കള്‍വര്‍ട്ടിനുള്ളില്‍ കേബിള്‍ പൈപ്പുകൾ; ചളിവെള്ളം കെട്ടി ദേശീയപാത
text_fieldsകുണ്ടറ: കൊല്ലം-തിരുമംഗലം ദേശീയപാതക്കടിയിലൂടെ വെള്ളം ഒഴുകിപ്പോകേണ്ട കള്‍വര്‍ട്ടില്‍ സ്വകാര്യ മൊബൈൽ കമ്പനികളുടെ കേബിള്‍ പൈപ്പുകള്‍ നിറഞ്ഞതോടെ ചളിവെള്ളത്തിൽ മുങ്ങി ദേശീയപാത. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ഇളമ്പള്ളൂര്‍ ജങ്ഷനിലാണ് മഴ മാനത്ത് കണ്ടാല്‍ വെള്ളക്കെട്ടാകുന്നത്. റോഡിന്റെ ഓരങ്ങളില്‍നിന്ന് ഒഴുകിയെത്തിയിരുന്ന വെള്ളം ഇളമ്പള്ളൂര്‍ ദേവിക്ഷേത്രത്തിന് മുന്നില്‍ ദേശീയപാതക്കടിയിലൂടെയുള്ള കള്‍വര്‍ട്ട് വഴി റെയില്‍വേ പുറംപോക്കിലെത്തിയിരുന്നു.
വെള്ളം ഒഴുകിപ്പോയിരുന്ന കള്വര്ട്ടാണ് പൈപ്പുകൾ കാരണം നീരൊഴുക്ക് സാധ്യമല്ലാത്തവിധം അടഞ്ഞിരിക്കുന്നത്. ദേശീയപാത അധികൃതര്‍ നവീകരണത്തിന്റെ ഭാഗമായി പാതക്കിരുവശവും നടപ്പാതകളും പൈപ്പ് വേലികളും തീര്‍ത്തപ്പോള്‍ ഓടയിലേക്ക് വെള്ളം ഒഴുകിയെത്തുന്നതിനുള്ള പ്രവേശന ഭാഗം വെള്ളം ഒഴുകാന്‍ പാകത്തില്‍ വൃത്തിയാക്കിയില്ല. ഇതുകൂടിയായതോടെ ഒരു തുള്ളിവെള്ളം പോലും പോകാത്ത സ്ഥിതിയായി.
ഇളമ്പള്ളൂര്‍ ദേവിക്ഷേത്രം, ഇളമ്പള്ളൂര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍, ഇളമ്പള്ളൂര്‍ കെ.ജി.വി ഗവ. യു.പി സ്കൂള്‍ എന്നിവയെല്ലാം ഈ ജങ്ഷനിലാണ്. കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസുകള്‍ നിര്‍ത്തുന്ന ബസ് ബേയിലാണ് വെള്ളക്കെട്ടുള്ളത്. ബസില്‍നിന്ന് യാത്രക്കാര്‍ക്ക് ഇറങ്ങുന്നതിനും കയറുന്നതിനും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. ഇളമ്പള്ളൂര്‍ പഞ്ചായത്ത് ദേശീയപാത അധികൃതരെ പലപ്രാവശ്യം ഇതിന്റെ ബുദ്ധിമുട്ടുകള്‍ അറിയിച്ചെങ്കിലും ശാശ്വത പരിഹാരമായിട്ടില്ല.
പരിഹാരമായില്ലെങ്കില്‍ പ്രതിഷേധം
ദേശീയപാത അധികൃതര്‍ അടിയന്തരമായി ഇടപെട്ട് സ്വകാര്യ ടെലഫോണ്‍ കമ്പനികളുടെ കേബിള്‍ പൈപ്പുകള്‍ കള്‍വര്‍ട്ടിനുള്ളില്‍ നിന്ന് മാറ്റണം. ഇളമ്പള്ളൂര്‍ പഞ്ചായത്ത് ഭരണസമിതി പലതവണ ദേശീയപാത അധികൃതര്‍ക്ക് നോട്ടീസ് നല്‍കുകയും ജനപ്രതിനിധികള്‍ ഓഫിസിലെത്തി ഉദ്യോഗസ്ഥരെ നേരില്‍കണ്ട് ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വെള്ളക്കെട്ടിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കില്‍ ജനങ്ങളെ സംഘടിപ്പിച്ച് ദേശീയപാത ഉപരോധം ഉള്‍പ്പെടെ ശക്തമായ സമരപരിപാടികള്‍ നടത്തും.
സി.എം. സെയ്ഫുദ്ദീന്‍, ഇളമ്പള്ളൂർ പഞ്ചായത്തംഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.