കല്ലട ജലോത്സവം: വീയ്യപുരം ചുണ്ടന് ജേതാവ്
text_fieldsകുണ്ടറ: മണ്‍ട്രോതുരുത്ത് കാരൂത്രക്കടവ് നെട്ടയത്തില്‍ നടന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് മൂന്നാം സീസണിന്റെ പതിനൊന്നാംപാദ മത്സരത്തില്‍ പള്ളാതുരുത്തി ബോട്ട് ക്ലബിന്റെ വീയ്യപുരം ചുണ്ടന് (3.34.10 മിനിറ്റ്) ജേതാവായി. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ യുണൈറ്റഡ് ബോട്ട് ക്ലബ്ബിന്റെ നടുഭാഗംചുണ്ടന് (3.35.42 മിനിറ്റ്) രണ്ടാമത് ഫിനിഷ് ചെയ്തു. പോലീസ് ബോട്ട് ക്ലബിന്റെ മഹാദേവിക്കാട് കാട്ടില്‍ തെക്കതില്‍ ചുണ്ടനാണ് (3.36.93 മിനിറ്റ്) മൂന്നാംസ്ഥാനം.
ഇതോടെ സി.ബി.എല്‍ ചാമ്പ്യന്‍പട്ടത്തില്‍ ഹാട്രിക് ജേതാക്കളെന്ന അപൂര്‍വ ലക്ഷ്യത്തിലേക്ക് പള്ളാത്തുരുത്തി ഒരുപടി കൂടി അടുത്തു. 96 പോയിന്റുമായി പി.ബി.സി വീയപുരം ഒന്നാം സ്ഥാനത്തും 93 പോയിന്റുമായി യു.ബി.സി നടുഭാഗം രണ്ടാം സ്ഥാനത്തും തുടരുന്നു. 72 പോയിന്റുകളുമായി പൊലീസ് ബോട്ട് ക്ലബ് മഹാദേവിക്കാട് കാട്ടില്‍ തെക്കേതിലും മൂന്നാം സ്ഥാനത്തുണ്ട്.
ഇരുട്ടുകുത്തി എ ഗ്രേഡ് മത്സരത്തില്‍ സരിത്ത് ബാബു ക്യാപ്റ്റനായുള്ള യുവസാരഥി ബോട്ട് ക്ലബ്ബിന്റെ മൂന്ന് തെക്കന്‍ ഒന്നാം സ്ഥാനവും സന്തോഷ് ശിപായിത്തറ ക്യാപ്റ്റനായ കെ.കെ.ബി.സി മണ്‍റോത്തുരുത്തിന്റെ തുരുത്തിത്തറ രണ്ടാം സ്ഥാനവും നേടി. ഇരുട്ടുകുത്തി ബി വിഭാഗത്തില്‍ ഡെസ്ലി റോയ് ക്യാപ്റ്റനായ വില്ലിമംഗലം എം.ജി.എം ന്റെ ശരവണന് ഒന്നാം സ്ഥാനവും ദീപു ക്യാപ്റ്റനായ ശിങ്കാരപ്പള്ളി യുവരശ്മിയുടെ സെന്റ് ജോസഫ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
വെപ്പ് എ ഗ്രേഡ് മത്സരത്തില്‍ മണ്‍റോത്തുരുത്ത് വേണാട് ബോട്ട് ക്ലബിന്റെ അളകാപുരി ബദ്രിനാഥ് ക്യാപ്റ്റനായ ഷോട്ട് പുളിക്കത്തറ ഒന്നാമനായി. കണ്‍ട്രാം കാണി സ്പാര്‍ട്ടന്‍സ് ബോട്ട് ക്ലബിന്റെ രഞ്ജിത്ത് ക്യാപ്റ്റനായ നവജ്യോതി രണ്ടാം സ്ഥാനവും നേടി. വെപ്പ് ബി ഗ്രേഡ് ഇനത്തില്‍ ഇന്ത്യന്‍ ബോയ്സിന്റെ സൗരവ് ക്യാപ്റ്റനായ പുന്നത്തറ പുരയ്ക്കല്‍ ഒന്നാമതും രഞ്ജിത്ത് കണ്ഠത്തില് ക്യാപ്റ്റനായ പടിഞ്ഞാറേക്കല്ലട അംബേദ്കര്‍ ബോട്ട് ക്ലബിന്റെ ചിറമേല്‍ തോട്ടുകടവന്‍ രണ്ടാമത്തുമെത്തി.
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മൂന്നാമത് ചാമ്പ്യന്‍സ് ബോട്ട് കല്ലടയാറ്റിലെ മുതിരപ്പറമ്പ് കാരൂത്ര കടവ് നെട്ടയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനം കുഞ്ഞുമോന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എല്‍.എമാരായ സുജിത്ത് വിജയന് പിള്ള, സി.ആര്.മഹേഷ്, സിനിമാതാരം മധുപാല്‍ എന്നിവര്‍ മുഖ്യാതിഥികളായി. സബ് കലക്ടര്‍ മുകുന്ദ് താക്കൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കലക്ടര്‍ ദേവീദാസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. പ്രമീള , ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്, ചിറ്റുമല ബ്ലോക്ക് പ്രസിഡന്റ് ജയദേവി മോഹന്‍, ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് അന്‍സര്‍ ഷാഫി, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി സൂര്യകുമാര്‍, സി. ഉണ്ണികൃഷ്ണന്, ഉമാദേവി അമ്മ, ജില്ല പഞ്ചായത്തംഗം സി. ബാള്‍ഡുവിന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.