കുവൈറ്റ് ദുരന്തം; കൊല്ലത്തിന് നോവേറ്റി മൂന്ന് മരണം
text_fieldsകൊല്ലം: കേരളത്തിന് മുഴുവൻ ആഘാതമായി എത്തിയ കുവൈറ്റ് തീപിടിത്ത ദുരന്തത്തിൽ കൊല്ലത്തിന്റെ നോവേറ്റി മരണം കൊണ്ടുപോയത് മൂന്ന് ജീവനുകൾ. ശൂരനാട് വടക്ക് ആനയടി വയ്യാങ്കര ജങ്ഷന് സമീപം തുണ്ടുവിളയിൽ (കലതി വിളയിൽ) ഉമ്മറുദ്ദീന്റെ മകൻ ഷെമീറിന്റെ(33) മരണം ആദ്യം സ്ഥിരീകരിച്ചതിന് പിന്നാലെ ബുധനാഴ്ച രാത്രിയോടെ രണ്ട് പേരുടെ മരണവാർത്തയും എത്തിയോടെ ജില്ലയുടെ വിവിധ മേഖലകളിലേക്ക് ദുരന്തത്തിന്റെ ആഘാതം പതിക്കുന്നതായി കാഴ്ച.
പുനലൂർ നരിയ്ക്കൽ വാഴവിള അടിവള്ളൂർ സാജൻ വില്ല പുത്തൻ വീട്ടിൽ ജോർജ് പോത്തന്റേയും, വൽസമ്മയുടേയും മകനായ സാജൻ ജോർജ് (29) , വെളിച്ചിക്കാല വടകോട് വിളയിൽവീട്ടിൽ ലൂക്കോസ് (48) എന്നിവരുടെ മരണമാണ് രാത്രിയോടെ സ്ഥിരീകരിച്ചത്. ഒരുമാസം മുമ്പ് മാത്രം ജോലി തേടി കുവൈറ്റിലെത്തിയ സാജൻ ജോർജിന്റെ വിയോഗം വലിയ ഞെട്ടലാണ് നാടും പ്രിയപ്പെട്ടവരും.
എം.ബി.എ, എം.ടെക് ബിരുദധാരിയായ സാജൻ അടൂർ മൗണ്ട് സിയോൺ എൻജിനീയറിങ് കോളജിൽ കുറച്ചുകാലം അധ്യാപകനായിരുന്നു. തുടർന്നാണ് കുവൈത്തിലേക്ക് പോയത്. പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മകൾ ലിഡിയയുടെ തുടർപഠനത്തിന് കാര്യങ്ങൾ ചെയ്യാൻ അടുത്ത മാസം വരാനിരിക്കെയാണ് വെളിച്ചിക്കാല സ്വദേശി ലൂക്കോസിനെ മരണം തട്ടിയെടുത്തത്.
18 വർഷമായി കുവൈറ്റിൽ ജോലി നോക്കിയിരുന്ന പ്രവാസിയാണ്. ബുധനാഴ്ച ഉച്ചയോടെ തീപിടിത്ത അപകടത്തെ കുറിച്ച് വീട്ടിൽ അറിഞ്ഞെങ്കിലും ലൂക്കോസിന് അപകടം പറ്റി എന്നത് വ്യക്തമായിരുന്നില്ല. രാത്രിയോടെയാണ് അപകടം തങ്ങളുടെ പ്രിയപ്പെട്ടവനെയും കൊണ്ടുപോയതായി കുടുംബത്തിന് സ്ഥിരീകരണം ലഭിച്ചത്.
ദുരന്തത്തിന്റെ വേദനയിൽ ഷെമീറിന്റെ കുടുംബവും
കൊല്ലം: കുവൈത്തിൽ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടസമുച്ചയത്തിൽ ആളിപ്പടർന്ന തീയുടെ വേദനയിൽ നീറുകയാണ് കൊല്ലവും. ദുരന്തവ്യാപ്തി പുറത്തുവന്നുതുടങ്ങിയതിന് പിന്നാലെ മരിച്ചവരിൽ തിരിച്ചറിയപ്പെട്ട ആദ്യപേരുകാരിൽ ഒരാൾ കൊല്ലംകാരൻ ആണെന്ന ഞെട്ടലാണ് നാടിനെ തേടിയെത്തിയത്.
ശൂരനാട് വടക്ക് ആനയടി വയ്യാങ്കര ജങ്ഷന് സമീപം തുണ്ടുവിളയിൽ (കലതി വിളയിൽ) ഉമ്മറുദ്ദീന്റെ മകൻ ഷെമീറിന് (33) ദുരന്തത്തിൽ ജീവൻ നഷ്ടമായെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ പ്രിയപ്പെട്ടവർക്കൊപ്പം നാടും വേദനയിലായി.
