കാഴ്ചയുടെ വര്‍ണപ്പൂരമൊരുക്കി ഋഷികേശ് ആര്‍ട്ട് ഗ്യാലറി
text_fieldsകുണ്ടറ: 95ല്‍പരം കലാകാരന്മാരുടെ ചിത്രങ്ങളുടെ 365 ദിവസത്തെ പ്രദര്‍ശനം ഒരുക്കി ചരിത്രം രചിക്കുകയാണ് രാമന്‍കുളങ്ങരയിലെ ഋഷികേശ് ആർട്ട് ഗ്യാലറി. ശില്പിയും ചിത്രകാരനും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഗുരുപ്രസാദ് അയ്യപ്പനാണ് പ്രദർശനത്തിന്റെ അമരക്കാരൻ. ചിത്രകാരന്മാരായ ശേഖര്‍ അയ്യന്തോള്‍, ആര്യാട് രാജേന്ദ്രന്, ജി. അഴിക്കോട്, മുളവന എന്‍.എസ്.മണി, ബൈജു പുനുക്കൊന്നൂര്‍, പ്രമോദ് കൂരംപാല, ഉദയകുമാര്‍, ടി.ആര്.രാജേഷ്, ശ്യാംലാല്‍, ഐവര്‍കാല, ഷൈലേന്ദ്രബാബു, ടി.പി. മണി തുടങ്ങി 95 കലാകാരന്മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. കലാകാരന്മാരുടെ തനത് ചിത്രങ്ങള്‍ക്ക് ലക്ഷങ്ങളും കോടികളും വിലയുള്ളപ്പോള്‍ സാധാരണക്കാര്‍ക്ക് കൂടി താങ്ങാനാവുംവിധം 3,000 മുതല്‍ 10,000 രൂപ വരെയുള്ള നിരക്കിലാണ് ചിത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നത്.
മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയിട്ടുള്ള പൊലീസുകാരനായിരിക്കെ തന്നെ ശിൽപകലാരംഗത്ത് തന്റെതായ വ്യക്തി മുദ്രപതിപ്പിച്ചയാളാണ് ഗുരുപ്രസാദ് അയ്യപ്പൻ. മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ശില്പിയാണ്. മൂന്നര പതിറ്റാണ്ടായി ശില്പനിർമാണ രംഗത്ത് തുടരുന്നു.
സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ ശില്പമായ 44 അടി ഉയരമുള്ള ‘കൈലാസനാഥന്’ അദ്ദേഹത്തിന്റെ ശില്പങ്ങളില് വേറിട്ടു നില്ക്കുന്നു. 2005ല്‍ ‘സ്ത്രീ-യഥാര്‍ത്ഥവും ഭാവനയും’ എന്ന ചിത്രത്തിന് കേരള ലളിതകലാ അക്കാദമി അവാര്‍ഡ് ലഭിച്ചു.
സൂക്ഷ്മമായ വിശദാംശങ്ങള്‍ ഒഴിവാക്കി, ശിൽപങ്ങളുടെ പ്രതികരണങ്ങളിലും രൂപങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് താന്‍ ശില്പനിർമാണ ശൈലി വികസിപ്പിച്ചെടുത്തതെന്ന് അദ്ദേഹം പറയുന്നു.
ചതുരാകൃതിയിലുള്ള ശില്പങ്ങളെക്കുറിച്ചും അതിന്റെ സാങ്കേതികതകളെക്കുറിച്ചും ചതുര ശില്പങ്ങള് എന്ന പുസ്തകം എഴുതാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ ഗുരുപ്രസാദ്. ഭാര്യ ടി.പ്രീതയും മക്കളായ ആദിത്യയും വിധുവും എല്ലാ പിന്തുണയും നല്കി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.