ആത്മവിശ്വാസത്തോടെ മേഴ്സിക്കുട്ടിയമ്മ; മാറ്റിമറിക്കാൻ വിഷ്ണുനാഥ്
text_fieldsആറാം മത്സരത്തിനിറങ്ങുന്ന എൽ.ഡി.എഫ് സ്ഥാനാർഥി ജെ. മേഴ്സിക്കുട്ടിയമ്മക്ക് ആശങ്കയേതുമില്ല. രാവിലെ പെരിനാട് പഞ്ചായത്തിലെ അഞ്ചാംകുറ്റിയിൽ നിന്നായിരുന്നു പ്രചാരണം ആരംഭിച്ചത്.
കടകളിൽ കയറി ഭരണത്തുടർച്ചക്കും വികസന തുടർച്ചക്കും വോട്ട് ചോദിച്ചു. പെരിനാട് ചന്തയിൽ എത്തിയപ്പോൾ മത്സ്യവിൽപനക്കാരോട് കുശലം പറഞ്ഞു. വെള്ളിമൺ മുക്കിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവ സമാപനമായിരുന്നു. നേരെ ക്ഷേത്രത്തിലേക്ക്. ഭക്തരോടും പൂജാസാമഗ്രികൾ ഒരുക്കുന്നവരോടും വോട്ടഭ്യർഥന.
ശ്രീകോവിലിന് മുന്നിൽ അഞ്ജലീബന്ധരായി നിന്ന ഭക്തരോട് കൈകൂപ്പി അഭ്യർഥന. സ്റ്റാർച് മുക്കിൽ റേഷൻ കടയിലെത്തിയവരോട് കിറ്റും മുടക്കം കൂടാതെ റേഷനും ലഭ്യമാക്കുന്ന സർക്കാറിനെ മറക്കരുതെന്ന് ഓർമിപ്പിച്ചു. ഓട്ടോ ൈഡ്രവർമാരോട് കുശലം. തുടർന്ന് കടകളിൽ കയറി വരുമ്പോഴാണ് ഒരു ബാലനെത്തി മൊബൈൽ ഫോണിലുള്ള വിഡിയോ കാണിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണാർഥം സഹോദരി കാഞ്ഞിരകോട് സെൻറ് മാർഗരറ്റ് ഗേൾസ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി കാതറിനാണ് വിഡിയോ തയാറാക്കിയത്.
കാതറിനെയും സഹോദരനെയും അമ്മയേയും ചേർത്ത് നിർത്തി ഫോട്ടോക്ക് പോസ്. സ്ഥാനാർഥിയും പ്രവർത്തകരും അടങ്ങിയ സംഘം ശശിയണ്ണെൻറ കടയിലേക്ക്. പ്രവർത്തകർ സ്പെഷൽ ചായ വരുത്തിക്കൊടുത്തു. നേരെ ഇളമ്പള്ളൂരിലേക്ക് കടകളിലും കടകളോട് ചേർന്ന വീടുകളിലും വോട്ടഭ്യർഥന. പിന്നീട് ചന്ദനത്തോപ്പ്, കരിക്കോട്, മേക്കോൺ, കുറ്റിച്ചിറ, താഹമുക്ക്, മേക്കോൺ, വായനശാല മുക്ക്, ആലുംമൂട്, മണ്ഡലം ജങ്ഷൻ, കേരളപുരം എന്നിവിടങ്ങിലെ കടകളും സന്ദർശിച്ചു.
കൊറ്റങ്കര പഞ്ചായത്തിലെ ബൂത്ത് ഓഫിസുകളുടെ ഉദ്ഘാടനവും നിർവഹിച്ചു. സന്ധ്യകഴിഞ്ഞ് മുക്കടയിലെ ഏരിയ കമ്മിറ്റി ഓഫിസിൽ പ്രവർത്തകരുമായി വിലയിരുത്തൽ യോഗം. കേരളത്തിൽ തുടർഭരണത്തിനായി കുണ്ടറ എൽ.ഡി.എഫിെനാപ്പം നിൽക്കുന്ന കാര്യത്തിൽ ഒരു ആശങ്കയില്ലെന്നും വിജയം സുനിശ്ചിതമാണെന്നും മേഴ്സിക്കുറപ്പ്.
