ഇളമ്പള്ളൂർ റെയിൽവേ മേൽപ്പാലം; ‘വിവരമില്ലാതെ’ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും
text_fieldsകുണ്ടറ: ഇളമ്പള്ളൂർ റെയിൽവേ മേൽപ്പാലവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പറയുന്നത് വ്യക്തതയില്ലാത്ത കാര്യങ്ങൾ. കുണ്ടറ പൗരസമിതി സെക്രട്ടറി ശിവൻ വേളിക്കാടിന് റെയിൽവേ അധികൃതർ നൽകിയ വിവരാവകാശ രേഖയിലാണ് പുറത്തറിയാത്ത നിരവധി വിവരങ്ങളുള്ളത്.
ഇളമ്പള്ളൂർ മേൽപാലം ഉറപ്പിക്കാവുന്ന നടപടി ആയിട്ടില്ലെന്നും പാലം റെയിൽവേയുടെ പിങ്ക് ബുക്കിൽ ഇടം നേടിയിട്ടില്ലെന്നുമാണ് രണ്ടാഴ്ച മുമ്പ് പി.സി. വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞത്. വിവരാവാകാശ രേഖയിലെ മറുപടിയിൽ ഇളമ്പള്ളൂർ റെയിൽവേ മേൽപാലം പിങ്ക് ബുക്കിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും നിർമാണത്തിനായി കേന്ദ്ര സർക്കാർ 36 കോടിയും, 2024-25 ബജറ്റിൽ 10 ലക്ഷവും അനുവദിച്ചിട്ടുണ്ട് എന്നുമാണ്.
ഇനി സംസ്ഥാന സർക്കാറാണ് മുൻകൈയെടുക്കേണ്ടതെന്നും രേഖ പറയുന്നു. രേഖകൾ പ്രകാരം ഇളമ്പള്ളൂർ റെയിൽവേ ഗേറ്റ് നമ്പർ 528ന് 2019-20ൽ മൂന്നിനങ്ങളിലായി 36.11 കോടി രൂപയും 2020-21ൽ അതേ തുകയും 21-22ൽ നാലിനങ്ങളിലായി 3.6 കോടി രൂപയൂം വകയിരുത്തിയിട്ടുണ്ട്. റെയിൽവേ പിങ്ക്ബുക്ക് രേഖപ്രകാരം പള്ളിമുക്ക് മേൽപാല നിർമാണത്തിനായി 2012-13ലും ഇളമ്പള്ളൂർ റെയിൽവേ മേൽപാല നിർമാണത്തിനായി 2013-14ലും നിർമാണത്തിന് അനുമതി ലഭിച്ചതാണ്.
പിങ്ക്ബുക്കിൽ നീക്കിവെച്ചിട്ടുള്ള തുക മേൽപാല നിർമാണത്തിന് പര്യാപ്തമാണെന്നും സംസ്ഥാനസർക്കാറാണ് മുൻകൈയെടുക്കേണ്ടതെന്നും വീവരാവകാശ രേഖയിൽ പറയുന്നു. ജനങ്ങളുടെ ദൂരിതത്തിന് അറുതി വരുത്തുവാൻ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് കുണ്ടറ പൗരസമിതി ഭാരവാഹികളായ കെ.ഒ. മാത്യു പണിക്കർ, ശീവൻ വേളിക്കാട്, പി.എം.എ റഹ്മാൻ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.