കുണ്ടറ-പള്ളിമുക്ക് റെയിൽവേ മേൽപാലംനിര്മാണ ഉദ്ഘാടനം 26ന്
text_fieldsകുണ്ടറ: പള്ളിമുക്ക് റെയിൽവേ മേൽപാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം 26ന് രാവിലെ 10.45ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി അറിയിച്ചു. തത്സമയം റെയിൽവേ സ്റ്റേഷന് പരിസരത്ത് പ്രത്യേക സമ്മേളനം ചേരും. രാജ്യത്തെ വിവിധ റെയിൽവേ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് കുണ്ടറ - പള്ളിമുക്ക് മേല്‍പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുന്നതെന്ന് റെയിൽവേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
നിര്‍മാണോദ്ഘാടനം തെരഞ്ഞെടുപ്പ് സ്റ്റണ്ടാകുമോ..
കുണ്ടറ: രാജ്യത്തെ വിവിധ റെയിൽവേ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് 26ന് പ്രധാനമന്ത്രി കുണ്ടറയിലെ പള്ളിമുക്കിലെ മേൽപാല നിര്‍മാണത്തിന്റെ ഉദ്ഘാടനം നടത്തും എന്ന വാര്‍ത്ത സന്തോഷകരമെങ്കിലും മുന്‍ പ്രഖ്യാപനങ്ങള്‍ പോലെ ജലരേഖയാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടത്തുന്ന മേൽപാല പ്രഖ്യാപനങ്ങള്‍ കേട്ടു മടുത്തവരാണ് കുണ്ടറ നിവാസികള്‍. ഇതും ഉദ്ഘാടനത്തില്‍ ഒതുങ്ങാതെ യാഥാർഥ്യമാകുകയാണെങ്കില്‍ കുണ്ടറയിലെ ഗതാഗതക്കുരുക്കിന് അല്പമെങ്കിലും ആശ്വാസമാകും.
കുണ്ടറ പൗരസമിതിയുടെ നേതൃത്വത്തില്‍ റെയിൽവേ മേൽപാല ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് 2012 മുതല്‍ ദേശീയപാത ഉപരോധം, ധര്‍ണകള്‍, നീല്പ്പുസമരങ്ങള് തുടങ്ങി നൂറില്‍പ്പരം ജനകീയ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. 25,000പേര് ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും സമര്‍പ്പിച്ചിരുന്നു.
പള്ളിമുക്കിലെ മേൽപാല നിര്‍മാണത്തിനായി സര്‍വേനടപടികള്‍ നടത്തി അതിനായി ഫണ്ടും വകയിരുത്തിയതായി മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പ്രഖ്യാപിച്ചതുമാണ്. സാങ്കേതിക കാരണങ്ങളാല്‍ അതു നടക്കില്ലായെന്നറിഞ്ഞപ്പോൾ തെരഞ്ഞെടുപ്പുകാലത്തെ പ്രഖ്യാപനം മാത്രമായി ജനങ്ങള്അതിനെ കണക്കാക്കി. കുണ്ടറയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരത്തിന് ഇളമ്പള്ളൂരിലും മേൽപാലം അടിയന്തരമായി നിർമിക്കണം.
മേൽപാലങ്ങള് യാഥാർഥ്യമാകുന്നതുവരെ കുണ്ടറ പൗരസമിതി സമരമുഖത്തുണ്ടായിരിക്കുമെന്ന് മേൽപാല നിര്‍മാണ ആക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. ചെയര്മാന് കെ.ഒ. മാത്യു പണിക്കര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ ശിവന് വേളിക്കാട്, ട്രഷറര്‍ പി.എം.എ. റഹ്മാന്, കുണ്ടറ ജി. ഗോപിനാഥ്, സതീഷ് വര്‍ഗീസ്, സരോവരം ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.