‘മരുന്ന് മോഷണം: ആശുപത്രി അധികൃതരും പൊലീസും ഒത്തുകളിക്കുന്നു’
text_fieldsഇളമ്പള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് ഡി.സി.സിജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്യുന്നു
കുണ്ടറ: ഇളമ്പള്ളൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് മരുന്ന് മോഷണം പോയതിൽ പൊലീസും ആശുപത്രി അധികൃതരും ഒത്ത് കളിക്കുകയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം. യൂത്ത് കോൺഗ്രസ് ഇളമ്പള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് ലഹരി സമാനമായ ഇൻജക്ഷൻ മരുന്നുകൾ മോഷണം പോയിട്ട് രണ്ടുദിവസം പിന്നിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയാറായിട്ടില്ല. മെഡിക്കൽ ഓഫിസർ മൊഴി നൽകാൻ തയാറാവാത്തത് കാരണമാണ് കേസ് രജിസ്റ്റർ ചെയ്യാൻ താമസിക്കുന്നതെന്നാണ് പൊലീസ് അറിയിക്കുന്നത്.
ആശുപത്രിക്കുള്ളിൽ പ്രത്യേകം സൂക്ഷിക്കുന്ന മരുന്ന് മാത്രമാണ് മോഷ്ടിച്ചിട്ടുള്ളത്. അലമാരയുടെ താക്കോൽ കൃത്യമായി എടുത്തുകൊണ്ടാണ് മോഷണം നടത്തിയത്. അതിനാൽ തന്നെ അകത്തുള്ളവരുടെ സഹായമുള്ളതായി സംശയിക്കുന്നു.
ഒപ്പം തന്നെ മരുന്നുകളുടെ സ്റ്റോക്ക് രജിസ്റ്ററിൽ കൃത്രിമം നടന്നതായി സംശയിക്കപ്പെടുന്നു. മെഡിക്കൽ ഓഫിസർ 11 ആംപ്യൂളുകളാണ് മോഷണം പോയതെന്ന് പറയുമ്പോൾ, സ്റ്റോക്ക് രജിസ്റ്റർ പ്രകാരം എട്ടെണ്ണമാണുള്ളത്.
ഇതിലെ വൈരുദ്ധ്യവും കഴിഞ്ഞദിവസം പൊലീസ് ചൂണ്ടിക്കാണിച്ചിരുന്നു. ഈ വൈരുദ്ധ്യം മൂലമാണ് മൊഴി കൊടുക്കാൻ താമസിക്കുന്നതെന്നാണ് ആക്ഷേപം. മെഡിക്കൽ ഓഫിസറുടെ ഭാഗത്തുനിന്ന് കൃത്യവിലോപം സംഭവിച്ചിട്ടുണ്ടെന്നും അടിയന്തര നടപടിയെടുക്കുവാൻ അധികാരികൾ തയാറാകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നാസിം അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ് കൗശിക് എം. ദാസ്, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗോപൻ ഇളമ്പള്ളൂർ, അതുൽ കൃഷ്ണ, പഞ്ചായംഗങ്ങളായ സാം വർഗീസ്, സുരേഷ് ബാബു, അനുജി ലൂക്കോസ്, ഹാഷിം, ബീന, മിനി, ശിഹാബ്, മണികണ്ഠൻ പിള്ള, ജമാലുദ്ദീൻ, വൈ ഷാജഹാൻ, പ്രകാശ് എല്ലു കുഴി റഹീം, ഉസ്മാൻ, നാസർ കുരീപ്പള്ളി, റിയാസ്, ശരീഫ്, ഉബൈദ്, റമീസ് ചെമ്മണ്ണിൽ, അജ്മൽ, സെയ്ദലി എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.