കുടിവെള്ള പൈപ്പിലൂടെ എത്തുന്നത് ചളിവെള്ളം
text_fieldsകുണ്ടറ: പേരയം പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് വാര്‍ഡുകളായ കോട്ടപ്പുറം, പള്ളിയറ തുടങ്ങിയ പ്രദേശങ്ങളിലെ ആയിരത്തില്‍പരം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന കുടിവെള്ള പൈപ്പുകളിലൂടെ എത്തുന്നത് ചളിവെള്ളം. മുന്‍ എം.എല്‍.എ എം.എ. ബേബിയുടെ ആസ്തിവികസനഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് ചിറ്റുമലച്ചിറയില്‍ നിര്‍മിച്ച കിണറില്‍നിന്നാണ് കുടിവെള്ളം പമ്പ് ചെയ്ത് മുളവനയില്‍ സ്ഥാപിച്ച ടാങ്കിലെത്തിച്ച് വിതരണം ചെയ്യുന്നത്. ജെ. മേഴ്സിക്കുട്ടിയമ്മ എം.എല്‍.എയുടെ കാലത്താണ് ഇത് പൂര്‍ത്തീകരിച്ചത്.
വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ അലംഭാവം കോട്ടപ്പുറം കുടിവെള്ളപദ്ധതി നടത്തിപ്പില്‍ പ്രകടമായിരുന്നു. കിണര്നിർമാണത്തിലെ അപാകതമൂലം ചിറയിലെ മലിനജലം പമ്പ് ചെയ്ത് കുടിവെള്ളം എന്ന പേരില്‍ വീടുകള്‍ക്ക് വിതരണം ചെയ്യുന്ന വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ വെള്ളത്തിന്റെ ഗുണനിലവാര പരിശോധനക്കോ പരിഹാര നടപടിക്കോ ഒന്നും ചെയ്തിട്ടില്ല. മലിനജല ഉപയോഗംമൂലം പകര്‍ച്ചവ്യാധികള്‍ ഉൾപ്പെടെ പ്രദേശങ്ങളില്‍ വ്യാപകമാണ്.
വീടുകളിലെ വാട്ടര്‍ ടാങ്കുകള്‍ അടിക്കടി വൃത്തിയാക്കിയാല്‍ പോലും ചളികലര്‍ന്ന വെള്ളമാണ് ടാപ്പുകളിലൂടെ എത്തുന്നത്. ഉദ്യോഗസ്ഥരുടെ ഈ നടപടി കണ്ടില്ലെന്നുനടിക്കുകയാണ് ഭരണാധികാരികളും ജനപ്രതിനിധികളും. കുണ്ടറയില്‍നിന്ന് കല്ലടയിലേക്ക് പോകുന്നജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ കോട്ടപ്പുറം കുടിവെള്ളപദ്ധതിയിലേക്ക് ബന്ധിപ്പിച്ച് ശുദ്ധജലം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ പേരയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സോണി വി. പള്ളം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.