മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ; വിവരം അറിയിക്കുന്നവർക്ക് പാരിതോഷികം
text_fieldsകുണ്ടറ: മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് പിഴയും കുറ്റക്കാരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികവുമായി പെരിനാട് ഗ്രാമപഞ്ചായത്ത്. മാലിന്യം തള്ളുന്ന കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ കടുത്ത നടപടിയുണ്ടാവും. മാലിന്യം തള്ളുന്നവര്‍ക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവു പ്രകാരമാണ് വലിയ തുക പിഴയായി ഈടാക്കുക. തുടര്‍ന്നും മാലിന്യം നിക്ഷേപിച്ചാല്‍ ക്രിമിനല്‍ കേസെടുക്കുന്നതടക്കം കർശന നടപടികളിലേക്ക് കടക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി എ. ബാബുരാജ് പറഞ്ഞു.
സമീപ പഞ്ചായത്തുകളിലെ ഉള്‍പ്പെടെ മാലിന്യം വലിയതോതിൽ തള്ളിയിരുന്ന ചന്ദനത്തോപ്പ് ഗവ.ഐ.ടി.ഐക്ക് സമീപം റെയില്‍വേ പുറമ്പോക്ക് ഹരിതകര്‍മസേന അംഗങ്ങൾ, എവര്‍ഷൈന്‍ ക്ലബ്, എച്ച്.ഐ. ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് മാസം പ്രവര്‍ത്തിച്ചാണ് വൃത്തിയാക്കിയത്. ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും കൂട്ടികലര്‍ത്തിയാണ് മേഖലയിൽ സാമൂഹികവിരുദ്ധര്‍ മാലിന്യം തള്ളുന്നത്.
സാംക്രമിക രോഗങ്ങൾ ഭയന്ന് പ്രതിരോധ മരുന്ന് കഴിച്ചാണ് ഹരിത കർമസേന പ്രവര്‍ത്തകര്‍ ഇവിടെ പണിയെടുക്കുന്നത്. ഇവിടെ മൂന്നിടങ്ങളില്‍ സി.സി ടി.വി.കാമറയും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ച് മാലിന്യം തള്ളന്നവരെ കണ്ടെത്താൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ ദിവസം ഹരിത കർമസേന പ്രവര്‍ത്തകര്‍ വൃത്തിയാക്കി മണ്ണ് മൂടിയ ഭാഗത്ത് സ്കൂട്ടറിൽ എത്തിയ ആൾ മാലിന്യം വലിച്ചെറിഞ്ഞിരുന്നു. ഇയാളെ കണ്ടെത്താൻ പഞ്ചായത്ത് 1000 രൂപ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. മാലിന്യം തള്ളുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.