അന്തർസംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം; മൂന്ന് ബാര്‍ ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി
text_fieldsകുണ്ടറ: ആശുപത്രിമുക്കിലെ ബാറിൽ അന്തർസംസ്ഥാന തൊഴിലാളി മര്‍ദനമേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് നേരേത്ത പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന മൂന്ന് ബാര്‍ ജീവനക്കാരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ബാറിലെ സെക്യൂരിറ്റി ജീവനക്കാരന് വെസ്റ്റ് കല്ലട പെരുവേലിക്കര അശ്വതിയില്‍ കൃഷ്ണന്‍കുട്ടി (58), ശുചീകരണ തൊഴിലാളി പെരുമ്പുഴ മാടന്‍വിള വീട്ടില്‍ അഖിൽ (31), ഇലക്ട്രീഷ്യന് മുളവന കോട്ടപ്പുറം ചിറയഴികത്ത് പുത്തന്‍ വീട്ടില്‍ സുനില്‍ എന്ന യേശുദാസന് (48) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും സി.സി.ടി.വി ദൃശ്യങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് മരണം കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
ആശുപത്രി മുക്കിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായ മുംബൈ സ്വദേശി പര്ബീന് രാജു പരിയാര്‍ (22) ആണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റ് മരിച്ചത്. രാത്രി 11ന് ആശുപത്രി മുക്കിലെ ബാറില്‍ മദ്യപിക്കാനെത്തിയ പര്‍ബീനും ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ജീവനക്കാര്‍ മർദിക്കുകയുമായിരുന്നു. ബാര്‍ അടക്കുന്ന സമയമായതിനാല്‍ പര്‍ബീനെ ബാറിനുള്ളിലേക്ക് പ്രവേശിപ്പിക്കാത്തതിനാലാണ് വാക്കേറ്റം ഉണ്ടായത്. അവശനിലയിലായ പര്‍ബീനെ ജീവനക്കാര്‍ ബാറിന് മുന്നിലെ റോഡില്‍ ഉപേക്ഷിച്ച് പോവുകയും ചെയ്തു. കുണ്ടറ പൊലീസ് എത്തിയാണ് ഇയാളെ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് പർബീന് മരിച്ചത്. കഴുത്തിന് മുകളില്‍ മര്‍ദനമേറ്റ പാടുണ്ട്. കഴുത്തിനേറ്റ ക്ഷതവും തലക്കേറ്റ അടികളുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. പ്രതികളെ ഞായറാഴ്ച മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കുമെന്ന് സ്റ്റേഷന് ചുമതലയുള്ള കിഴക്കേകല്ലട സി.ഐ സുധീഷ് പറഞ്ഞു. കേസില്‍ തുടര്‍ന്നുള്ള അന്വേഷണം കുണ്ടറ സി.ഐ മഞ്ചുലാല്‍ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.