പ്രാണനാണ് ചിന്മയിക്ക് കൃഷി
text_fieldsകുണ്ടറ: മണ്ണിനോടും കൃഷിയോടുമുള്ള ഇഷ്ടം നിറഞ്ഞൊരു മനസുമായി കുണ്ടറയിൽ കര്‍ഷക മുകുളം നാമ്പെടുക്കുന്നു. ഇത് പി. ചിന്മയി, വിദ്യാർഥി കര്‍ഷക. കൃഷിക്കൂട്ടിന് ഒപ്പമുള്ളത് അനിയത്തി വരദയും. പാരമ്പര്യ കര്‍ഷക കുടുംബമായ കാഞ്ഞിരകോട് ശങ്കരമംഗലം വീട്ടില്‍ കുതിരപ്പന്തിയില്‍ പ്രദീപിന്റെയും ബി .പ്രിയയുടെയും മകൾക്ക് പിച്ചവച്ച നാള്‍മുതല്‍ കൃഷിയുമായും കാര്ഷികോല്പന്നങ്ങളുമായുള്ള ചങ്ങാത്തം തുടങ്ങിയതാണ്.
കൃഷിയോട് ഇഷ്ടം തോന്നിത്തുടങ്ങിയപ്പോള്‍ തന്നെ അച്ഛനൊപ്പം വയലിലും പറമ്പിലും ഈ മിടുക്കിയും ഒപ്പം കൂടി. വിത്തിടുന്നതും നടുന്നതും തടമെടുക്കുന്നതും വളമിടുന്നതും ഓരോ ദിവസവും മുളപൊട്ടുന്നതും കൗതുകത്തോടെ നോക്കി നിന്ന പെണ്‍കുട്ടി എഴുവയസുമുതല്‍ കൃഷിപ്പണിയില്‍ ശ്രദ്ധവച്ചു തുടങ്ങി. പാരമ്പര്യമായി പ്രദീപിന്റെ കുടുംബം പ്രദേശത്തെ അറിയപ്പെടുന്ന കര്‍ഷക കുടുംബമാണ്. നടീലിലും വിളവെടുപ്പിലും പരിശീലനം നേടി മുന്നേറവെ 2019ല്‍ പ്രദീപിനുണ്ടായ ശാരീരിക ബുദ്ധിമുട്ട് ചിന്മയിയിലെ കര്‍ഷകയെ കൂടുതല്‍ ഉത്തരവാദിത്വമുള്ളയാളാക്കി. കൗതുകത്തില്‍ നിന്നും നേരംപോക്കില്‍ നിന്നും കൃഷി ചിന്മയിക്ക് ഗൗരവമുള്ള പ്രവര്‍ത്തനമായി.
പിതാവ് പറഞ്ഞുകൊടുത്തതനുസരിച്ച് കീടനിയന്ത്രണവും വിളകളുടെ വളര്‍ച്ചക്കാവശ്യമായ ചര്യകളും മനസ്സിലാക്കി പ്രയോഗിച്ച് തുടങ്ങി. വിളകള്‍ക്ക് പരിചരണങ്ങള്‍ എപ്പോഴൊക്കെ എങ്ങനെയൊക്കെ ജനസേചനവും വളപ്രയോഗങ്ങളും തുടങ്ങി കാര്‍ഷിക വൃത്തിയുടെ പ്രധാന കാര്യങ്ങളെല്ലാം പതിനഞ്ചുകാരി പഠിച്ച് പ്രയോഗിച്ചു. കൂട്ടിന് അനിയത്തിയും ചേർന്നതോടെ ആവേശമുയർന്നു. വെണ്ട, ചീര, മത്തന്‍, വഴുതിന, തക്കാളി, പാവല്‍, പടവലം തുടങ്ങി 23 ഇനം പച്ചക്കറികള്‍ ചിന്മയിയും അനുജത്തി വരദയും ചേര്‍ന്ന് നട്ട് വളര്‍ത്തി പരിപാലിക്കുന്നു.