കുണ്ടറയിൽ മൂന്ന് മുന്നണികളിലും ഒടുവിലെത്തിയ സ്ഥാനാർഥിയാണ് യു.ഡി.എഫിെൻറ പി.സി. വിഷ്ണുനാഥ്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ദിവസം മുതൽ പ്രവർത്തകർ പ്രചാരണത്തിലും മറ്റും സജീവമായതിെൻറ ആത്മവിശ്വാസത്തിലാണ് ഇറങ്ങിയത്.
തീരുമാനിച്ച സമയത്തുതന്നെ പ്രവർത്തകരെ ഏറെ കാത്തുനിർത്താതെ സ്ഥാനാർഥി എത്തി. കശുവണ്ടി മേഖലയെ തകർത്തതും, മത്സ്യത്തൊഴിലാളികളുടെ ജീവശ്വാസമായ ആഴക്കടൽ സ്വകാര്യ കോർപറേറ്റിന് വിൽക്കാൻ ശ്രമിച്ചതും ഉൾപ്പെടെ പറഞ്ഞാണ് വോട്ടഭ്യർഥന.
ഇടക്കിടെ വോട്ടർമാരിൽ ചിലർ സെൽഫിയെടുക്കാൻ അനുവാദം ചോദിക്കുമ്പോൾ ഫോൺ വാങ്ങി എടുത്തുകൊടുത്തും വോട്ട് പാട്ടിലാക്കാൻ മറക്കുന്നില്ല. സ്ഥാനാർഥിക്കൊപ്പം ഓടിയെത്താൻ പലപ്പോഴും പ്രവർത്തകർ പ്രയാസപ്പെട്ടു.
കേരളപുരം സെൻറ് വിൻസൻറ് ആശ്രമത്തിലെത്തി അച്ചന്മാരുടെ അനുഗ്രഹം വാങ്ങിയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. സെൻറ് വിൻസൻറ് ഓൾേഡജ് ഹോമിലെത്തി കന്യാസ്ത്രീകളെയും അന്തേവാസികളെയും കണ്ട് വോട്ടഭ്യർഥിച്ചു. കേരളപുരം സാൻറാമറിയ കോൺവെൻറ്, പെരുമ്പുഴ ബഥനിയ കോൺെവൻറ്, കാഞ്ഞിരകോട് സെൻറ് മാർഗരറ്റ് കോൺവെൻറ് എന്നിവിടങ്ങളിലെത്തി കന്യാസ്ത്രീകളെ കണ്ടു. കുണ്ടറ ഫയർ സ്റ്റേഷൻ ഉൾപ്പെടെയുള്ള ഓഫിസുകളിലും കയറി വോട്ട് ചോദിച്ചു.
കാഞ്ഞിരകോട് താലൂക്ക് ആശുപത്രി, ആശുപത്രി മുക്ക് മുതൽ ഇളമ്പള്ളൂർ വരെയുള്ള കട കമ്പോളങ്ങൾ എന്നിവിടെയും പര്യടനം. ചെറുമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി ഭക്തരെ കണ്ട് വോട്ട് ചോദിച്ചു.
എല്ലാവരെയും തോളിൽ തട്ടിയും തൊഴിലാളികളെയും അമ്മമാരെയും ചേർത്തുപിടിച്ചും വനിതകൾക്ക് മുന്നിൽ കൈകൂപ്പിയും മാറ്റത്തിനായി വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചു.
ഇതിനിടെ കടക്കാർ നൽകിയ ചൂടുചായയും നാരങ്ങ വെള്ളവും കുടിച്ചു. അടിസ്ഥാന തൊഴിലായ കശുവണ്ടി മേഖല തകർത്തതിൽ ദുരിതമനുഭവിക്കുന്ന കശുവണ്ടി തൊഴിലാളികളും, കടൽ സ്വകാര്യ കോർപറേറ്റിന് കൈമാറിയത് തിരിച്ചറിഞ്ഞ മത്സ്യതൊഴിലാളികളും തങ്ങളെ വഞ്ചിച്ചതിെൻറ കണക്ക് വോട്ടർമാർ തനിക്ക് വോട്ടായി നൽകുമെന്നും പാർട്ടിയുടെ ചിട്ടയായ പ്രവർത്തനം നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.