മലബാർ കലാപം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വെന്നിക്കൊടി: കുരീപ്പുഴ ശ്രീകുമാർ
text_fieldsകൊല്ലം: സ്വാതന്ത്ര്യ സമര വിജയ ചരിത്രത്തിൽ വെന്നിക്കൊടി പാറിച്ച സമരമാണ് മലബാർ കലാപമെന്നും തക്ബീര്‍ മുഴക്കിയ മലയാളത്തിെൻറ ധീര യോദ്ധാവാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. മലബാർ കലാപത്തിൻ്റെ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കൊല്ലം, കരിക്കം ജംഗ്ഷനിൽ നടന്ന രക്തസാക്ഷി സ്മൃതി ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിക്കം ജനകീയവായനശാല, തലച്ചിറ പി.കെ.വി ഗ്രന്ഥശാല, സദാനനന്ദപുരം ഇഞ്ചയ്ക്കൽ അച്യുതമേനോൻ സംസ്കാരിക വേദി ഗ്രന്ഥശാല എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ചരിത്രത്തെ വക്രീകരിച്ച് തമസ്കരിക്കാനുള്ള നീക്കത്തെ കേരള സമൂഹം എന്തു വില കൊടുത്തു ചെറുക്കണമെന്നും നിങ്ങള്‍ക്ക് രക്ഷ വേണമെങ്കില്‍ വേഗം ഇംഗ്ലണ്ടിലേക്ക് ഓടിക്കോ എന്ന് മുഷ്ടി ചുരുട്ടിയ, മലയാളരാജ്യത്തിന് പ്രാണന്‍ പകുത്ത് നല്‍കിയ ധീരപോരാളികളുടെ സ്മരണ വരും കാലങ്ങളിലും നിലനിൽക്കുമെന്നും കൂരീപ്പുഴ ചൂണ്ടിക്കാട്ടി.
മലബാർ വിപ്ലവത്തിലെ 387 രക്തസാക്ഷികളുടെ സ്മരണയിൽ 387 ചിരാത് തെളിയിച്ച് സ്മൃതി ജ്വാലയ്ക്ക് തുടക്കമായി. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് എ.എസ്. ഷാജി അധ്യക്ഷത വഹിച്ചു. കരിക്കം ജനകീയവായനശാലയുടെ നേതൃത്വത്തിൽ കരിക്കം ഗവ.എൽ.പി സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോണുകൾ വൈഎംസിഎ പ്രസിഡൻ്റ് കെ.ഒ. രാജുക്കുട്ടി വിതരണം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.എസ്.ജയചന്ദ്രൻ, കവി രാജൻ താന്നിക്കൽ, ജനകീയ വായനശാല പ്രസിഡൻറ് ബിനു മാത്യു, സെക്രട്ടറി ജി. പൊന്നച്ചൻ, പ്രൊഫ. പി.കെ.വർഗീസ്, ആർ. രാഹുൽ, മാത്യു വർഗീസ്, പിഎംജി കുരാക്കാരൻ, പി.വൈ. തോമസ്, റെജിമോൻ ലൂക്കോസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.