കുണ്ടറയിലെ കിണർ ദുരന്തം; 30 അടി താഴ്ചയിൽ 14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം
text_fieldsകുണ്ടറ: 26 തൊടികൾ ഇടിഞ്ഞുവീണ് ഗിരീഷ് കുമാർ എന്ന തൊഴിലാളി അകപ്പെട്ട കിണറിന് ചുറ്റും ഉറക്കമൊഴിച്ച് രക്ഷാപ്രവർത്തനത്തിനായി നാടൊന്നിച്ചത് 14 മണിക്കൂർ. മണിക്കൂറുകൾ പിന്നിടുന്തോറും ഗിരീഷ് കുമാറിനെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത മങ്ങിയെങ്കിലും ഒരു നിമിഷം പോലും വിശ്രമിക്കാതെ 30 അടി താഴ്ചയിലേക്ക് കുഴിയെടുത്ത് അവർ പരിശ്രമിച്ചു. ഒടുവിൽ വ്യാഴാഴ്ച രാവിലെ ദുഃഖകരമായ അവസാനം.
കുണ്ടറ ഫയർ സ്റ്റേഷൻ ഓഫിസർ എസ്.ആർ. ഗിരീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ജുബിൻ ജോൺസൺ, എബിൻ, ബിനുരാജ് എന്നിവരാണ് കിണറ്റിലിറങ്ങി രക്ഷാപ്രവർത്തനം നടത്തിയത്. കുണ്ടറ പൊലീസ് സ്റ്റേഷൻ ഓഫിസർ മഞ്ചുലാലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു.
അപകടം നടന്നതിന് പിന്നാലെ ബുധനാഴ്ച വൈകീട്ടോടെ സ്ഥലത്തെത്തിയ പി.സി. വിഷ്ണുനാഥ് എം.എൽ.എ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയശേഷമാണ് മടങ്ങിയത്. കുണ്ടറ തഹസിൽദാർ, പെരിനാട് വില്ലേജ് ഓഫിസർ, പെരിനാട് പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ജയകുമാർ, പനയം പഞ്ചായത്ത് പ്രസിഡൻറ് രാജശേഖരൻ, പെരിനാട് പഞ്ചായത്ത് സെക്രട്ടറി ബാബുരാജ്, സി.പി.എം ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ, മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, യു.ഡി.എഫ് കുണ്ടറ നിയോജക മണ്ഡലം ചെയർമാൻ കുരീപ്പള്ളി സലീം, കോൺഗ്രസ് കുണ്ടറ ബ്ലോക്ക് പ്രസിഡൻറ് കെ. ബാബുരാജ്, ബി.ജെ.പി സംസ്ഥാന സമിതി അംഗം വെള്ളിമൺ ദിലീപ്, മണ്ഡലം പ്രസിഡൻറ് ഇടവട്ടം വിനോദ് എന്നിവർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.
പൊലിഞ്ഞത് ഒരു കുടുംബത്തിന്‍റെ താങ്ങ്
കുണ്ടറ: കിണർ അപകടത്തിൽപെട്ട ഗിരീഷ്കുമാറിന്റെ മരണത്തോടെ ദുരിതത്തിലായത് നിർധന കുടുംബം. കാഷ്യു കോർപറേഷനിലെ ജീവനക്കാരനായിരുന്നു ഗിരീഷ്കുമാറെങ്കിലും കഴിഞ്ഞ ആറ് മാസമായി കാര്യമായി ജോലി ഉണ്ടായിരുന്നില്ല.
ഭാര്യ ബീനയും കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ്. ഇവർക്കും കുറച്ചുമാസമായി ജോലി ഇല്ലായിരുന്നു. മൂത്തമകൻ അനന്ദു പ്ലസ് ടു പരീക്ഷ എഴുതി നിൽക്കുന്നു. ഇളയ മകൻ അക്ഷയ് പത്താം ക്ലാസ് വിദ്യാർഥിയാണ്. കശുവണ്ടി ഫാക്ടറിയിൽ ജോലിയില്ലാത്തപ്പോഴെല്ലാം ഗിരീഷ് മറ്റ് ജോലികൾ ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. കിണറുപണിക്കും മൈക്കാട് പണിക്കും പ്ലംബിങ് വർക്കിനും തുടങ്ങി ഏത് ജോലിക്കും പോകുമായിരുന്നു. അത്തരത്തിൽ കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്ന വ്യക്തിയാണ് പൊലിഞ്ഞത്. സർക്കാർ ധനസഹായം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.