സെൻസസിൽ അപാകത; കുണ്ടറയിൽ രണ്ട് സംവരണ സീറ്റ് കുറഞ്ഞു
text_fieldsകുണ്ടറ: സെൻസസിലെ അപാകത മൂലം, തദ്ദേശ വാർഡുകൾ പുനർനിർണയം നടത്തിയപ്പോൾ കുണ്ടറ പഞ്ചായത്തിൽ ഒരു വാർഡ് പോലുംകൂടിയില്ല. നിലവിലുണ്ടായിരുന്ന മൂന്ന് സംവരണ വാർഡുകൾ ഒന്നായി ചുരുങ്ങുകയും ചെയ്തു.
2011ലെ സെൻസസ് റിപ്പോർട്ടിൽ പഞ്ചായത്തിലെ പട്ടികവിഭാഗം ജനസംഖ്യ തെറ്റായാണ് രേഖപ്പെടുത്തിയത്. 14 സീറ്റുള്ള കുണ്ടറ പഞ്ചായത്തിൽ നിലവിൽ രണ്ട് വനിതയടക്കം മൂന്ന് സീറ്റുകൾ പട്ടിക ജാതി സംവരണമായിരുന്നു.
പുതിയ പട്ടികയിൽ 14 സീറ്റിൽ ഒന്ന് മാത്രമാണ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളത്. പഞ്ചായത്തിലെ പട്ടികജാതി ജനസംഖ്യ 2001ലെ സെൻസസ് പ്രകാരം 3711 ആയിരുന്നു. അത് പ്രകാരമാണ് നിലവിൽ മൂന്ന് സീറ്റ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിരുന്നത്. 2011ലെ സെൻസസിൽ പട്ടികജാതി ജനസംഖ്യ 1110 എന്ന് തെറ്റായി രേഖപ്പെടുത്തിയിരുന്നു. ഇതാണ് സംവരണ സീറ്റുകൾ മൂന്നിൽനിന്ന് ഒന്നായി കുറയാൻ ഇടയായത്.
സെൻസസ് റിപ്പോർട്ടിലെ അപാകത തിരുത്താത്തത് മൂലം പഞ്ചായത്തിലെ ജനസംഖ്യ ആനുപാതികമായി വാർഡുകളുടെ എണ്ണത്തിൽ ഉണ്ടാകേണ്ടിയിരുന്ന വർധന ഉണ്ടാകാതിരിക്കുകയും പട്ടികവിഭാഗക്കാർക്ക് അർഹതപ്പെട്ട സംവരണ സീറ്റുകൾ ഇല്ലാതാവുകയും ചെയ്തു. ഇക്കാര്യത്തിൽ ആവശ്യമായ പരിശോധന തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.
2011ലെ സെൻസസിൽ പട്ടികജാതി ജനസംഖ്യയിൽ വന്ന പിശക്മൂലം 2018-19 വാർഷിക പദ്ധതി മുതൽ പഞ്ചായത്തിൽ ലഭിക്കുന്ന പട്ടികജാതി വികസന ഫണ്ട് മൂന്നിലൊന്നായി കുറയുകയും ചെയ്തു. ഇതുമൂലം പഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങളുടെ ക്ഷേമത്തിനുവേണ്ടി കൂടുതൽ പ്രോജക്ടുകൾ പഞ്ചായത്തിന് ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യമാണ്.
അടിയന്തരമായി പഞ്ചായത്ത് ഭരണസമിതികൂടി കോടതിയെ സമീപിച്ച് സംവരണ സീറ്റുകൾ പുനഃസ്ഥാപിക്കുകയും എസ്.സി ഫണ്ട് തിരികെ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ കുണ്ടറ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ഗോപാലകൃഷ്ണൻ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.