വയല്‍ പൂര്‍വസ്ഥിതിയിലാക്കാനെത്തി, ഒടുവിൽ ‘നാണംകെട്ട്’ മടക്കം
text_fieldsകുണ്ടറ: മണ്ണിട്ട് നികത്തിയ വയല്‍ പൂര്‍വസ്ഥിതിയിലാക്കാനെത്തിയ പഞ്ചായത്ത് കമ്മിറ്റിക്ക് ‘നാണംകെട്ട്’ മടക്കം. ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ പനംകുറ്റി ഏലായിൽ സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തിയ ഭാഗങ്ങളിലെ മണ്ണ് മാറ്റി പൂർവ സ്ഥിതിയിലാക്കാനാണ് മണ്ണുമാന്തിയന്ത്രവും ടിപ്പറുകളുമായി പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍ എത്തിയത്.
എന്നാൽ, പ്രാഥമിക നടപടിക്രമങ്ങൾ പോലും പാലിക്കാതെയെത്തിയ പ്രസിഡൻറ് ഉൾപ്പെടെയുള്ള പഞ്ചായത്ത് കമ്മിറ്റിയങ്ങൾ പരസ്പരം പഴിപറഞ്ഞ് മടങ്ങുകയായിരുന്നു.
മേഖലയിലെ വയൽനികത്തൽ സംബന്ധിച്ച് മാധ്യമം വര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് കമ്മിറ്റി അടിയന്തരമായി ചേരുകയും മണ്ണ് നീക്കം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ഒന്നരയോടെ മൂന്ന് ടിപ്പറുകളും ഒരു മണ്ണുമാന്തിയന്ത്രവുമായി പഞ്ചായത്ത് കമ്മിറ്റി ഒന്നടങ്കം പാടം നികത്തിയ സ്ഥലത്തെത്തിയത്.
ഇവര്‍ സ്ഥലത്തെത്തിയതോടെ പഞ്ചായത്ത് പ്രസിഡന്‍റിന്‍റേത് ഉള്‍പ്പെടെ ജനപ്രതിനിധികളുടെ ഫോണുകളിലേക്ക് രാഷ്ട്രീയ നേതാക്കളുടെ വിളിയെത്തി. ഇതോടെ പഞ്ചായത്ത് പ്രസിഡന്‍റ് റെജി കല്ലംവിള ഉള്‍പ്പെടെ സ്ഥലത്തുനിന്ന് തടിതപ്പി. പാടം നികത്തിയവര്‍ക്ക് കലക്ടര്‍ അനുമിതി നല്‍കിയിട്ടുണ്ടെന്നും ഉത്തരവിന്‍റെ കോപ്പി പഞ്ചായത്തില്‍നിന്ന് എടുത്തുവരാമെന്നും പറഞ്ഞ് സ്ഥലംവിട്ട പ്രസിഡന്‍റ് വെറുംകൈയോടെ മടങ്ങിയെത്തി.
ബി.ജെ.പി അംഗങ്ങള്‍ ബഹളമുണ്ടാക്കിയതല്ലാതെ ഒന്നും നടന്നില്ല. ഒന്നരമണിക്കൂര്‍ നേരത്തെ പഴിചാരലുകൾക്കും തർക്കങ്ങൾക്കുംശേഷം വാഹനങ്ങളുമായി പഞ്ചായത്ത് കമ്മിറ്റി മടങ്ങി.
പഞ്ചായത്ത് കമ്മിറ്റിയുടേത് നാടകമെന്ന്
കുണ്ടറ: പനംകുറ്റി ഏലായിലെ പാടംനികത്തലിനെതിരെ നടപടിക്കെന്ന പേരില്‍ പഞ്ചായത്ത് കമ്മിറ്റിയെത്തിയത് മുൻകൂട്ടിയുള്ള നാടകത്തിന്‍റെ ഭാഗമാണെന്ന് ആരോപണം. നികത്തിയ വയലിന് മറയായി ഷീറ്റ് മതില്‍ തീര്‍ത്തത് പൊളിക്കാനും നികത്തിയ മണ്ണ് നീക്കംചെയ്യാനും എന്ന് പ്രചാരണത്തോടെയാണ് മാധ്യമങ്ങളെ അറിയിച്ച് പഞ്ചായത്ത് സമിതി ഒന്നാകെ എത്തിയത്.
ഇത്തരം ഒരു നടപടി ചെയ്യുമ്പോള്‍ എടുക്കേണ്ട പ്രാഥമിക നടപടിപോലും പൂര്‍ത്തിയാക്കാതെയെത്തിയ പഞ്ചായത്ത് സമിതി നാടകം കളിക്കുകയായിരുന്നെന്നാണ് ആരോപണം. ഏത് നിയമലംഘനത്തിലും അത് നടത്തിയവര്‍ക്ക് നോട്ടീസ് നല്‍കുകയും അതില്‍ വിശദീകരണം കേട്ടശേഷം നടപടി എടുക്കുകയുമാണ് വേണ്ടത്.
വയല്‍ നികത്തല്‍ വിഷയത്തില്‍ നിയമം നടപ്പാക്കേണ്ടത് വില്ലേജ് ഓഫിസറും കൃഷി ഓഫിസറും പഞ്ചായത്ത് സെക്രട്ടറിയുമാണ്.
വയല്‍ നികത്തിയ ഒരാള്‍ക്ക് പോലും നോട്ടീസ് കൊടുക്കുകയോ വില്ലേജ് ഓഫിസറെയും കൃഷി ഓഫിസറെയും ചുതലപ്പെടുത്തുകയോ പഞ്ചായത്ത് ചെയ്തിട്ടില്ല.
ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താതിരുന്നതും പഞ്ചായത്തംഗങ്ങള്‍ പരസ്യ വാഗ്വാദത്തിലേര്‍പ്പെട്ടതും അധികൃതരുടെ നാടകത്തിന്‍റെ ഭാഗമാണെന്നാണ്നാട്ടുകാരുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.