ആലപ്പുഴ അതിർത്തിയോട് ചേർന്ന് വയ്യാങ്കരയിലുള്ള വീട്ടിലേക്ക് ദുരന്തവാർത്തയെത്തിയത് ബുധനാഴ്ച ഉച്ചയോടെയാണ്. പിതാവ് ഉമ്മറുദ്ദീനെ തേടിയെത്തിയ സന്ദേശം ഷെമീറിന്റെ ഭാര്യ സുറുമി ഉൾപ്പെടെയുള്ളവരെ അറിയിക്കാനുള്ള ശക്തി ആർക്കുമില്ലായിരുന്നു.
സുറുമിയോടും മാതാവിനോടും ഷെമീറിന് അപകടം പറ്റി എന്ന് മാത്രമാണ് അറിയിച്ചത്. 15 വർഷം മുമ്പ് ശൂരനാട്ട് എത്തിയ കുടുംബത്തിന്റെ വേരുകൾ ഓയൂർ പയ്യക്കോട്ട് ആണ്. അവിടെനിന്ന് വിവരമറിഞ്ഞ ബന്ധുക്കൾ ഉൾപ്പെടെ ഓടിയെത്തി. നാട്ടുകാരും എത്തിയെങ്കിലും വീട്ടുകാരെ മരണവിവരമറിയിക്കാത്തതിനാൽ വീട്ടിലേക്ക് കയറാൻ പോലും കഴിയാത്ത നിസ്സഹായാവസ്ഥയിലായിരുന്നു എല്ലാവരും.
സ്വകാര്യ കോൺട്രാക്ടറായ ഉമ്മറുദ്ദീനും കുടുംബവും 10 വർഷം മുമ്പാണ് വയ്യാങ്കരയിൽ പുതിയ വീട് വെച്ച് താമസമായത്. ഇവിടെ അധികം പേർക്ക് ഷെമീറിനെ പരിചയം ഇല്ലെങ്കിലും സൗമ്യനായ ചെറുപ്പക്കാരൻ എന്ന വാക്കുകൾ സമീപവാസികൾ ഉൾപ്പെടെ പങ്കുവെക്കുന്നു.
നാട്ടിൽ ഡ്രൈവർ ജോലി ചെയ്തുവരവെയാണ് അഞ്ചുവർഷം മുമ്പ് പുതുജീവിതം കെട്ടിപ്പടുക്കാനുള്ള സ്വപ്നവുമായി ഷെമീർ കുവൈറ്റിലെത്തിയത്. രണ്ടു വർഷം മുമ്പ് പത്തനാപുരം സ്വദേശിനി സുറുമി ജീവിതസഖിയായി. ഓയിൽ ഗ്യാസ് കമ്പനിയിൽ ഡ്രൈവറായ ഷെമീറിന്റെ ആശ്രയത്തിൽ ജീവിതം സുഗമമായി നീങ്ങവെയാണ് കുടുംബത്തെ തേടി ദുരന്തമെത്തിയത്. പ്രവാസംവിട്ട് തിരികെവരാനുള്ള ആഗ്രഹം ഷെമീർ പങ്കുവച്ചിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്.
സമീപവാസിയായ സുഹൃത്തും സഹപ്രവർത്തകനുമായ താമരക്കുളം ഉണ്ടന്റയ്യത്ത് വിള ജലാലുദ്ദീന്റെ മകൻ നെജീമിന് അപകടത്തിൽ ഗുരുതരപരിക്കേറ്റവിവരം അവരുടെ വീട്ടിൽ അറിഞ്ഞതിന് പിന്നാലെയാണ് ഷെമീറിന്റെ മരണവിവരവും എത്തിയത്.
തീപിടിത്തത്തിനിടയിൽ നെജീം പുറത്തേക്ക് ചാടുകയായിരുന്നു എന്ന് അറിയാനായെങ്കിലും എങ്ങനെയാണ് ഷെമീറിന്റെ മരണം സംഭവിച്ചത് ഉൾപ്പെടെ വിവരങ്ങൾ കുടുംബത്തിന് ലഭിച്ചിട്ടില്ല.
സാധാരണ മരണമായിരുന്നെങ്കിൽ മൂന്നു ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാമായിരുന്നു എന്നും ഇതു വലിയ ദുരന്തമായതിനാൽ നടപടികൾ വൈകുമെന്നുമാണ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടപ്പോൾ ബന്ധുക്കൾക്ക് മറുപടി ലഭിച്ചത്.
എട്ടര മാസങ്ങൾക്ക് മുമ്പ് അവധിക്ക് വന്ന് സന്തോഷത്തോടെ മടങ്ങിയ മകൻ എന്നെന്നേക്കുമായി വിടപറഞ്ഞുപോയി എന്ന വിവരം ഉൾക്കൊള്ളാനാകാതെ വിതുമ്പുന്ന ബന്ധുക്കൾക്കൊപ്പം അവസാന യാത്രക്കായി ഷെമീർ സ്വന്തംമണ്ണിൽ തിരികെയെത്തുന്നത് കാത്തിരിക്കുകയാണ് നാടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.