ക്ഷേത്രത്തിലെ മോഷണം: ദമ്പതികളും കച്ചവടക്കാരനും അറസ്റ്റിൽ
text_fieldsകുണ്ടറ: ക്ഷേത്രത്തില്‍നിന്ന് വിളക്കുകള്‍ മോഷ്ടിച്ച കേസിൽ ദമ്പതികളെയും മോഷണമുതൽ വാങ്ങിയ കച്ചവടക്കാരനെയും കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ സ്വദേശിയായ സലിം (46), ഭാര്യ ചിറയിന്‍കീഴ് മുതലപ്പൊഴി പെരുമാതുറ സ്വദേശിനി ഹസീന (43) എന്നിവരും ഇവര്‍ മോഷ്ടിച്ച സാധനങ്ങള്‍ സ്ഥിരമായി വാങ്ങിയിരുന്ന കൊല്ലം കൂനമ്പായികുളംക്ഷേത്രത്തിനുസമീപം ആക്രി വ്യാപാരം നടത്തുന്ന വടക്കേവിള അഫ്സല് മന്‍സിലിൽ മസ്ഹര്‍ (52) എന്നിവരെയാണ് പിടികൂടിയത്.
ഇളമ്പള്ളൂര്‍ അമ്പിപ്പൊയ്കയില് അത്തിപ്പറമ്പില്‍ ശ്രീദുര്‍ഗ ഭദ്രാദേവി യോഗീശ്വര ക്ഷേത്രത്തില്‍ കഴിഞ്ഞദിവസം നാല്പതിനായിരം രൂപയുടെ വലുതും ചെറുതുമായ വിളക്കുകള്‍ മോഷണം പോയ കേസിലാണ് അറസ്റ്റ്. സി.സി.ടി.വി ദൃശ്യങ്ങളുടെയും മറ്റ് ശാസ്ത്രീയമായ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ഒരുമാസമായി കുണ്ടറ അമ്പിപൊയ്കയില്‍ വാടകക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു ദമ്പതികൾ. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വാടകക്ക് വീെടടുത്ത് സമീപപ്രദേശങ്ങളില്‍ മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ദമ്പതികള്‍ ആയതിനാല്‍ അയല്ക്കാര്ക്ക് സംശയം തോന്നാത്തതുകൊണ്ടാണ് ഇവര്‍ ഇത്തരത്തില്‍ മോഷണം തുടര്‍ന്നത്.
സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഇല്ലാത്ത ചെറിയ ക്ഷേത്രങ്ങളിലും മറ്റും കടന്നുകയറി വിളക്കുകള്‍, കിണ്ടി, ഉരുളി എന്നിവ മോഷ്ടിക്കുകയാണ് പതിവ്. കുണ്ടറ സ്റ്റേഷന്‍പരിധിയില്‍ നിലവില്‍ ഇവര്‍ താമസിച്ചുവരുന്ന വാടകവീടിന് സമീപത്താണ് ഇവരുടെ മകള്‍ കുടുംബവുമായി താമസിക്കുന്നത്. തൃശൂര്‍ ജില്ലയിലെ ചാവക്കാട് സ്റ്റേഷനിലെ രണ്ട് മോഷണക്കേസുകളില്‍ പ്രതികളായി ഇരുവരും ജയില്‍ശിക്ഷ അനുഭവിച്ചവരാണ്.
അന്വേഷണവുമായി തീരെ സഹകരിക്കാത്ത ഇരുവരെയും ശാസ്ത്രീയമായ ചോദ്യം ചെയ്യലിലൂടെ മോഷണമുതല്‍ വിറ്റ സ്ഥലത്തെപ്പറ്റിയും മറ്റും വിവരം ശേഖരിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മസ്ഹര്‍ എന്നയാളാണ് സ്ഥിരമായി ഇവരില്‍നിന്ന് കുറഞ്ഞ നിരക്കില്‍ മോഷണമുതല്‍ കൈപ്പറ്റിയിരുന്നതെന്ന് ബോധ്യപ്പെടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. മസ്ഹറിന്റെ ആക്രിസ്ഥാപനത്തില്‍ പരിശോധന നടത്തിയതോടെ തൊണ്ടിമുതലുകള്‍ കണ്ടെത്തി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കുണ്ടറ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.