൽ
text_fieldsകുണ്ടറ: കാപ്പ കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ എസ്.ഐയെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പടപ്പക്കര ലൈവി ഭവനിൽ ആൻറണി ദാസ് (29) ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. 16ന് രാത്രി 7.45ന് പടപ്പക്കര വാളത്തിപൊയ്കയിലായിരുന്നു സംഭവം. കാപ്പ കേസിൽ കലക്ടർ തടങ്കലിന് ഉത്തരവിട്ട പ്രതിയായ ആൻറണി ദാസിനെ പിടിക്കാൻ മഫ്തിയിലെത്തിയ കുണ്ടറ എസ്.ഐ പി.കെ. പ്രദീപ്, സി.പി.ഒ എസ്. ശ്രീജിത്ത് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
പൊലീസ് സംഘത്തെ ആൻറണി ദാസ്, അജോ, കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേർ എന്നിവർ ചേർന്ന് ആക്രമിക്കുകയായിരുന്നു. പ്രതികൾ എസ്.ഐക്കുനേരെ നിരവധി തവണ വാൾ വീശുകയും കാറിന്റെ മുൻവശത്തെ ചില്ല് കഠാര, വടിവാൾ എന്നിവ കൊണ്ട് കുത്തിപ്പൊട്ടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. എസ്.ഐ. പ്രദീപ് പ്രതിയെ സാഹസികമായി നേരിട്ടു.
ശാസ്താംകോട്ട ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, കുണ്ടറ എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐ ശ്യാമകുമാരി എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിയെ പിടികൂടിയത്. മറ്റു പ്രതികൾ രക്ഷപ്പെട്ടു. എസ്.ഐ പ്രദീപിന്റെ വലത് കൈക്കും മുഖത്തും വെട്ടേറ്റു. സാരമായി പരിക്കേറ്റ ശ്രീജിത്തിനെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.