കൂട്ടിന് രോഗങ്ങളും ദുരിതങ്ങളും മാത്രം; കനിവുതേടി വൃദ്ധമാതാവും മകനും
text_fieldsമുളവന സ്വദേശിനി വിനോദിനിയും അർബുദ രോഗിയായ മകന് വിനോബനും താമസിക്കുന്ന വീട് (ഇൻസെറ്റിൽ വിനോദിനി)
കുണ്ടറ: മാതാവിന് 76 വയസ്സ്, മകന് 44 വയസ്സ്... സ്വന്തമായി വീടോ ഭൂമിയോ ഇല്ല. നിത്യവൃത്തിക്കും മാർഗമില്ല, കൂട്ടിനുള്ളത് രോഗങ്ങളും ദുരിതങ്ങളും മാത്രം. കുണ്ടറ പഞ്ചായത്ത് മുളവന പാട്ടമുക്ക് മഞ്ജുഭവനില്‍ വിനോദിനിയും അർബുദ രോഗിയായ മകന് വിനോബനുമാണ് ദുരിതക്കയത്തില്‍ കഴിയുന്നത്. ചുറ്റും ചെളിയും കുറ്റിക്കാടുകളും നിറഞ്ഞ ഒന്നരമുറി വീട്ടിലാണ് ഇവരുടെ താമസം. ഇവിടെയെത്താന്‍ വഴിപോലുമില്ല.
നാലുവർഷം മുമ്പാണ് വിനോബന്‍ അർബുദരോഗം സ്ഥിരീകരിച്ചത്. കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ. ഇപ്പോള്‍ കൊല്ലം ജില്ല ആശുപത്രിയിലെ ഡോക്ടർമാരുടെ പരിചരണത്തിലാണ്. കൂലിപ്പണിക്കാരനായ യുവാവിന് തൊഴിലെടുക്കാന്‍ കഴിയുന്ന ആരോഗ്യസ്ഥിതിയല്ല ഇപ്പോൾ. പലമരുന്നുകളും പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നുണ്ട്.
വിനോബന്റെ ഭാര്യ ആറ് വര്‍ഷം മുമ്പ് ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് മരിച്ചു. ഇവര്‍ക്ക് കുട്ടികളില്ല. പിതാവും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. 76 വയസ്സുകാരിയായ വിനോദിനിയാണ് നാട്ടുകാരുടെ സഹായത്തോടെ നിത്യവൃത്തിക്ക് പണം കണ്ടെത്തുന്നത്. ഭക്ഷണം ഉള്‍പ്പെടെയുള്ള നിത്യചെലവിനും ബുദ്ധിമുട്ടുകയാണ് ഇരുവരും. ഇവര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഏപ്രിലോടെ വസ്തുവും തുടർന്ന് വീടും നല്‍കുമെന്ന് വാര്‍ഡംഗം ദേവദാസന് പറഞ്ഞു.
എന്നാൽ, ചികിത്സക്കും ദൈനംദിന ആവശ്യങ്ങൾക്കും ഏറെ കഷ്ടപ്പെടുകയാണ്. ദുരിതപൂർണമായാണ് ഈ മാതാവും മകനും ഓരോദിനവും തള്ളിനീക്കുന്നത്. മകന്റെ ചികിത്സക്ക് ഉൾപ്പെടെ ഈ മാതാവ് സന്മനസ്സുകളുടെ സഹായം തേടുകയാണ്. ടി. വിനോദിനിയുടെ പേരിൽ എസ്.ബി.ഐ കുണ്ടറ ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 57032874345, IFSC കോഡ്: SBIN0070064.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.