വിളകളെല്ലാം പ്രാദേശികമായി വിറ്റുതീര്‍ക്കുകയാണ്. നിരവധി പേരുടെ വീടുകളിലേക്ക് ഇവരുടെ തന്നെ വാഹനത്തില്‍ ആവശ്യപ്പെടുന്നതനുസരിച്ച് പച്ചക്കറികള്‍ എത്തിക്കും. കുണ്ടറ എം.ജി.ഡി ഗേള്‍സ് ഹൈസ്കൂളിലെ അധ്യാപകര്‍ക്കെല്ലാം ഈ കുട്ടികര്‍ഷക ഉൽപാദിപ്പിക്കുന്ന പച്ചക്കറികളാണ് നല്‍കുന്നത്.
കുണ്ടറയിലെയും പരിസരപ്രദേശങ്ങളിലെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലും ഇവരുടെ ജൈവ പച്ചക്കറിയുടെ പ്രത്യേക വിഭാഗംതന്നെ ഒരുക്കിയിട്ടുണ്ട്. ബി.എഫ്.പി.സി.കെയുടെ വിപണനകേന്ദ്രങ്ങളിലും പച്ചക്കറികള്‍ മൊത്തമായി നല്‍കും.
ഈ വര്‍ഷത്തെ ഞാറ്റുവേല ചന്തയില്‍ ചിന്മയയും കുടുംബവും ഉത്പാദിപ്പിച്ച പച്ചക്കറിയും വില്പനക്കുണ്ടായിരുന്നു. ചിന്മയി ഇപ്പോള്‍ ശ്രദ്ധകേന്ദ്രികരിച്ചിരിക്കുന്നത് ബിണ്ടി നമ്പര്‍-10 എന്ന ഇനം വെണ്ട കൃഷിയിലാണ്. പഞ്ചായത്തിലെ മികച്ച കര്ഷകന് കൂടിയായ പ്രദീപ് കുമാറിന്റെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഈ ഇനം വെണ്ടയാണ് കൃഷിചെയ്യുന്നത്. ഇപ്പോള്‍ 2000 മൂട് വെണ്ടയാണ് കൃഷി ചെയ്തിട്ടുള്ളത്. 45 ദിവസം കൊണ്ട് ഈ വെണ്ട വിളവെടുപ്പിന് സജ്ജമാകും. ഒന്നിടവിട്ട ദിവസങ്ങളില്‍ വിളവെടുക്കാം. 2000 മൂട് വെണ്ടയില്‍ നിന്ന് ഒരു വിളവെടുപ്പില്‍ 40 കിലോ വെണ്ട ലഭിക്കും. പച്ചക്കറി കൂടാതെ പശു വളർത്തലുമുണ്ട്.
2022ല്‍ കുണ്ടറ പഞ്ചായത്തിലെ മികച്ച വിദ്യാർഥി കര്‍ഷകക്കുള്ള അവാര്‍ഡ് ചിന്മയിക്കാണ് ലഭിച്ചത്. ഉപജില്ല ശാസ്ത്രഗണിതശാസ്ത്ര മേളയില്‍ ‘ജൈവ കീടനാശിനി ഫലപ്രദമോ’ എന്ന ഗവേഷണ പ്രോജക്ടിന് ഒന്നാം സ്ഥാനവും ചിറ്റുമല ബ്ലോക്കില്‍ നടത്തിയ നീലക്കുറിഞ്ഞി മഹോത്സവത്തില്‍ വിജയിക്കുള്ള പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. വിത്തുനടല്‍ മുതല്‍ വിളവെടുപ്പും വിപണനവും വരെ ചിന്മയിക്കിപ്പോള് ഈസിയാണ്. ജീവനും പ്രാണനുമായ കൃഷി മുറുകെ പിടിച്ച് മുന്നോട്ടുപോകാനുള്ള ലക്ഷ്യത്തിലാണ് ഈ മിടുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.