ജലജീവന്‍ പദ്ധതി ‘കാറ്റാ’യി; കുടിവെള്ളമില്ലാതെ കുണ്ടറ
text_fieldsകുണ്ടറ: മണ്‍റോതുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, ഇളമ്പള്ളൂര്‍, പെരിനാട് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കുണ്ടറ പ്രദേശം കുടിനീരിനായി കേഴുന്നു. തുള്ളിവെള്ളം പോലും പുതുതായി കണ്ടെത്താതെ വീടുകളിലേക്കുള്ള കുടിവെള്ള പൈപ്പുകളുടെ എണ്ണം മൂന്നിരട്ടിയിലധികം വർധിപ്പിച്ച ജലജീവന്‍ പദ്ധതിയും ‘കാറ്റാ’യി പരിണമിച്ചു.
മേഖലയില്‍ ഏറ്റവും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പഞ്ചായത്താണ് ഇളമ്പള്ളൂര്‍. ഭൂജലവിഭവ വകുപ്പ് നടത്തിയ പഠനത്തില്‍ മുഖത്തല ബ്ലോക്കിലെ ഏറ്റവും ശുഷ്കമായ ഭൂജലവിതാനമുള്ള പഞ്ചായത്താണ് ഇളമ്പള്ളൂര്‍. ഇവര്‍ക്ക് സ്വന്തമായുള്ളത് ചിറയടിയിലെ ചിറപദ്ധതിമാത്രമാണ്. ആകെ ആശ്രയമായിരുന്നത് ജപ്പാന് കുടിവെള്ള പദ്ധതിയിലൂടെ എത്തിയിരുന്ന വെള്ളമാണ്.
മേഴ്സിക്കുട്ടിയമ്മ മന്ത്രിയായിരുന്ന കാലത്ത് രണ്ടുകോടി രൂപ വകയിരുത്തി പഞ്ചായത്തില്‍ ജലമെത്തിക്കുന്നതിന് വാട്ടര്അതോറിറ്റിയുമായി ധാരണയിലെത്തിയിരുന്നതായി ജനപ്രതിനിധികള്‍ പറഞ്ഞു. എന്നാല്‍, മന്ത്രിസഭ മാറിയതോടെ, മുമ്പ് ആഴ്ചയില്‍ മൂന്നുദിവസം കിട്ടിയിരുന്ന പൈപ്പ് വെള്ളം ഇപ്പോള്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ കിട്ടിയാലായി എന്ന സ്ഥിതിയാണ്.
ജലജീവന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് കണക്ഷനുകളുടെ എണ്ണവും ക്രമാതീതമായി വർധിച്ചത് പ്രതിസന്ധി രൂക്ഷമാക്കി. പഞ്ചായത്തിലെ ചിറ പദ്ധതിയാണ് ആകെ ആശ്രയം. അതില്‍ നിന്ന് എല്ലാ വാര്‍ഡുകളിലേക്കും വെള്ളം എത്തിക്കാനും കഴിയുന്നില്ല.
ആഴം കൂട്ടല്‍ ഉള്‍പ്പെടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടിയുടെ പദ്ധതി പഞ്ചായത്ത് ആലോചിക്കുന്നുണ്ടെങ്കിലും പണം എവിടെ നിന്നെന്ന ചോദ്യവും ബാക്കിയാവുകയാണ്.
കുണ്ടറ പഞ്ചായത്തിലും സ്ഥിതി വ്യത്യസ്തമല്ല. പഞ്ചായത്തിന്റേതായ നാല് കുഴല്‍ക്കിണറുകള്‍ ഉണ്ടെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളും ജലജീവന്‍ പദ്ധതിയെ ആശ്രയിക്കുന്നവരാണ്. ഇതില്‍ വെള്ളമെത്തുക തോന്നുംപടിയാണ് താനും. പുതിയ പദ്ധതി ഏറ്റെടുക്കാന്‍ പണമില്ലാതെ പഞ്ചായത്ത് വലയുകയാണ്.
