സ്വകാര്യ ബസുകളുടെ അമിതവേഗവും അനധികൃത പാര്‍ക്കിങ്ങും തലവേദന
text_fieldsകുണ്ടറ: സ്വകാര്യ ബസുകളുടെ അമിതവേഗവും അനധികൃത പാര്‍ക്കിങ്ങും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു. സമയക്രമം പാലിക്കാതെയാണ് ബസുകളുടെ സഞ്ചാരം. മിനിറ്റുകളുടെ വ്യത്യാസത്തില്‍ വരുന്ന മറ്റ് ബസുകളെ പിന്നിലാക്കി യാത്രക്കാരെ കയറ്റാന്‍ ഡ്രൈവര്‍മാര്‍ നടത്തുന്ന ശ്രമമാണ് കാല്‍നടയാത്രക്കാരെ ഉള്‍പ്പെടെ ഭീതിയിലാക്കുന്നത്.
ഇളമ്പള്ളൂര്‍, മുക്കട, ആശുപത്രിമുക്ക് സ്റ്റോപ്പുകളില്‍ ഒന്നില്‍ കൂടുതല്‍ ബസുകളുണ്ടെങ്കില്‍ റോഡില്‍തന്നെ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ഇത് കുണ്ടറയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. കഴിഞ്ഞ ദിവസം ആശുപത്രിമുക്കില്‍ കെ.എസ്.ആര്.ടി.സി ബസിനെ മറികടന്ന് വന്ന സ്വകാര്യ ബസ് യാത്രക്കാരെ ഇറക്കാനായി റോഡില്‍തന്നെ നിര്‍ത്തിയത് വന്‍ ഗതാഗതക്കുരുക്കിന് കാരണമായി.
വൈകുന്നേരങ്ങളില്‍ റെയില്‍വേ ഗേറ്റ് അടച്ചിടുമ്പോള്‍ ആശുപത്രിമുക്ക് മുതല്‍ ഇളമ്പള്ളൂര്‍ ഗുരുദേവ ഓഡിറ്റോറിയം വരെ ഒരു കിലോമീറ്റര്‍ നീളത്തില്‍ വാഹനങ്ങള്‍ നിരനിരയായി കിടക്കുന്ന സ്ഥിതിയാണ്. ഈ സമയത്ത് മുക്കടയിലെ പെട്രോൾ പമ്പിൽ കയറ്റി തിരിക്കാനായി സ്വകാര്യ ബസുകള്‍ വാഹനത്തിരക്കിടയിലേക്കും കയറ്റുന്നു. വ്യാപാരികള്‍ ഫോട്ടോയും ദൃശ്യങ്ങളും പകര്‍ത്തി ആര്.ടി.ഒ അധികൃതര്‍ക്ക് നല്കുമ്പോള് അവരെത്തി പിഴ ചുമത്തും. എന്നാൽ, ബസുകളുടെ നിയമലംഘനം അടുത്ത ദിവസങ്ങളിലും ആവർത്തിക്കുന്നു. രാത്രി കാലങ്ങളില്‍ മിക്ക ബസുകളും ദേശീയപാതയുടെ അരികില്‍ നിര്‍ത്തിയിടാറാണ് പതിവ്. ഇതും അപകടസാധ്യത കൂട്ടുന്നു. ബസുകളിലെ എയര്‍ ഹോണുകൾ നിയന്ത്രിക്കാനും നടപടിയുണ്ടാകുന്നില്ല. പൊലീസ്, മോട്ടോർ വാഹനവകുപ്പ് അധികൃതർ സ്വകാര്യ ബസുകളുടെ നിയമലംഘനം തടയാൻ കർശനമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.