പൊലീസ് വീട്ടിൽ കയറി മർദിച്ചെന്ന് പരാതി
text_fieldsകുണ്ടറ: കേസ് അന്വേഷണത്തിനായി എത്തിയ പൊലീസ് കുടുംബത്തെ വീട്ടിൽ കയറി മർദിച്ചതായി പരാതി. കിഴക്കേകല്ലട ഓണമ്പലം തെക്കനഴികത്ത് വീട്ടിൽ ശശി മോഹൻ (61), ഭാര്യ പ്രസന്ന (59), മക്കളായ അനന്ദു മോഹൻ (25), ആകാശ് മോഹൻ (22) എന്നിവരെ കിഴക്കേ കല്ലട പൊലീസ് മർദിച്ചതായാണ് പരാതി. ബാർ ജീവനക്കാരുമായി വഴക്കിട്ട കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് വീട്ടിലെത്തിയത്.
പ്രതിയല്ലാത്ത അനന്ദു മോഹനനെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചത് വീട്ടുകാർ ഒന്നിച്ച് എതിർത്തതാണ് സംഘർഷത്തിന് കാരണമായതത്രെ. യൂനിഫോമിടാതെ വന്നയാളും മർദിച്ചതായി വീട്ടുകാർ പറയുന്നു.
പൊലീസ് മർദിച്ചതായി വീട്ടുകാരും വീട്ടുകാർ മർദിച്ചതായി പൊലീസും പറയുന്നു. അനന്ദു മോഹനനെ ഒന്നാം പ്രതിയും ആകാശ് മോഹനനെ രണ്ടാം പ്രതിയും പിതാവ് ശശിമോഹനനെ മൂന്നാം പ്രതിയായും പൊലീസ് കേസെടുത്തു. രണ്ട് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ റിമാൻഡ് ചെയ്തു. മർദനമേറ്റവർ കുണ്ടറ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
ബാറിൽ അടിപിടിയുണ്ടാക്കിയ സംഘത്തിലെ ഒരാൾ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നമ്പറിന്റെ ഉടമയെ അന്വേഷിച്ച് വീട്ടിലെത്തി വിവരങ്ങൾ തിരക്കുന്നതിനിടെ എസ്.ഐ സുധീർ കുമാറിനെ അനന്ദു നിലത്ത് ചവിട്ടിയിട്ടു. തടയാൻ ശ്രമിച്ച സി.പി.ഒ വിവേകിനെയും മർദിച്ചു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.