പേരയം പഞ്ചായത്തിലെ സ്ഥിതിയും ഗുരുതരമാണ്. ജലജീവന്‍ കണക്ഷനുകള്‍ നല്‍കിയെങ്കിലും മിക്കയിടങ്ങളിലും വെള്ളം എത്തുന്നില്ല. പടപ്പക്കരയില്‍ താമസിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കരയുടെ വീട്ടില്‍ ജലമിഷന്റെ കണക്ഷന് നല്‍കിയിട്ട് നാളേറെയായെങ്കിലും ഒരു തുള്ളി വെള്ളംപോലും ഇതുവരേയും ലഭിച്ചില്ല.
ഒരു തുള്ളിവെളളം കിട്ടാത്ത ഇദ്ദേഹത്തിന് വാട്ടര്‍ അതോറിറ്റി 250 രൂപയുടെ ബില്ലും നല്‍കിയിട്ടുണ്ട്. കരിക്കുഴി, കുമ്പളം, കാഞ്ഞിരകോട് ഭാഗങ്ങളിലായി നാല് കുഴൽക്കിണറുകള്ക്കായി വാട്ടര്‍ അതോറിറ്റിക്ക് 23 ലക്ഷം രൂപ കൈമാറിയിട്ട് മൂന്നുമാസം കഴിഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. എം.എല്‍.എ അനുവദിച്ച എട്ടുലക്ഷത്തിന്റെ കുഴൽക്കിണര്‍ നിർമാണം ആരംഭിച്ചിട്ടുണ്ട്.
കിഴക്കേകല്ലട പഞ്ചായത്തില്‍ ജലജീവൻ പൈപ്പ്വഴി ആഴ്ചയില്‍ ഒരു ദിവസം വെള്ളം എത്തുമെങ്കിലും തുച്ഛമായ തോതിലാണ് ലഭിക്കുന്നത്. ചിറ്റുമല ചിറയുടെയും കല്ലടയാറിന്റെ തീരവാര്ഡുകളിലെയും താഴ്ന്ന പ്രദേശങ്ങളിൽ കിണറുകളില്‍ ഉപ്പുരസവും ഓരുമാണ്. മുച്ചട്ടിയടുപ്പുകളും വാട്ടര്‍ ഫില്‍ട്ടറുകളുമാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.
ചിറ്റുമലച്ചിറയില്‍ പതിറ്റാണ്ടുകളായി ആലോചിക്കുന്ന കുടിവെള്ള പദ്ധതിയുടെ കടലാസ് ജോലിപോലും ഇതുവരെയും ആരംഭിച്ചിട്ടില്ല. മേഖലയില്‍ കുടിവെള്ളലഭ്യതയുള്ള പഞ്ചായത്താണ് പെരിനാട്. രണ്ട് പതിറ്റാണ്ടായി കുടിവെള്ളത്തിന്റെ കാര്യത്തില്‍ ഭരണസമിതി കാണിച്ച കരുതലും ആസൂത്രണവുമാണ് ഏറെക്കുറെ ജനങ്ങളുടെ ബുദ്ധിമുട്ട് കുറക്കുന്നത്.
ഞാങ്കടവ് പദ്ധതിയുടെ പ്ലാന്റ് സ്ഥാപിക്കാനായി വെള്ളിമണില്‍ രണ്ടേകാല്‍ കോടി രൂപ മുടക്കി വസ്തുവാങ്ങാനും അവിടെ പ്ലാന്റ് സ്ഥാപിക്കാനുമുള്ള നടപടികള്‍ പുരോഗതിയിലാണ്. ഇവിടെ നിന്ന് പനയം, പെരിനാട്, മണ്‍റോതുരുത്ത് പഞ്ചായത്തുകളിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈനും മറ്റുമായി പിന്നെയും രണ്ടേകാല്‍ കോടിയുടെ പദ്ധതിയാണ്.
ഇതിനായി പി.സി. വിഷ്ണുനാഥ് എം.എല്‍.എ 75 ലക്ഷവും, എം. മുകേഷ് എം.എല്‍.എ 50 ലക്ഷവും നല്‍കും. കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ തുകനല്‍കാമെന്ന് ഏറ്റിട്ടുണ്ടെങ്കിലും എത്രയെന്ന് പറഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.