തിരിഞ്ഞുനോക്കാതെ അധികൃതർ; മൺട്രോതുരുത്തിൽ ദുരിതക്കയറ്റം
text_fieldsമൺട്രോതുരുത്തിലെ വേലിയേറ്റം
കുണ്ടറ: ഫെബ്രുവരി-മാർച്ച് മാസങ്ങൾ മൺട്രോതുരുത്തുകാരുടെ ദുരിതം കയറുന്ന വേലിയേറ്റത്തിന്റെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. നൂറ്റാണ്ടുകളായി മൺട്രോതുരുത്തുകാർ അനുഭവിക്കുന്ന ഈ ദുരിതത്തിന് ശാസ്ത്രവും സങ്കേതികവിദ്യയും പുരോഗമിച്ചിട്ടും അറുതിയില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകഷ്ണൻ, ഇപ്പോഴത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുൻ മന്ത്രിമാരായ എം.എ ബേബി, ജി.സുധാകരൻ, എം.പി കൊടുക്കുന്നിൽ സുരേഷ് എന്നിവരൊക്കെ പലകാലം പലതവണ തുരുത്തിലെത്തി ഇപ്പം പരിഹാരം എന്ന് പ്രഖ്യാപിച്ച് മടങ്ങിയിട്ട് ഒന്നും സംഭവിച്ചില്ല.
നാട്ടുകാരുടെ ദുരിതത്തിന് എന്തെങ്കിലും പരിഹാരവും ഉണ്ടാകുമെന്ന പ്രതീക്ഷ ഭരണപക്ഷ പാർട്ടിയിൽപെട്ടവർക്ക് പോലും ഇല്ലാത്ത സ്ഥിതിയായി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കേന്ദ്രം വയനാടിനെ കണ്ടപോലെ, മൺട്രോതുരുത്ത് കേരളത്തിന്റെ ഭാഗമല്ലെന്ന നിലപാടിലാണെന്ന് പ്രദേശവാസികൾ പരിഭവിക്കുന്നു.
പരീക്ഷ കാലത്ത് പെരിങ്ങാലം ഹയർ സെക്കൻഡറി സ്കൂളിലേക്ക് കുട്ടികളും അധ്യാപകരും പോകുന്ന റോഡ് ഇപ്പം മുട്ടൊപ്പം വെള്ളം കയറിയ തോടാണ്. പുലർച്ച വീടുകളിൽ കയറുന്ന വെള്ളം ഉച്ചയായാലും തിരിച്ചിറങ്ങാത്ത സ്ഥിതിയാണ്. വൈകീട്ട് വീണ്ടും വേലിയേറ്റം ശക്തമാകുന്നത് ദിവസം മുഴുവൻ വീടുകൾക്കുള്ളിൽ വെള്ളം കെട്ടിനിൽക്കുന്നതിന് കാരണമാവുകയാണ്. പച്ചക്കറി കൃഷികളും മത്സ്യകൃഷികളും ഉപ്പുവെള്ളം കയറി നശിച്ച നിലയിലാണ്.
ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്. റെയിൽവേ സ്റ്റേഷന് പടിഞ്ഞാറുവശം, പട്ടംതുരുത്ത്, പെരിങ്ങലം കൺഡ്രാം കാണി, കിടപ്രം തെക്ക്, വടക്ക് ഭാഗങ്ങൾ, നെന്മേനി തെക്ക് എല്ലാം വെള്ളത്തിനടിയിലാണ്. കൃഷിയും ഉപജീവനവും പ്രതിസന്ധിയിലായതിനൊപ്പം പകർച്ചവ്യാധി ഭീഷണിയും, മനോസംഘർഷവും തുരുത്തുകാരെ അലട്ടുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.