അനധികൃത ഗ്യാസ് ഗോഡൗണില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു: ഒരാള്‍ക്ക് പരിക്ക്
text_fieldsകുണ്ടറ: പേരയത്ത് അനധികൃത ഗ്യാസ് ഗോഡൗണില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്. ഗോഡൗണിലുണ്ടായിരുന്ന കണ്ടച്ചിറ സ്വദേശി നൗഫലിനാണ് പരിക്കേറ്റത്. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരയം വരമ്പ് ഭാഗത്തെ മുന്‍ സർവിസ് സ്റ്റേഷനുള്ളിലായിരുന്നു അനധികൃത ഗ്യാസ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. ഞായറാഴ്ച വൈകീട്ട് അഞ്ചരക്കാണ് അപകടം. അനധികൃതമായി ഗോഡൗണിലെത്തിക്കുന്ന വിവിധ കമ്പനികളുടെ സിലിണ്ടറുകള്‍ റീഫില്‍ ചെയ്യുന്നതിനിടയിലാണ് ഒരു സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ദീര്‍ഘകാലമായി പ്രവര്‍ത്തനം നിലച്ച സർവിസ് സ്റ്റേഷന് പാറശ്ശാല സ്വദേശിയും കുണ്ടറയില്‍ വാടകക്ക് താമസിക്കുകയും ചെയ്യുന്ന ജയരാജ് വാടകക്കെടുത്ത ശേഷം ഇവിടെ അനധികൃതമായി ഗ്യാസ് റീഫിലിങ് നടത്തി വരുകയായിരുന്നു. അപകടത്തിനുശേഷം നടന്ന പൊലീസ് പരിശോധനയില്‍ സിലണ്ടറിനുള്ളില്‍ ഗ്യാസ് നിറക്കുന്ന ഉപകരണങ്ങള്‍ കണ്ടെത്തി. 86 ഗാര്‍ഹിക സിലിണ്ടറുകളും 14 കോമേഴ്‌സ്യല്‍ സിലിണ്ടറുകളും ഉള്‍പ്പടെ 101 സിലണ്ടറുകളും കണ്ടെടുത്തു. ഗ്യാസ് സിലണ്ടറുകള്‍ സൂക്ഷിച്ചിരുന്ന ഷെഡിെൻറ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. കുണ്ടറയില്‍ നിന്നുള്ള അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.
കൂടുതല്‍ പരിശോധനക്കായി പൊലീസ് ഗോഡൗണ്‍ പൂട്ടുകയും സ്ഥലത്ത് കാവലേര്‍പ്പെടുത്തുകയും ചെയ്തു. സുരക്ഷ പരിശോധനക്കുശേഷം ബാക്കിയുണ്ടായിരുന്ന സിലിണ്ടറുകള്‍ സമീപത്തെ ഗ്യാസ് ഏജന്‍സിയില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു. കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.