കൊല്ലം-തേനി ദേശീയപാതക്കടിയില് ‘തുരങ്കം’
text_fieldsകുണ്ടറ: കൊല്ലം-തേനി ദേശീയപാതയില്‍ പേരയത്തിനും ചിറ്റുമലക്കും ഇടക്ക് വരമ്പ് ഭാഗത്ത് പാതക്കടിയില്‍ മൂന്ന് മീറ്ററോളം വീതിയിലും അഞ്ച് മീറ്ററോളം നീളത്തിലും ഒന്നര മീറ്ററോളം ആഴത്തിലും മണ്ണൊലിച്ചുപോയി ‘തുരങ്കം’ രൂപപ്പെട്ടു. നാട്ടുകാരുടെ സമയോചിത ഇടപെടലിൽ വൻദുരന്തം ഒഴിവായി.
ടാറിന്റെ ബലത്തിലാണ് ഇപ്പോള്‍ പാത നില്‍ക്കുന്നത്. കഴിഞ്ഞദിവസം ഉച്ചക്ക് ഒന്നരയോടെയാണ് റോഡിന്റെ ഒരു ഭാഗത്ത് ഒരടി വ്യാസത്തില്‍ കുഴി പാതയോരത്തിരുന്ന് മത്സ്യവ്യാപാരം നടത്തുന്ന ലിസിയാണ് ആദ്യം കണ്ടത്. ഇവര്‍ അടുത്തുള്ള ടൂവീലര്‍ വർക്ഷോപ് ഉടമയേയും മുന്‍വാര്‍ഡംഗം അമൃത് കുമാറിനെയും വിവരമറിയിച്ചു. ഇവരും പരിസരവാസികളായ വീട്ടുകാരും ചേര്‍ന്ന് ചെടിച്ചട്ടികളും മറ്റുംവെച്ച് വാഹനങ്ങൾക്ക് അപായ സൂചന നല്കി.
വിവരമറിഞ്ഞ് കുണ്ടറ, കിഴക്കേകല്ലട പൊലീസും, അഗ്നിരക്ഷാസേനയും പി.ഡബ്ല്യു.ഡി അധികൃതരും സ്ഥലത്തെത്തി. രാത്രിയോടെ എസ്കവേറ്റർ ഉൾപ്പെടെ എത്തിച്ച് റോഡ് പൊളിച്ച് തകരാര്‍ പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചു. പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര, വാര്‍ഡംഗം ബിനോയ്, കിഴക്കേകല്ലട പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജുലോറന്സ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
കേരള സിറാമിക്സിലേക്കും ടെക്നോപാര്ക്കിലേക്കുമുള്ള പൈപ്പ് ലൈന്‍ ഈ പതയോരത്തുകൂടിയാണ് കടന്നുപോകുന്നത്. മറുഭാഗത്ത് പേരയം തോടുമാണ്. പൈപ്പ് ലൈന്‍ ലീക്കാവുകയോ തോടിന്റെ സംരക്ഷണ ഭിത്തിക്കുള്ളിലൂടെ വെള്ളം ഒഴുകിയോ ആകാം റോഡിനടിയിലെ മണ്ണ് ഒലിച്ചു പോയതെന്നാണ് പ്രാഥമിക നിഗമനം. കുഴിരൂപപ്പെട്ടത് ശ്രദ്ധയില്‍ പെട്ടിരുന്നില്ലെങ്കില്‍ ഭാരം കയറ്റിവരുന്ന വാഹനം അപകടത്തിൽപെടുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.